പഠനത്തിന് പ്രായമില്ല; അക്ഷരവെളിച്ചത്തിലേക്ക് 1445 പഠിതാക്കൾ, 'മികവുത്സവം' പരീക്ഷാ വിശേഷങ്ങൾ
Last Updated:
ജില്ലയിലെ മുതിർന്ന പഠിതാവും മുൻ പഞ്ചായത്ത് അംഗവുമായ 80-കാരൻ ചൂലൻ കുട്ടിയെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അനുമോദിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന 'ഉല്ലാസ്' ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ഭാഗമായ 'മികവുത്സവം' സാക്ഷരതാ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം തിരുവമ്പാടി ചെപ്പിലംകോട് ഉന്നതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ നിർവഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ആർ അജിത അധ്യക്ഷയായി.
സാക്ഷരതാമിഷൻ ജില്ലാ കോഓഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു. സംസ്ഥാന സാക്ഷരതാമിഷൻ പ്രതിനിധി രാജലക്ഷ്മി, മുൻ ജില്ലാ കോഓഡിനേറ്റർ ബാബു ജോസഫ്, ജില്ലാ ഓഫീസ് പ്രതിനിധി പി ഷെമിത കുമാരി, പ്രേരക് കെ സജന, റിസോഴ്സ് പേഴ്സൺ സോന എന്നിവർ സംസാരിച്ചു. ജില്ലയിലെ മുതിർന്ന പഠിതാവും മുൻ പഞ്ചായത്ത് അംഗവുമായ 80-കാരൻ ചൂലൻ കുട്ടിയെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അനുമോദിച്ചു.
ജില്ലയിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1445 പഠിതാക്കളാണ് മികവുത്സവം പരീക്ഷയിൽ പങ്കാളികളായത്. ഇതിൽ 1084 സ്ത്രീകളും 361 പുരുഷന്മാരുമാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 348 പേരും പട്ടികവർഗ വിഭാഗത്തിലെ 209 പേരും 79 ഭിന്നശേഷിക്കാരും പരീക്ഷ എഴുതി. വായന, എഴുത്ത്, ഗണിതം എന്നിവയിൽ പ്രാഥമിക അറിവ് നൽകി തുടർപഠനത്തിന് സജ്ജരാക്കുകയാണ് പരീക്ഷയിലൂടെ ലക്ഷ്യമിടുന്നത്.
advertisement
തിരുവമ്പാടി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത 210 പേരിൽ 165 പേർ മികവുത്സവത്തിൽ പങ്കെടുത്തു. മുക്കം നഗരസഭയിലെ മികവുത്സവം ഇരട്ടക്കുളങ്ങര അങ്കണവാടിയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ 71 പഠിതാക്കളാണ് പരീക്ഷ എഴുതിയത്.
മികവുത്സവത്തിൻ്റെ മൂല്യനിർണയം പൂർത്തിയാക്കി വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് ഒരു മാസത്തിനകം ലഭ്യമാക്കും. വിജയിക്കുന്നവർക്ക് നാലാംതരം തുല്യതാ ക്ലാസുകളിൽ ചേർന്ന് പഠിക്കാൻ അവസരം ലഭിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 28, 2026 5:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പഠനത്തിന് പ്രായമില്ല; അക്ഷരവെളിച്ചത്തിലേക്ക് 1445 പഠിതാക്കൾ, 'മികവുത്സവം' പരീക്ഷാ വിശേഷങ്ങൾ








