വിദ്യാർത്ഥികൾക്ക് വിശപ്പില്ലാതെ പഠിക്കാം: കൊയിലാണ്ടിയിൽ ‘ഗുഡ്മോണിങ്’ പദ്ധതിക്ക് തുടർചുവട്
Last Updated:
പ്രഭാത ഭക്ഷണം ഒഴിവാക്കി പല വിദ്യാർഥികളും സ്കൂളുകളിലെത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കുട്ടികളിലെ പോഷകാഹാര സംരക്ഷണത്തിനായാണ് പദ്ധതി ഈ വർഷവും തുടരുന്നത്.
കൊയിലാണ്ടി നഗരസഭയിലെ സ്കൂൾ വിദ്യാർഥികൾ ഇനി വിശന്ന് ക്ലാസിലിരിക്കേണ്ടി വരില്ല. കൊഴുക്കട്ട, റാഗി പായസം, രണ്ടാഴ്ചയിലൊരിക്കൽ എണ്ണക്കടികൾ… വൈവിധ്യമാർന്ന വിഭവങ്ങളാണ് അവർക്കായി വിദ്യാലയങ്ങളിൽ ഓരോ ദിവസവും ഒരുക്കുന്നത്. 'ദിശ' സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് 'ഗുഡ്മോണിങ്' എന്ന പദ്ധതിയിലൂടെ തുടർച്ചയായ മൂന്നാം വർഷവും നഗരസഭ ഇടവേള ഭക്ഷണം നൽകുന്നത്. 22 സ്കൂളുകളിലെ 5000ത്തിലധികം വിദ്യാർത്ഥികൾ ഇപ്പോൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
14 കുടുംബശ്രീ സംരംഭകർക്കാണ് ഭക്ഷണത്തിൻ്റെ ചുമതല. 20 ലക്ഷം രൂപയാണ് ഇതിനായി നഗരസഭ ചെലവിടുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കും അവർക്ക് ഉത്സാഹത്തോടെ പഠനത്തിലേർപ്പെടുന്നതിനും നല്ല പ്രഭാത ഭക്ഷണം ആവശ്യമാണെന്ന തിരിച്ചറിവിൽനിന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്. പ്രഭാത ഭക്ഷണം ഒഴിവാക്കി പല വിദ്യാർഥികളും സ്കൂളുകളിലെത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കുട്ടികളിലെ പോഷകാഹാര സംരക്ഷണത്തിനായാണ് പദ്ധതി ഈ വർഷവും തുടരുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പറഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനം കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സിൽ നഗരസഭ ചെയർപേഴ്സൺ നിർവ്വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. ഇംപ്ലിമെൻ്റിങ് ഓഫീസർ കെ ലൈജു പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, വാർഡ് കൗൺസിലർ എ ലളിത, സി ഭവിത, പ്രധാനാധ്യാപിക ഷജിത, പി.ടി.എ. പ്രസിഡൻ്റ് എ സജീവ്കുമാർ എന്നിവർ സംസാരിച്ചു. നഗരസഭയിലെ മുഴുവൻ സ്കൂളുകളിലും വാർഡ് കൗൺസിലർമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
July 07, 2025 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വിദ്യാർത്ഥികൾക്ക് വിശപ്പില്ലാതെ പഠിക്കാം: കൊയിലാണ്ടിയിൽ ‘ഗുഡ്മോണിങ്’ പദ്ധതിക്ക് തുടർചുവട്