തിരുവനന്തപുരം: കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാൽ മുന്നണിപ്രവേശം അപ്പോൾ ആലോചിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ. എൽഡിഎഫിന്‍റെ കവാടങ്ങൾ അടക്കില്ല. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി വിപുലീകരണം എൽഡിഎഫ് നയമാണ്. പ്രതീക്ഷിക്കാത്ത പല പാർട്ടികളും മുന്നണിയിൽ വന്നേക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
ഇടതുമുന്നണിയിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് മുസ്ലീം ലീഗ് ആണ്. മുസ്ലീം മതവിഭാഗത്തിന്റെ ഇടയില്‍ വലിയ തോതില്‍ അസംതൃപ്തിയാണുള്ളത്. ലീഗിന്റെ അകത്തും അതിന്റെ പ്രതികരണങ്ങള്‍ കാണാം. ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുന്നണിയുടെ നിലപാടില്‍ ലീഗിന് കടുത്ത അസംതൃപ്തി ഉണ്ട്. അത് പ്രകടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ലീഗിന് എല്‍ഡിഎഫിലേക്ക് വരണമെന്നുണ്ടെങ്കില്‍ അവര്‍ വരട്ടേ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാട് എല്ലാ പാര്‍ട്ടികളിലും ഇന്ന് ചര്‍ച്ചയാണ്. എല്ലാ പാര്‍ട്ടികളിലുമുള്ള അണികള്‍ ഇടതുപക്ഷ മുന്നണിയുടെ നയത്തില്‍ ആകൃഷ്ടരാവുന്നുവെന്നത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്‍പി ഒരു ഇടത് പക്ഷ പാര്‍ട്ടിയാണ്, അവര്‍ അതിനെ കുറിച്ച് പുനർചിന്തനം നടത്തണം. യുഡിഎഫിൽ എത്തിയ ആർഎസ്പി ഒന്നുമല്ലാതായി. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകടാണ് ആ പാർട്ടി ഈ നിലയിലെത്താൻ കാരണം. അവർ പുനപരിശോധന നടത്തിയാൽ നല്ലത്. എൽഡിഎഫ് നയങ്ങൾ അംഗീകരിച്ച് വന്നാൽ പിജെ കുര്യനുമായും സഹകരിക്കും. മാണി സി കാപ്പൻ തിരികെ വന്നാലും സഹകരിപ്പിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
എസ്ഡിപിഐ വോട്ട് വേണോ വേണ്ടയോ എന്ന് ഇപ്പോൾ പറയേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് കാലത്താണ് അതു സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.പി.ശശിക്ക് പൊളിറ്റിക്കൽ സെക്രട്ടറിയാകാൻ ഒരു അയോഗ്യതയുമില്ല. ഏക അഭിപ്രായത്തോടെയാണ് സംസ്ഥാന സമിതി തീരുമാനമെടുത്തത്. ഒരാൾക്കെതിരെ നടപടി എടുത്താൽ അത് ആജീവനാന്ത നടപടിയാകില്ല. തെറ്റുകൾ ആവർത്തിക്കുമോ എന്ന ആശങ്കയുടെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യൻ ന്യൂനപക്ഷം കേരളത്തിൽ സുരക്ഷിതരാണ്. ഇടതുഭരണത്തിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് ആശങ്ക വേണ്ട. ലൗ ജിഹാദും നാർക്കോട്ടിക്ക് ജിഹാദും ഇല്ല. മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം എന്നും ഇ പി ജയരാജൻ പറഞ്ഞു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.