കോഴിക്കോട് രണ്ടരവയസുകാരന്‍റെ മുഖത്ത് തെരുവുനായ കടിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
കുട്ടിയെ തെരുവുനായ കടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു
കോഴിക്കോട്: പെരുവണ്ണാമൂഴിയില്‍ വീണ്ടും തെരുവുനായ ആക്രമണം. രക്ഷിതാക്കൾക്കൊപ്പമെത്തിയ രണ്ടര വയസുള്ള കുട്ടിയുടെ മുഖത്ത് തെരുവുനായ കടിച്ചു. പെരുവണ്ണാമൂഴി ശാലോം ക്ലിനിക്കിന് സമീപത്ത് വെച്ചാണ് മുതുകാട് സ്വദേശിയായ രണ്ടരവയസുകാരന്‍ എയ്ഡന് കടിയേറ്റത്.
കുട്ടിയെ തെരുവുനായ കടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ശാലോം ക്ലിനിക്കില്‍ രക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടി നായയെ കണ്ട് കൗതകത്തോടെ ക്ലിനിക്കിൽ നിന്ന് പുറത്തേക്ക് ഓടി. ഈ സമയത്താണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുഖത്താണ് നായ കടിച്ചത്. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്നവർ ഓടിയെത്തി നായയിൽനിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ വാഹനം വരുത്തി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
advertisement
കഴിഞ്ഞ കുറച്ച് ദിവസമായി പെരുവണ്ണാമുഴി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.
കഴിഞ്ഞ ദിവസം തെരുവുനായ ശല്യത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ കൂത്താളിയിൽ സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. പഞ്ചായത്തിലെ ഏഴ് സ്കൂളുകൾക്കും പതിനേഴ് അംഗനവാടികൾക്കുമാണ് അവധി. അക്രമണകാരികളായ നായകളെ പിടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചു.
കൂത്താളിയിൽ തെരുവുനായ ശല്യത്തെ തുടർന്ന് കുട്ടികൾക്കടക്കം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം നാല് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരുക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
July 12, 2023 6:39 PM IST