ആദിശങ്കരൻ ആദ്യാക്ഷരം കുറിച്ച പുണ്യഭൂമി; നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രം
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
എല്ലാ ദിവസവും വിദ്യാരംഭം നടത്തുവാന്‍ സാധിക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രം.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്തായാണ് ആവണംകോട് സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതും സ്വയംഭൂ ക്ഷേത്രങ്ങളിൽ അത്യധികം പ്രാധാന്യമർഹിക്കുന്നതും ജഗദ്‌ഗുരു ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ചതുമായ ക്ഷേത്രമാണ് നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രം. ആദി ശങ്കരാചാര്യ സ്വാമികള്‍ ആദ്യാക്ഷരം കുറിച്ചത് ഇവിടെ വെച്ചാണെന്നാണ് ഐതിഹ്യം. കലോപാസകരുടെ കേന്ദ്രമാണ് ഈ സരസ്വതീ ക്ഷേത്രം. സരസ്വതി സാന്നിദ്ധ്യമുള്ള ഈ ക്ഷേത്രത്തിൽ ഭഗവതിയെ ഉപാസിച്ചാൽ കലാസാഹിത്യത്തിലും, തൊഴിലിലും, വിദ്യാഭ്യാസ മേഖലയിലും ഉയർച്ച ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ വിദ്യാർത്ഥികളും കലാസാഹിത്യ മേഖലകളിലെ പ്രമുഖരും ഈ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ ഈ സരസ്വതീ ക്ഷേത്രത്തിൽ ദേവിയുടെ തിരുമുമ്പിൽ എത്തിയാൽ വിദ്യാഭ്യാസ ഉന്നതിയും, പഠന താത്‌പര്യവും, വാക്‌ചാതുരിയും, സ്വരശുദ്ധിയും സിദ്ധിക്കുമെന്നതിൽ സംശയമില്ല.
ആയുർവേദ വിധിപ്രകാരം തയ്യാറാക്കി ജപിച്ച നെയ്യ് ഇവിടുത്തെ മുഖ്യ പ്രസാദമാണ്. ഇത് സേവിക്കുന്നതിലൂടെ ബുദ്ധിശക്തിയും ഓർമ്മശക്തിയും ഉത്തേജിപ്പിക്കപ്പെടുന്നു. ഹരിശ്രീ കുറിക്കുവാൻ ആയിരക്കണക്കിന് കുരുന്നുകളാണ് ഇവിടെ എത്തിച്ചേരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുപോലും ധാരാളംപേർ ഇവിടെ എത്തിച്ചേരാറുണ്ട്. എല്ലാ ദിവസവും വിദ്യാരംഭം നടത്തുവാന്‍ സാധിക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രം. ക്ഷേത്രത്തിലെ വല്യമ്പലത്തിലാണ് വിദ്യാരംഭം നടത്തുന്നത്. എന്നും എഴുത്തിനിരുത്താന്‍ സാധിക്കും എന്നതുകൊണ്ട് നിരവധിപ്പേരാണ് ഇവിടെയെത്തി കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നത്. ഇവിടുത്തെ പ്രധാന ആഘോഷം നവരാത്രി ഉത്സവമാണ്. നവരാത്രികാലത്ത് ക്ഷേത്രത്തില്‍ നടക്കുന്ന സംഗീതോത്സവത്തിലും സംഗീതാരാധനയിലും ഒട്ടേറെ പേര്‍ പങ്കെടുക്കാൻ എത്താറുണ്ട്.
advertisement
ഉന്നതവിജയവും കുടുംബ ഐശ്വര്യവും ലഭിക്കുന്നതിന് വിശേഷാല്‍ നവരാത്രി പൂജകളും വഴിപാടുകളും അന്നദാനവും നടത്താം. സരസ്വതീദേവിയുടെ നടയില്‍ ‘നാവ് - മണി - നാരായം’ സമര്‍പ്പിച്ചാല്‍ കുട്ടികള്‍ സ്ഫുടമായി സംസാരിക്കുകയും നന്നായി പഠിക്കുകയും നല്ല കൈയക്ഷരം ലഭിക്കുകയും ചെയ്യുമെന്നാണ് ഇവിടെ വരുന്നവരുടെ വിശ്വാസം. ഇവിടെ പൂജിച്ചു തരുന്ന ജപിച്ച നെയ്യ് കഴിച്ചാല്‍ കുട്ടികള്‍ക്കു പഠനത്തില്‍ കൂടുതല്‍ താല്‍പര്യം ഉണ്ടാവുമെന്ന് പറയുന്നു. മീനമാസത്തിലാണ് പൂരം നടക്കുന്നത്. ഉത്രം നാളില്‍ ആറാട്ടുവരുന്ന രീതിയില്‍ പത്തു ദിവസം മുമ്പ് കൊടിയേറും. വിദ്യാവാഗീശ്വരീ പൂജയും സാരസ്വതമന്ത്രാര്‍ച്ചനയും ദ്വാദശാക്ഷരി പുഷ്പാഞ്ജലിയുമാണ് പ്രധാന വഴിപാടുകള്‍. ഇഷ്ടനിവേദ്യം ശര്‍ക്കരപ്പായസമാണ്. മലര്‍പറ പ്രധാനമാണ്. താമരപൂവ്/മാല എന്നിവ സമര്‍പ്പിക്കാം. ജന്മനക്ഷത്രപൂജ, നിത്യപൂജ ഇവ കൂടാതെ വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികയോടനുബന്ധിച്ചുള്ള ഉദയാസ്തമനപൂജ വളരെ വിശേഷമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 17, 2025 1:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ആദിശങ്കരൻ ആദ്യാക്ഷരം കുറിച്ച പുണ്യഭൂമി; നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രം










