ലേക്ക് ഷോർ ആശുപത്രിയിലെ വിവാദ അവയവദാനം: ക്രൂരത വെളിവാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; എബിന്റെ ഹൃദയം വികൃതമാക്കപ്പെട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
ശരീരത്തില്‍ നിന്ന് വൃക്കയും കരളും നീക്കം ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു
കൊച്ചി: ലേക്ക് ഷോർ ആശുപത്രിയിലെ അവയവദാന വിവാദത്തിൽ ഉടുമ്പൻചോല സ്വദേശി എബിനോട് ചെയ്ത ക്രൂരത വെളിവാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുപോലും പര്യാപ്തമല്ലാത്ത വിധം ഹൃദയം വികൃതമാക്കപ്പെട്ടു. അപകടശേഷം മൂന്നു ദിവസം ആശുപത്രിയില്‍ കിടന്നിട്ടും എബിന്റെ തലച്ചോറില്‍ അകത്തും പുറത്തുമായി 120 മില്ലിഗ്രാം രക്തം കെട്ടിക്കിടന്നു. ആന്തരിക രക്തസ്രാവം ഒഴിവാക്കാന്‍ ശ്രമമുണ്ടാവാത്തത് ദുരൂഹമാണ്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് അവയവങ്ങൾ നീക്കം ചെയ്തതെന്നും അവയവമാറ്റ രേഖകള്‍ പോസ്റ്റ്‌മോര്‍ട്ടം സമയത്ത് പൊലീസ് ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിലുണ്ട്.. ഫോറന്‍സിക സര്‍ജന്റെ മൊഴിയടുക്കാതെ കേസ് അവസാനിപ്പിയ്ക്കാനും ശ്രമം നടന്നു.ശരീരത്തില്‍ നിന്ന് വൃക്കയും കരളും നീക്കം ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, എബിന് കൃത്യമായ ചികിത്സ നൽകിയെന്നും നിയമങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും ആശുപത്രി അധികൃതർ അവകാശപ്പെട്ടിരുന്നു. രോഗി ആശുപത്രിയിലെത്തുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കൃഷ്ണമണികൾ വികസിച്ച നിലയിലായിരുന്നു. മസ്തിഷ്കത്തിലെ ക്ഷതം ഗുരുതരമായിരുന്നു. ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനുള്ള എല്ലാം സാധ്യതയും അടഞ്ഞതോടെയാണ് അവയവദാനത്തിന് ശുപാർശ ചെയ്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
2009 നവംബർ 29നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ എത്തിക്കുന്നത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക് ഷോർ ആശുപത്രിയിലേയ്ക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു.
advertisement
എന്നാൽ സംഭവത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദൃഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. പിന്നാലെ എതിർ കക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു. ലേക് ഷോർ ആശുപത്രിയ്ക്കും എട്ട് ഡോക്ടർമാർക്കുമെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി കേസെടുത്തിട്ടുണ്ട്. എന്നാൽ ചികിത്സയിലോ അവയവദാനത്തിലോ പിഴവില്ലെന്നാണ് ആശുപത്രിയുടെ വാദം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 19, 2023 10:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലേക്ക് ഷോർ ആശുപത്രിയിലെ വിവാദ അവയവദാനം: ക്രൂരത വെളിവാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; എബിന്റെ ഹൃദയം വികൃതമാക്കപ്പെട്ടു