• HOME
  • »
  • NEWS
  • »
  • kerala
  • »
  • Hospital | പരസ്യം നൽകുന്നതിൽ വേർതിരിവെന്ന് ജലീൽ; ക്ഷണം സ്വീകരിച്ച് പങ്കെടുക്കണമായിരുന്നുവെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി

Hospital | പരസ്യം നൽകുന്നതിൽ വേർതിരിവെന്ന് ജലീൽ; ക്ഷണം സ്വീകരിച്ച് പങ്കെടുക്കണമായിരുന്നുവെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി

മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ആശുപത്രി ഉദ്ഘാടനം നിർവഹിച്ചത്

മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ആശുപത്രി ഉദ്ഘാടനം നിർവഹിച്ചത്

മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ആശുപത്രി ഉദ്ഘാടനം നിർവഹിച്ചത്

  • Share this:
തിരൂർ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനത്തിന് ഒരു പത്രത്തിന് മാത്രം പരസ്യം നൽകിയില്ലെന്ന മുൻ മന്ത്രി കെ.ടി. ജലീലിൻ്റെ (K.T. Jaleel) വിമർശനത്തിന് മറുപടിയുമായി ആശുപത്രി ചെയർമാൻ കൂടിയായ മുസ്ലിം ലീഗ് നേതാവ് അബ്ദു റഹ്മാൻ രണ്ടത്താണി. തങ്ങളോട് ഉള്ള ആദരവ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് വേണമായിരുന്നു പ്രകടിപ്പിക്കാൻ എന്ന് രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചു. അബ്ദുറഹ്മാൻ രണ്ടത്താണിയുടെ ഫേസ്ബുക് പോസ്റ്റ് ചുവടെ:

"ശിഹാബ്‌ തങ്ങൾ ഹോസ്പിറ്റൽ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട്‌ ഒരു പത്രത്തിനു പരസ്യം കിട്ടിയില്ലെന്ന ഒരു ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ കണ്ടു. കാലയവനികക്കുള്ളിൽ മറഞ്ഞ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളോട്‌ അങ്ങേക്കുള്ള ആദരവ്‌ പ്രകടിപ്പിക്കേണ്ടത്‌ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്ത്‌ കൊണ്ടായിരുന്നു. ഹോസ്പിറ്റൽ ചെയർമാൻ എന്ന നിലയിൽ തലേന്ന് രാത്രിയും ഞാൻ അങ്ങയെ ക്ഷണിച്ചിരുന്നു. ഹോസ്പിറ്റൽ ശിഹാബ്‌ തങ്ങളുടെ പ്രതീകാത്മക സ്മാരകമാണെന്നും കേരളമാകെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറയുമ്പോൾ അതിനു സാക്ഷിയാകാൻ അങ്ങ്‌ എത്തേണ്ടതായിരുന്നു. ക്ഷണിക്കപ്പെട്ട മന്ത്രിമാർ ജില്ലയിലെ എംപിമാർ, എം.എൽ.എമാർ, ഉദ്യോഗസ്ഥ പ്രമുഖർ, പ്രമുഖ വ്യക്തിത്വങ്ങൾ എല്ലാം പങ്കെടുത്ത വേദിയിൽ അയൽപക്കത്തെ എം.എൽ.എ. ആയിട്ടും അങ്ങു മാത്രം വന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനും മറ്റു മന്ത്രിമാരും ജനപ്രതിനിധികളും ജനനേതാക്കളും ചെയ്ത പ്രസംഗങ്ങൾ കേൾക്കാൻ അങ്ങു വന്നില്ല. അങ്ങ്‌ ഹോസ്പിറ്റൽ സന്ദർശിക്കണം. ഈ ഹോസ്പിറ്റൽ അക്ഷരാർത്ഥത്തിൽ ശിഹാബ്‌തങ്ങൾ വിഭാവനം ചെയ്ത ഒരുമയുടെ ഇടമാണെന്ന് അങ്ങേക്ക്‌ ബോദ്ധ്യമാകും. കക്ഷി രാഷ്ട്രീയത്തിൽ വേർതിരിവുകളുടെ മഞ്ഞുരുകിയ വേദിയായിരുന്നു അത്‌. പത്രപരസ്യം തികച്ചും ബിസിനസ്സ്‌ പ്രശ്നമാണു. അത്‌ പരസ്യവിഭാഗം കൈകാര്യം ചെയ്തു കൊള്ളും."ജന്മഭൂമിക്ക് പോലും പരസ്യം നൽകിയപ്പോൾ സിറാജ് പത്രത്തിനെ മാത്രം മാറ്റി നിർത്തി എന്നായിരുന്നു ജലീലിൻ്റെ ഫേസ്ബുക് പോസ്റ്റ്. "ഏവർക്കും സുസമ്മതനായിരുന്നു കാല യവനികക്കുള്ളിൽ മറഞ്ഞ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. അദ്ദേഹത്തിൻ്റെ പേരിൽ ഒരു സഹകരണ ആശുപത്രി തിരൂരിൽ ആരംഭിച്ചത് എന്ത് കൊണ്ടും നന്നായി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനാണ് ഹോസ്പിറ്റലിൻ്റെ ഉദ്‌ഘാടനം നിർവ്വഹിച്ചത്.

