തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവുമി ഇനി സഹകരിക്കരുതെന്ന് കെ പി സി സി രാഷ്ട്രീയ കാര്യ സമിതി. സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാതെ അനൈക്യം ചർച്ചയാക്കാൻ അവസരമൊരുക്കുകയാണ് ജോസ് കെ മാണി പക്ഷം ചെയ്തത്. ഇത് ക്ഷമിക്കാൻ കഴിയാത്ത രാഷ്ട്രീയ വഞ്ചനയാണ്. അതുകൊണ്ട് മൃദുസമീപനം ഇനി ഉപേക്ഷിക്കാം.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അവരുമായി ബാന്ധവം വേണ്ട. കാര്യത്തിൽ ഉടൻ തീരുമാനം വേണമെന്ന പൊതുവികാരമാണ് യോഗത്തിൽ ഉയർന്നത്. മൂന്നാം തീയതി ചേരുന്ന യു ഡി എഫ് യോഗത്തിൽ ഉചിതമായ തീരുമാനമെടുത്ത് പ്രഖ്യാപിക്കണം. ബെന്നി ബഹനാൻ , കെസി ജോസഫ് , കെ മുരളീധരൻ എന്നിവരാണ് വിമർശനം ഉന്നയിച്ചത്.
ദേശീയതലത്തിൽ കോൺഗ്രസിൽ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് പി ജെ കുര്യനും ശശി തരൂരും ഉൾപ്പടെ ഒപ്പിട്ട കത്തും ചർച്ചയായി. സീനിയർ നേതാക്കളുടെ നടപടി ശരിയായില്ല.
പ്രതിസന്ധിഘട്ടത്തിൽ പാർട്ടിക്ക് ക്ഷീണമായി. സോണിയ ഗാന്ധിയെ വേദനിപ്പിക്കാനേ കത്ത് ഉപകരിച്ചുള്ളു. ഇത് ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു വിമർശനം. സോണിയ ഗാന്ധിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് യോഗം പ്രമേയം പാസാക്കി.
തൃശൂരും കോഴിക്കോട്ടും സ്ഥിരം ഡിസിസി പ്രസിഡണ്ടിനെ തീരുമാനിക്കാത്തതിൽ നേതാക്കൾ അഭിപ്രായഭിന്നത അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിട്ടും തീരുമാനം വൈകുന്നത് തിരിച്ചടി ഉണ്ടാകും. തൃശൂരിൽ ഒരേ സമയം രണ്ട് പേർക്ക് ചുമതല നൽകിയതു കൊണ്ട് പാർട്ടിക്ക് പ്രയോജനവുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കാൻ ജില്ലാതലത്തിൽ സബ്കമ്മിറ്റികളെ നിശ്ചയിക്കും.
അവിശ്വാസ പ്രമേയത്തിലൂടെ സർക്കാരിന്റ വീഴ്ചകൾ പൊതുസമൂഹത്തിൽ വീണ്ടും ചർച്ചയാക്കാൻ കഴിഞ്ഞു. സെക്രട്ടേറിയറ്റിലെ ഫയൽ കത്തിയ സംഭവത്തിലെ ദുരൂഹത തുറന്നുകാട്ടും. സർക്കാരിനെതിരായ സമരം ശക്തമാക്കാനും രാഷ്ട്രീയ കാര്യസമിതി തീരുമാനിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.