കാട്ടാക്കടയിൽ മർദനമേറ്റ രേഷ്മയ്ക്ക് കൺസെഷൻ പാസ് കെഎസ്ആർടിസി ഉദ്യോഗസ്ഥർ വീട്ടിലെത്തി കൈമാറി
- Published by:Anuraj GR
- news18-malayalam
Last Updated:
സെപ്തംബർ 20ന് കൺസഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെഎസ്ആർടിസി ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും മർദിച്ചത്
തിരുവനന്തപുരം: കൺസഷൻ പാസിന് അപേക്ഷിക്കാനെത്തിയപ്പോഴുണ്ടായ വിവാദങ്ങൾക്കൊടുവിൽ രേഷ്മയ്ക്ക് വീട്ടിലെത്തി പാസ് നൽകി. ഞായറാഴ്ച വൈകിട്ടോടെ കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ വീട്ടിലെത്തിയാണ് പാസ് കൈമാറിയത്. സെപ്തംബർ 20ന് കൺസഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെഎസ്ആർടിസി ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും മർദിച്ചത്. അന്ന് പാസ് പുതുക്കാനുള്ള പണം അടച്ച് അപേക്ഷ നൽകിയിരുന്നു.
പ്രേമനെയും രേഷ്മയെയും ജീവനക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതോടെ ജീവനക്കാർക്കെതിരെ കെഎസ്ആർടിസി നടപടിയെടുക്കുകയും ചെയ്തു. ഇതിന് തുടർച്ചയായാണ് കെഎസ്ആർടിസി അധികൃതർ തെറ്റുതിരുത്തൽ നടപടിയുമായി രംഗത്തെത്തിയത്. വീട്ടിലെത്തി കൺസഷൻ പാസ് കൈമാറുകയായിരുന്നു.
അതിനിടെ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കുകയാണ്. പരാതിക്കാരനായ പ്രേമനൻ സ്ഥിരം പ്രശ്നക്കാരനാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികൾ ആരോപിക്കുന്നു. പ്രശ്നമുണ്ടാക്കാൻ ആളെയും കൂട്ടിയാണ് പ്രേമനൻ എത്തിയത്. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയതെന്നും പ്രതികളുടെ ജാമ്യ ഹർജിയിൽ ആരോപിക്കുന്നു.
advertisement
പ്രചരിക്കുന്ന ദൃശ്യങ്ങളും ശബ്ദവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും ഇതിന് പ്രതികളുടെ അറസ്റ്റ് അനിവാര്യമാണെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. നിലവിൽ പ്രതികളായ അഞ്ച് കെഎസ്ആർടിസി ജീവനക്കാരും സസ്പെൻഷനിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2022 11:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാട്ടാക്കടയിൽ മർദനമേറ്റ രേഷ്മയ്ക്ക് കൺസെഷൻ പാസ് കെഎസ്ആർടിസി ഉദ്യോഗസ്ഥർ വീട്ടിലെത്തി കൈമാറി