'ലക്ഷദ്വീപ് സമുദ്രത്തിലെ ഇന്ത്യൻ രത്നം; വിവരമില്ലാത്ത വർഗീയവാദികളായ ഭരണാധികാരികൾ അതിനെ നശിപ്പിക്കുന്നു' : രാഹുൽ ഗാന്ധി
- Published by:Rajesh V
- news18-malayalam
Last Updated:
ലക്ഷദ്വീപ് ജനതക്കൊപ്പം താൻ എക്കാലവും അടിയുറച്ചുനിൽക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.
ന്യൂഡൽഹി: മഹാസമുദ്രത്തിലെ ഇന്ത്യൻ രത്നമാണ് ലക്ഷദ്വീപ് എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗന്ധി. വർഗീയവാദികളായ ഭരണാധികാരികൾ അതിനെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ലക്ഷദ്വീപ് ജനതക്കൊപ്പം താൻ എക്കാലവും അടിയുറച്ചു നിൽക്കുമെന്ന് ട്വിറ്ററിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.
''ലക്ഷദ്വീപ് കടലിലെ ഇന്ത്യയുടെ രത്നമാണ്. അധികാരത്തിലിരിക്കുന്ന വിവരമില്ലാത്ത വർഗീയവാദികൾ അതിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം നിലയുറപ്പിക്കുന്നു'' - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
Lakshadweep is India’s jewel in the ocean.
The ignorant bigots in power are destroying it.
I stand with the people of Lakshadweep.
— Rahul Gandhi (@RahulGandhi) May 26, 2021
advertisement
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പദവിയിൽനിന്ന് പ്രഫുൽ പട്ടേലിനെ ഉടൻ പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യമുന്നയിച്ചിരുന്നു. ലക്ഷദ്വീപിന്‍റെ സമാധാനവും സംസ്കാരവും നശിപ്പിക്കുക മാത്രമല്ല, അന്യായമായ നിയന്ത്രണങ്ങൾ ഏർപെടുത്തി ദ്വീപിലെ ജനസമൂഹത്തെ പീഡിപ്പിക്കുകയും ചെയ്യുകയാണ് പട്ടേലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.
വിവാദ നടപടികളുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ മുന്നോട്ട്
ഏകാധിപത്യ നടപടികളിൽ പ്രതിഷേധം ശക്തമാകുമ്പോഴും പരിഷ്കാരനടപടികളുമായി മുന്നോട്ട് പോകുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. നിയമനരീതികൾ പുനഃപരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ദ്വീപുകാരുടെ തൊഴിൽ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ദ്വീപിൽ നാളെ സർവകക്ഷിയോഗം ഓൺലൈൻ വഴി ചേരും. ബിജെപിയും സർവകക്ഷിയോഗത്തിൽ പങ്കെടുക്കും.
advertisement
ലക്ഷദ്വീപിലെ നിയമനരീതികളെല്ലാം അട്ടിമറിച്ചുകൊണ്ട് അവിടെയൊരു സെലക്ഷൻ ബോർഡ് നേരത്തെ തന്നെ രൂപീകരിച്ചിട്ടുണ്ട്. അതിൽ ലക്ഷദ്വീപിലെ ഒരു ജനപ്രതിനിധി പോലും ഉൾപ്പെട്ടിട്ടുമില്ല. അഡ്മിനിസ്ട്രേറ്റർക്ക് താല്പര്യമുള്ള, വടക്കേ ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ മാത്രമാണ് ഈ ബൂോർഡിലുള്ളതെന്നാണ് ആക്ഷേപം. അതിനു പിന്നാലെയാണ് കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ കണക്കെടുക്കാനുള്ള നീക്കം. അത് സർവ്വീസിൽ നിന്ന് ആളുകളെ പിരിച്ചുവിടാനുള്ള നീക്കമാണ് എന്ന് തന്നെ സംശയിക്കപ്പെടുന്നു. നേരത്തെ തന്നെ കരാർ ജീവനക്കാരായ നിരവധി ദ്വീപ് നിവാസികളെ പിരിച്ചുവിട്ടിരുന്നു. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഇപ്പോൾ ദ്വീപ് നിവാസികൾ തീരുമാനിച്ചിരിക്കുന്നത്.
advertisement
അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരായ പ്രതിഷേധം പല മേഖലകളിൽ വ്യാപിക്കുകയാണ്. ഡയറി ഫാമുകൾ അടച്ചുപൂട്ടാനടക്കമുള്ള നടപടികളെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് എംപി മുഹമ്മദ് ഫൈസൽ. പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. അഡ്മിനിസ്ട്രേറ്ററുടെ ഫോണിൽ അശ്ലീല സന്ദേശം അയച്ച കേസിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച രണ്ട് വിദ്യാർത്ഥികളോടും സർക്കാർ ഉദ്യേഗസ്ഥനോടും ഇന്ന് വീണ്ടും സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. പ്രഫുൽ പട്ടേലിന്റെ നിർദേശമനുസരിച്ചാണ് സൈബർസെൽ സഹായത്തോടെ മൂന്ന് പേരെയും കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2021 3:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലക്ഷദ്വീപ് സമുദ്രത്തിലെ ഇന്ത്യൻ രത്നം; വിവരമില്ലാത്ത വർഗീയവാദികളായ ഭരണാധികാരികൾ അതിനെ നശിപ്പിക്കുന്നു' : രാഹുൽ ഗാന്ധി