• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC പണിമുടക്ക് മാറ്റി

KSRTC പണിമുടക്ക് മാറ്റി

ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പണിമുടക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്

കെഎസ്ആർടിസി

കെഎസ്ആർടിസി

  • News18
  • Last Updated :
  • Share this:
    കൊച്ചി: കെഎസ്ആർടിസിയിലെ സംയുക്ത ട്രേഡ് യൂണിയൻ ബുധനാഴ്ച അർധരാത്രി മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് തീരുമാനം. ജീവനക്കാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതായി മന്ത്രിയും ജീവനക്കാരുടെ നേതാക്കളും അറിയിച്ചു. കെഎസ്ആർടിസി പണിമുടക്ക് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. കോടതി ഉത്തരവ് ലംഘിച്ച് സമരവുമായി മുന്നോട്ടുപോകാനായിരുന്നു സംഘടനകളുടെ ആദ്യ തീരുമാനം. പക്ഷേ, മന്ത്രിയുമായുള്ള ചർച്ചയിൽ സംഘടനകൾ നിലപാട് മാറ്റുകയായിരുന്നു.

    നാടകീയമായ ഒട്ടേറെ സംഭവങ്ങൾക്കൊടുവിലാണ് പണിമുടക്ക് പിൻവലിയ്ക്കാനുള്ള തൊഴിലാളി സംഘടനകളുടെ തീരുമാനം വന്നത്. സമരം മൂലം സാധാരണ ജനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഗണിച്ച് കെഎസ്ആർടിസിയിലെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ബസിൽ യാത്ര ചെയ്യുന്നവർക്കും അവകാശങ്ങളുണ്ടെന്ന് കോടതി സമരക്കാരെ ഓർമ്മിപ്പിച്ചു. സമരക്കാർക്ക് പറയാനുള്ളത് കേൾക്കാൻ മാനേജ്‌മെന്റ് തയാറാകണമെന്നും കോടതി നിർദേശിച്ചു. ഒന്നാം തിയതി സമരത്തിന് നോട്ടീസ് ലഭിച്ചിട്ട് 14 ദിവസം കെഎസ്ആർടിസി എംഡി എന്ത് ചെയ്തുവെന്ന് കോടതി ചോദിച്ചു.

    പണിമുടക്കു തടഞ്ഞ ഹൈക്കോടതി വിധി അംഗീകരിക്കില്ലെന്നായിരുന്നു തൊഴിലാളി സംഘടനകളുടെ ആദ്യ പ്രതികരണം. തൊഴിലാളികൾക്ക് സമരം ചെയ്യാൻ അവകാശമുണ്ടെന്നു മന്ത്രി എ കെ ശശീന്ദ്രനും അഭിപ്രായപ്പെട്ടു. എന്നാൽ, വൈകാതെ മന്ത്രി നേരിട്ട് തൊഴിലാളി സംഘടനകളെ ചർച്ചയ്ക്കുവിളിച്ചു. ഒരു മണിക്കൂർ നീണ്ട ചർച്ചയിലാണ് പ്രശ്ന പരിഹാരമായത്.

    First published: