നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിലെറിഞ്ഞത് അമ്മ; യുവതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്; അവിവാഹിതയായ യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയം
- Published by:Rajesh V
- news18-malayalam
Last Updated:
യുവതി ഗർഭിണിയായിരുന്നുവെന്നോ പ്രസവിച്ചതോ കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞതോ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ
കൊച്ചി: പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ നവജാത ശിശുവിനെ ഫ്ളാറ്റിൽ നിന്ന് നടുറോഡിലേക്ക് എറിഞ്ഞ സംഭവത്തിൽ 23കാരിയായ യുവതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്. അവിവാഹിതയായ യുവതി പീഡനത്തിനിരയായെന്ന് സംശയമുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ് ശ്യാംസുന്ദർ പറഞ്ഞു. യുവതി ഗർഭിണിയായിരുന്നുവെന്നോ പ്രസവിച്ചതോ കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞതോ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
പുലർച്ചെ അഞ്ചുമണിയോടെ ടോയ്‌ലറ്റിനുള്ളിലായിരുന്നു യുവതി പ്രസവിച്ചത്. അതിനുശേഷം മൂന്നുമണിക്കൂർ കഴിഞ്ഞാണ് പൊക്കിൾക്കൊടിപോലും മുറിക്കാത്ത കുഞ്ഞിനെ പാഴ്സൽ കവറിലാക്കി താഴേക്ക് വലിച്ചെറിഞ്ഞത്. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ താഴേക്ക് എറിഞ്ഞതാകാമെന്നാണ് സംശയിക്കുന്നതെന്നും കമ്മീഷണർ പറഞ്ഞു. കുഞ്ഞിന്റെ കഴുത്തിൽ തുണിചുറ്റിയ പാടുണ്ട്. അതിനാൽ കൊലപ്പെടുത്തിയശേഷം മൃതദേഹം താഴേക്ക് വലിച്ചെറിഞ്ഞതാണോ എന്നും സംശയമുണ്ട്. പോസ്റ്റുമോർട്ടത്തിലേ ഇക്കാര്യം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.
കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടത് കൊച്ചിൻ ഷിപ്പിയാർഡിലെ കരാർ ഡ്രൈവറായ ജിതിനാണ്. കാറുമായി വരുമ്പോഴായിരുന്നു മൃതദേഹം കാണുന്നത്. ആദ്യം പാവയാണെന്നാണ് കരുതിയത്. എന്നാൽ രക്തവും മറ്റും കണ്ടതോടെ സംശയമായി. കൂടുതൽ പരിശോധിച്ചപ്പോൾ നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന് സമീപവാസികളുടെയും ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികളുടെയും വിവരമറിയിച്ചു. അവരാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂരത പുറത്തായത്.
advertisement
അതിനിടെ യുവതിയെ വൈദ്യസഹായത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. കുഞ്ഞിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ച ആമസോൺ പാഴ്സൽ കവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെക്കുറിച്ച് സൂചന ലഭിച്ചത്. രക്തക്കറമൂലം കവറിലെ വിലാസം വ്യക്തമായിരുന്നില്ലെങ്കിലും ബാർകോഡ് വ്യക്തമായിരുന്നു. ഇതുകേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫ്ളാറ്റിന് മുന്നിലെ ഒഴിഞ്ഞപറമ്പിലേക്ക് വലിച്ചെറിയുന്നതിനിടെ ലക്ഷ്യം തെറ്റി റോഡിൽ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
May 03, 2024 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിലെറിഞ്ഞത് അമ്മ; യുവതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്; അവിവാഹിതയായ യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയം