കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ 'മഴയറിവ്': എറണാകുളം ജില്ലയിൽ മഴമാപിനി സ്ഥാപിക്കൽ തുടങ്ങി
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
പ്രാഥമിക ഘട്ടത്തിൽ രാമമംഗലത്തിന് പുറമെ കുമ്പളങ്ങി, കുട്ടമ്പുഴ, അയ്യമ്പുഴ, രായമംഗലം, ഇലഞ്ഞി, കല്ലൂർക്കാട്, ചെങ്ങമനാട്, ഞാറക്കൽ, മലയാറ്റൂർ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലാണ് മഴമാപിനികൾ സ്ഥാപിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി പ്രാദേശിക സമൂഹത്തെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്നതാണ് 'മഴയറിവ്' മഴമാപിനി സ്ഥാപിക്കൽ. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എസ് രഞ്ജിനി ഉദ്ഘാടനം നിർവഹിച്ചു. രാമമംഗലം പഞ്ചായത്തിൽ സിഡിഎസിൻ്റെ ഏകോപനത്തിൽ അഡ്വക്കേറ്റ് ജേക്കബ് കെ എബ്രഹാമിൻ്റെ വസതിയിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ മഴമാപിനി യൂണിറ്റ്, ജില്ലാ കോർഡിനേറ്റർ, മഴമാപിനി സ്ഥാപിക്കുന്ന ജെൻഡർ റിസോഴ്സ് പേഴ്സൺ ലാലി ഗോപാലന് കൈമാറി. കാലാവസ്ഥയെ സൂക്ഷ്മമായി പഠിക്കാനും, മാറ്റങ്ങളുമായി പൊരുത്തപ്പെട്ട് മുന്നോട്ടുപോകാനും ശേഷിയുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജനകീയ പങ്കാളിത്തത്തോടെ മഴമാപിനികൾ സ്ഥാപിച്ച് മഴയുടെ അളവ് രേഖപ്പെടുത്തുന്നതിലൂടെ പ്രാദേശികമായുണ്ടാകുന്ന മഴയുടെ ഏറ്റക്കുറച്ചിലുകൾ പഠിക്കാനും, തദ്ദേശ സ്ഥാപന തലത്തിൽ അതനുസരിച്ചുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും സാധിക്കും.
സിഡിഎസ് ചെയർപേഴ്സൺ ഷീബ യോഹന്നാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിതകേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ എ എ സുരേഷ് വിഷയാവതരണം നടത്തി. സിഡിഎസ് വൈസ് ചെയർപേഴ്സൺ ചിന്നു മത്തായി, ലാലി ഗോപാലൻ എന്നിവർ സംസാരിച്ചു. ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം, കുസാറ്റ്, ഹ്യൂം സെൻ്റർ വയനാട്, സയൻസ് സെൻ്റർ തുരുത്തിക്കര, സുസ്ഥിര ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് എറണാകുളം ജില്ലയിൽ മഴയറിവ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ രാമമംഗലത്തിന് പുറമെ കുമ്പളങ്ങി, കുട്ടമ്പുഴ, അയ്യമ്പുഴ, രായമംഗലം, ഇലഞ്ഞി, കല്ലൂർക്കാട്, ചെങ്ങമനാട്, ഞാറക്കൽ, മലയാറ്റൂർ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലാണ് മഴമാപിനികൾ സ്ഥാപിക്കുന്നത്. റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ, ഗ്രന്ഥശാല പ്രവർത്തകർ എന്നിവരും പ്രവർത്തനങ്ങളിൽ പങ്കാളികളാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 28, 2025 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ 'മഴയറിവ്': എറണാകുളം ജില്ലയിൽ മഴമാപിനി സ്ഥാപിക്കൽ തുടങ്ങി


