'ലീഗ് കോട്ടയിൽ നിന്നെത്തിയതാണ് 'ഉശിര്' കൂടും; 'മക്ക'യിൽ ഈന്തപ്പഴം വില്‍ക്കുന്നവർക്ക് പിടികിട്ടില്ല'; ഒളിയമ്പുമായി കെ ടി ജലീൽ
- Published by:Rajesh V
- news18-malayalam
Last Updated:
ലീഗ് കോട്ടയായ മലപ്പുറത്ത് നിന്നാണല്ലോ തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അൽപം 'ഉശിര്' കൂടും. അത് പക്ഷെ, 'മക്കയിൽ' ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ലെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു
കോഴിക്കോട്: സ്വകാര്യ സർവകലാശാല ബിൽ ചർച്ചയിൽ സമയക്രമം പാലിക്കാത്തതിൽ നിയമസഭ സ്പീക്കർ ശാസിച്ച സംഭവത്തിൽ ഒളിയമ്പുമായി ഇടത് എംഎൽഎ കെ ടി ജലീൽ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ സമയം അൽപം നീണ്ടു പോയെന്നും അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂവെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
ലീഗ് കോട്ടയായ മലപ്പുറത്ത് നിന്നാണല്ലോ തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അൽപം 'ഉശിര്' കൂടും. അത് പക്ഷെ, 'മക്കയിൽ' ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ലെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. അതേസമയം, എഫ്.ബി പോസ്റ്റിൽ സ്പീക്കറുടെ പേര് പരാമർശിച്ചിട്ടില്ല.
ഇടത് സ്വതന്ത്രനായി 2006ൽ മുസ്ലീംലീഗ് കോട്ടയായ കുറ്റിപ്പുറത്ത് നിന്നും പികെ കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ച് അട്ടിമറി ജയം നേടിയ ജലീൽ മണ്ഡല പുനർനിർണയത്തിനു ശേഷം 2011, 2016, 2021 വർഷങ്ങളിൽ തവനൂരിൽ നിന്നുമാണ് നിയമസഭയിലെത്തിയത്. ഷംസീർസിപിഎം കോട്ടയായ തലശ്ശേരിയിൽ നിന്നാണ് 2016ലും 2021ലും വിജയിച്ചത്.
advertisement
കെടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സ്വകാര്യ സർവകലാശാലാ ബില്ലിന്‍റെ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയിൽ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ സമയം അൽപം നീണ്ടു പോയി. അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അൽപം "ഉശിര്'' കൂടും. അത് പക്ഷെ, "മക്കയിൽ" ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല.
advertisement
Also Read - 'കെ ടി ജലീലിന് പ്രത്യേക പ്രിവിലേജൊന്നുമില്ല; കാണിച്ചത് ധിക്കാരം'; നിയമസഭയിൽ ക്ഷുഭിതനായി സ്പീക്കർ എ എൻ ഷംസീർ
തിങ്കളാഴ്ച സ്വകാര്യ സർവകലാശാല ബിൽ പരിഗണിക്കുന്നതിനിടെ ആവശ്യപ്പെട്ടിട്ടും പ്രസംഗം അവസാനിപ്പിക്കാത്തതിനാലാണ് കെ ടി ജലീലിനോട് സ്പീക്കർ എ എൻ ഷംസീർ ക്ഷുഭിതനായത്. പ്രസംഗം പത്ത് മിനിറ്റ് പിന്നിട്ടതോടെ അവസാനിപ്പിക്കാൻ പല തവണ സ്പീക്കർ ആവശ്യപ്പെട്ടു. 17 മിനിറ്റായിട്ടും പ്രസംഗം തുടർന്നതോടെ, സ്പീക്കർ മുന്നറിയിപ്പ് നൽകി. ബില്ലിൽ വിയോജനക്കുറിപ്പ് നൽകിയ പ്രതിപക്ഷത്തെ മൂന്ന് അംഗങ്ങളും പ്രസംഗം പത്ത് മിനിറ്റിൽ അവസാനിപ്പിച്ച് സഹകരിച്ചതായി ചെയർ ചൂണ്ടിക്കാട്ടി.
advertisement
പ്രസംഗം നിർത്താതെ വന്നതോടെ, സ്പീക്കർ മൈക്ക് ഓഫ് ചെയ്യുകയും തുടർന്ന് സംസാരിക്കേണ്ട ഇ കെ വിജയനെ ക്ഷണിക്കുകയും ചെയ്തു. ഇത് വകവെക്കാതെ ജലീൽ മൈക്കില്ലാതെ പ്രസംഗം തുടർന്നതോടെ, സ്പീക്കർ രൂക്ഷ വിമർശനം നടത്തി.
ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരമാണെന്നും സ്പീക്കര്‍ പറഞ്ഞു. ചെയർ കാണിച്ചത് ശരിയല്ലെന്ന് ജലീലും പറഞ്ഞു. ഒരുപാട് തവണ പറഞ്ഞിട്ടും ചെയറിനെ ധിക്കരിക്കുകയായിരുന്നെന്നും ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജില്ലെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
March 27, 2025 11:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലീഗ് കോട്ടയിൽ നിന്നെത്തിയതാണ് 'ഉശിര്' കൂടും; 'മക്ക'യിൽ ഈന്തപ്പഴം വില്‍ക്കുന്നവർക്ക് പിടികിട്ടില്ല'; ഒളിയമ്പുമായി കെ ടി ജലീൽ