കൊച്ചി: പ്രമുഖ ക്രിമിനൽ അഡ്വക്കേറ്റും നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ അഭിഭാഷകനുമായ ബി രാമന്‍പിള്ളക്കെതിരെ (Advocate B Raman Pillai) ക്രൈംബ്രാഞ്ച് (Crime Branch) നോട്ടിസ് നല്‍കിയതില്‍ പ്രതിഷേധവുമായി അഭിഭാഷക സംഘടനകള്‍. ക്രൈംബ്രാഞ്ച് നടപടിക്കെതിരെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ പ്രകടനം നടത്തി. നിയമനടപടിക്ക് ഒരുങ്ങുകയാണ് അഭിഭാഷക സംഘടനകൾ. ക്രൈംബ്രാഞ്ച് നീക്കം അനുചിതമായെന്ന് സിപിഎം അഭിഭാഷകസംഘടനയും നിലപാടെടുത്തു.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് അഡ്വക്കേറ്റ് ബി രാമന്‍പിള്ളക്ക് ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയത്. ക്രൈംബ്രാഞ്ച് നടപടി അഭിഭാഷകരുടെ അവകാശങ്ങളിലുള്ള കടന്നു കയറ്റമാണെന്ന് ആരോപിച്ചാണ് അഭിഭാഷക സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നത്. നിയമപരമായി തെറ്റായ നടപടിയാണ് ക്രൈംബ്രാഞ്ചിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
ക്രൈംബ്രാഞ്ച് നടപടിക്കെതിരെ കോടതിയെ സമീപിക്കുന്നതടക്കം പരിഗണനയിലുണ്ട്. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ പ്രതിഷേധപ്രകടനവും നടന്നു. ഹൈക്കോടതിയുടെ പ്രധാന കവാടത്തില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നാന്നൂറോളം അഭിഭാഷകര്‍ പങ്കെടുത്തു. അഡ്വക്കേറ്റ് ബി രാമന്‍പിള്ളക്ക് നോട്ടിസ് നല്‍കിയതിനെ ഗൗരവത്തോടെ കാണുന്നുവെന്നും എത്രയും വേഗം വിഷയം പരിശോധിക്കുമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി
ക്രൈംബ്രാഞ്ച് നടപടിയെ അപലപിച്ച് ഇടത് അനുകൂല അഭിഭാഷക സംഘടനകളും രംഗത്തെത്തി. ക്രൈംബ്രാഞ്ച് നടപടി അഭിഭാഷകരുടെ തൊഴില്‍ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്ന് ഇന്ത്യന്‍ ലോയേഴ്സ് യൂണിയന്‍ ആരോപിച്ചു. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് അഭിഭാഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്.
തുടരന്വേഷണം നീണ്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടിക്കാണ്ടുപോകാനാവില്ലെന്ന് ഹൈക്കോടതി. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഈ കേസില്‍ മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ മാത്രം എന്താണ് ഇത്ര അന്വേഷിക്കാനെന്നും കോടതി ചോദിച്ചു. തുടരന്വേഷണം പൂര്‍ത്തിയാക്കി മാര്‍ച്ച് ഒന്നിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കിക്കൂടേയെന്നും കോടതി ചോദിച്ചു.
കേസിലെ അന്വേഷണം അവസാനഘട്ടത്തിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് പി എ ഷാജി കോടതിയെ അറിയിച്ചു.20 സാക്ഷികളുടെ മൊഴിയടുപ്പ് പൂര്‍ത്തിയാക്കി. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയാണ് ബാക്കിയുള്ളത്. അന്വേഷണം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കോടതി സമയക്രമം നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു. ക്രൈബ്രാഞ്ച് എടുത്ത കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുണ്ടായ കാലവിളംബം കേസ് അന്വേഷണം വൈകിപ്പിയ്ക്കാന്‍ കാരണമാകുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ശബ്ദപരിശോധന അടക്കം പൂര്‍ത്തിയാക്കാനുണ്ട്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് ഒന്നിന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്നതില്‍ ഉറപ്പില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനി എത്രസമയം കൂടി വേണ്ടിവരുമെന്ന് കോടതി ചോദിച്ചു. നിലവില്‍ രണ്ടുമാസം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞിരിയ്ക്കുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നാലുവട്ടം സമയം നീട്ടി നല്‍കി. കേസില്‍ അന്വേഷണം നടന്നുവന്ന നാലുവര്‍ഷം ബാലചന്ദ്രകുമാര്‍ എവിടെയായിരുന്നു എന്നും കോടതി ചോദിച്ചു.
ദിലീപുമായി എതിര്‍പ്പുണ്ടായതിനാലാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയതെന്ന് ഡി.ജി.പി പറഞ്ഞു. മുന്‍കൂര്‍ ജാമ്യം കിട്ടി ഫോണ്‍ ഹാജരാക്കുന്നതിന് മുന്‍പ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് കൈമാറിയത്. ഒരു ഫോണ്‍ നശിപ്പിയ്ക്കുകയും ചെയ്തു. ഇവയെല്ലാം കേസന്വേഷണത്തെ ദോഷകരമായി ബാധിയ്ക്കുന്നതായും പ്രോസിക്യൂഷന്‍ പറഞ്ഞു. നിലവിൽ പരിശോധന പൂർത്തിയാക്കിയ ഫോണുകളിൽ നിന്നും അന്വേഷണത്തെ സഹായിയ്ക്കുന്ന തെളിവുകൾ ലഭിച്ചതായും ഡി.ജി.പി അറിയിച്ചു. കേസില്‍ കക്ഷി ചേര്‍ന്ന ആക്രമണത്തിനിരയായ നടിയും ദിലീപിന്റെ ഹര്‍ജിയെ ശക്തമായി എതിര്‍ത്തു. കേസിലെ തുടരന്വേഷണം റദ്ദാക്കാന്‍ ആവശ്യപ്പെടാന്‍ പ്രതിയ്ക്ക് അവകാശമില്ലെന്ന് നടി വാദിച്ചു. തുടര്‍ന്ന് കേസ് മറ്റെന്നാള്‍ പരിഗണിയ്ക്കാനായി മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.