70 കോടിയിലേറെ നവീകരണ പദ്ധതികൾ: മഹാരാജാസ് കോളേജ് ആധുനിക, അന്താരാഷ്ട്ര നിലവാരത്തിലേക്ക്
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
കഴിഞ്ഞ ഒമ്പത് വർഷം എറണാകുളം മഹാരാജാസ് കോളേജിൽ അക്കാദമിക്, കായിക, ഹോസ്റ്റൽ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ചരിത്രപരമായ നവീകരണം 70 കോടി രൂപയുടെ ചെലവിൽ നടപ്പാക്കിയിട്ടുണ്ട്.
കേരളത്തിൻ്റെ സാംസ്കാരികവും അക്കാദമികവുമായ പാരമ്പര്യം പേറുന്ന എറണാകുളം മഹാരാജാസ് കോളേജ് കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കിടെ (2016-2025) സർക്കാർ സഹായത്തോടെ കൈവരിച്ചത് സമാനതകളില്ലാത്ത വികസനക്കുതിപ്പാണ്. പഴമയുടെ പ്രൗഢിക്കൊപ്പം ആധുനിക സൗകര്യങ്ങളുടെ തിളക്കം ചാർത്തി 70 കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് പൂർത്തിയാക്കിയത്. പുതിയ അക്കാദമിക് ബ്ലോക്കുകൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്ക്, ആധുനിക ലൈബ്രറി കോംപ്ലക്സ്, ഹോസ്റ്റൽ സൗകര്യങ്ങൾ തുടങ്ങിയ വികസന നേട്ടങ്ങൾ മഹാരാജാസിനെ അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി ഉയർത്തുകയാണ്.
കോളേജിൻ്റെ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രമായ നവീകരണം ലക്ഷ്യമിട്ട് കിഫ്ബി (KIIFB), റൂസ (RUSA), പ്ലാൻ ഫണ്ട്, സി.എസ്.എം.എൽ. (CSML) തുടങ്ങിയ വിവിധ ഫണ്ടുകൾ സംയോജിപ്പിച്ചാണ് ഈ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കിയത്. അക്കാദമിക-കായിക-താമസ സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിലും ഈ പുരോഗതി പ്രകടമാണ്. കഴിഞ്ഞ ഒമ്പത് വർഷം മഹാരാജാസ് കോളേജിൽ നടപ്പാക്കിയത് ചരിത്രപരമായ വികസന പ്രവർത്തനങ്ങളാണെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജി എൻ പ്രകാശ് പറഞ്ഞു. സംസ്ഥാന സർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിനായി 70 കോടിയിലേറെ രൂപയാണ് ഈ കാലയളവിൽ ചെലവഴിച്ചത്. വിദ്യാഭ്യാസ-കായിക മേഖലകളിലെ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്ന വൻകിട പദ്ധതികളാണ് യാഥാർത്ഥ്യമായത്. ഇവയെല്ലാം മഹാരാജാസിനെ മുൻനിര കലാലയമായി നിലനിർത്താൻ സഹായിക്കുന്ന, അക്കാദമിക സമൂഹത്തിന് പുതിയ ഊർജ്ജം നൽകുന്ന വികസന നേട്ടങ്ങളാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.
advertisement
2016 മുതൽ 2025 വരെയുള്ള ഒമ്പത് വർഷം മഹാരാജാസ് കോളേജിന് ഇത്രമാത്രം പരിഗണന ലഭിച്ച ഒരു കാലഘട്ടം മുൻപുണ്ടായിട്ടില്ലെന്ന് ഗവേണിംഗ് ബോഡി അംഗം ഡോ. എം.എസ്. മുരളി പറഞ്ഞു. ഇവ കൂടാതെ, ചെറുതും വലുതുമായ നിർമ്മാണ-നവീകരണ പ്രവർത്തനങ്ങൾ ഈ കാലയളവിൽ സർക്കാർ കോളേജിൽ പൂർത്തീകരിച്ചിട്ടുണ്ട്. ലാബുകളുടെ നവീകരണം, ക്ലാസ് റൂമുകളുടെ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തൽ, പരിസ്ഥിതി സൗഹൃദപരമായ മാറ്റങ്ങൾ എന്നിവയെല്ലാം ഈ 'മഹാ' വികസനത്തിന് അടിവരയിടുന്നു. കോളേജിൻ്റെ നവീകരണ യുഗപ്പിറവി, വരും തലമുറയ്ക്കും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു പ്രകാശഗോപുരമായി കൂടുതൽ ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് കോളേജ് അധികൃതരും വിദ്യാർത്ഥികളും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 18, 2025 5:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
70 കോടിയിലേറെ നവീകരണ പദ്ധതികൾ: മഹാരാജാസ് കോളേജ് ആധുനിക, അന്താരാഷ്ട്ര നിലവാരത്തിലേക്ക്