ശിഹാബ് തങ്ങളെപ്പോലെ സുസമ്മതനായ ഒരാളുടെ പേരിൽ ആരംഭിക്കുന്ന ഒരു പൊതു സ്ഥാപനത്തിൻ്റെ കാര്യത്തിൽ ഉണ്ടാകാൻ പാടില്ലാത്ത ഒരു പിശക് സംഭവിച്ചു എന്ന വാർത്ത ശരിയാണെങ്കിൽ അത് ബന്ധപ്പെട്ടവർ തിരുത്തിയാൽ വലിയ കാര്യമാകും.

എല്ലാ പത്രങ്ങൾക്കും ഹോസ്പിറ്റലിൻ്റെ പരസ്യം കൊടുത്തു. ഏറെ രാഷ്ട്രീയ വിയോജിപ്പുള്ള 'ജൻമഭൂമി'ക്ക് പോലും. നല്ല കാര്യം. മാറ്റി നിർത്തപ്പെട്ടത് 'സിറാജ്' ദിനപത്രം മാത്രമാണെന്നാണ് പ്രചരിക്കുന്ന വർത്തമാനം. ഒരുമയെ കുറിച്ച് പ്രസംഗവും എഴുത്തും മാത്രം പോര. പ്രവൃത്തി പഥത്തിലും അതു വേണം. ശിഹാബ് തങ്ങളുടെ നാമത്തിൽ തുടങ്ങുന്ന  ഒരു മഹനീയ സംരംഭത്തിൻ്റെ കാര്യത്തിൽ പ്രത്യേകിച്ചും. തുടക്കത്തിലേ ഉണ്ടായ  കല്ലുകടി ഒഴിവാക്കാമായിരുന്നു. സമയം വൈകിയിട്ടില്ല. പറ്റിയ അബദ്ധം തിരുത്താൻ ഭരണസമിതി തയ്യാറായെങ്കിൽ എത്ര നന്നായേനെ. ഒരാഗ്രഹം പങ്കുവെച്ചു എന്നു മാത്രം."കഴിഞ്ഞ ദിവസമായിരുന്നു തിരൂരിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ മെമോറിയൽ ആശുപത്രി ഉദ്ഘാടനം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രി ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് കാലത്ത് ഇതു തെളിയിക്കപ്പെട്ടതാണ്. സര്‍ക്കാര്‍ ആശുപത്രിക്കു ശേഷം പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികില്‍സ നല്‍കുന്ന സ്ഥാപനങ്ങളാണ് സഹകരണ ആശുപത്രികള്‍. കുറഞ്ഞ ചെലവില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ നല്‍കാന്‍ കഴിയുന്നതാണ് ശിഹാബ് തങ്ങള്‍ ആശുപത്രിയുടെ പ്രസക്തി. തങ്ങളുടെ മാനവിക അനുഭാവം ആശുപത്രിയ്ക്കും കാത്തു സൂക്ഷിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പങ്കെടുത്ത സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഹമ്മദാലി ശിഹാബ് തങ്ങളെക്കുറിച്ച് സംസാരിച്ചു. "ഏറെ അഭിമാനകരമാണിത്, സഹകരണ മേഖലയ്ക്ക് പൊൻതൂവലാണ്. ഏറ്റവും ബഹുമാന്യനും ആദരണീയനുമായ കരുണാർദ്രനായ ആത്മീയ ചൈതന്യത്തിൻ്റെ അത്യുന്നതങ്ങളിലേക്ക് വിശ്വാസികളെ ആനയിച്ചതുപോലെതന്നെ ഭൗതിക ജീവിതത്തിലെ നാനാ മേഖലകളിൽ ജനങ്ങളെ കൈപിടിച്ചുയർത്തിയ കരുണാർദ്രമായ മനുഷ്യ സ്നേഹത്തിന്റെയും ബാല സദൃശമായ  നിഷ്കളങ്കതയുടെയും ഉന്നതമായ സാമൂഹിക ബോധത്തിന്റയും സർവോപരി ഉദാത്തമായ മനുഷ്യ സംസ്കാരത്തിൻ്റെയും പ്രതീകമായിരുന്ന ശിഹാബ് തങ്ങളുടെ പേരിലാണ്  ഈ ആശുപത്രി എന്നത് ഏറെ അഭിമാനിക്കാം." വിശ്വ മാനവികതയുടെ പ്രതീകമാണ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്നും വാസവൻ കൂട്ടിച്ചേർത്തു.  വാസവന് പുറമെ മന്ത്രി വി. അബ്ദുറഹ്മാനും ചടങ്ങിൽ പങ്കെടുത്തു.
Published by:user_57
First published: