ജോസ് കെ മാണി കടുത്തുരുത്തിയിലേക്ക് മാറുമെന്ന് സൂചന; 'കേരളാ കോൺഗ്രസ് എമ്മിനെ ഒപ്പമാക്കാൻ മൂന്ന് മുന്നണികളും മത്സരിക്കുന്നു'
- Published by:Rajesh V
- news18-malayalam
Last Updated:
സ്വന്തം മണ്ഡലമായ പാലായേക്കാള്‍ കേരള കോൺഗ്രസിന് ഏറെ സംഘടനാശക്തിയുളള മണ്ഡലം കടുത്തുരുത്തിയാണെന്നതാണ് ഈ നീക്കത്തിന് പ്രേരിപ്പിക്കുന്ന പ്രധാന ഘടകം
2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി കടുത്തുരുത്തിയിൽ മല്‍സരിക്കുമെന്ന് സൂചന. കഴിഞ്ഞ തവണ പരാജയപ്പെട്ട പാലായേക്കാള്‍ വിജയസാധ്യത കടുത്തുരുത്തിയാണെന്ന വിലയിരുത്തലിലാണ് ഈ നീക്കം. പ്രാദേശിക നേതാക്കളുടെ ഭവനസന്ദർശനങ്ങളുമായി ഏതാണ്ട് മൂന്നു മാസമായി കടുത്തുരുത്തി മണ്ഡലത്തില്‍ സജീവമായ ജോസ് കെ മാണി പഞ്ചായത്തുകൾ തോറുമുള്ള പാർട്ടി ക്യാമ്പയിനുകളും ആരംഭിച്ചു കഴിഞ്ഞു.
സ്വന്തം മണ്ഡലമായ പാലായേക്കാള്‍ കേരള കോൺഗ്രസിന് ഏറെ സംഘടനാശക്തിയുളള മണ്ഡലം കടുത്തുരുത്തിയാണെന്നതാണ് ഈ നീക്കത്തിന് പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. 2006 ലെ തിരഞ്ഞെടുപ്പിന് ശേഷം നടന്ന മണ്ഡല പുനർനിർണയത്തിൽ പാർട്ടിയുടെ ശക്തിയായിരുന്ന പാലായിലെ പല പഞ്ചായത്തുകളും കടുത്തുരുത്തിയിലേക്ക് മാറി.
മണ്ഡലം രൂപീകൃതമായ 1965 മുതൽ മരണം വരെ പിതാവ് കെ എം മാണി പ്രതിനിധീകരിച്ച പാലായിൽ കെഎം മാണിയുടെ മരണത്തിനുശേഷം 2019 ഉപതിരഞ്ഞെടുപ്പിലും 2021 പൊതുതിരഞ്ഞെടുപ്പിലും കേരളാ കോൺഗ്രസ് (എം) പരാജയപ്പെട്ടിരുന്നു. 2016 ൽ കോൺഗ്രസിന് ഒപ്പം നിന്ന് ചെറിയ വോട്ടിന് തോറ്റ ശേഷം 2021 ൽ ഇടതുമുന്നണിയിലേക്ക് മാറിയപ്പോൾ ജോസ് കെ മാണി വലിയ വോട്ടിന് പരാജയപ്പെട്ടത് പാർട്ടിക്കും വ്യക്തിപരമായി ജോസ് കെ മാണിക്കും ക്ഷീണമായി എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മണ്ഡലമാറ്റം സംബന്ധിച്ച് കടുത്തുരുത്തിയിലെ പ്രവര്‍ത്തകര്‍ക്ക് ജോസ് കെ മാണി സൂചന പങ്ക് വച്ച് കഴിഞ്ഞു.
advertisement
ഒപ്പം ഇടത് മുന്നണി നേതൃത്വത്തിന് മേല്‍ സമ്മര്‍ദമുയർത്തിയുള്ള രാഷ്ട്രീയ നീക്കത്തിനും കേരളാ കോൺഗ്രസ് (എം) തുടക്കമിടുന്നുണ്ട്. വന്യജീവി-തെരുവുനായ ശല്യം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന ആവശ്യമടക്കം ഇതിന്റെ ഭാഗമായിട്ടാണ് സിപിഎം നേതൃത്വം കാണുന്നത്..
അതിനിടെ കേരള കോൺഗ്രസ് എമ്മിനെ ഒപ്പം ചേർക്കാൻ മൂന്ന് മുന്നണികളും മത്സരിക്കുകയാണെന്ന് ജോസ് കെ മാണി പറഞ്ഞു. എന്നാൽ ഇടതു മുന്നണിയിൽ തന്നെ ഉറച്ചു നിൽക്കും. യുഡിഎഫും ബിജെപിയും കേരള കോൺഗ്രസിനെ ഒപ്പം ചേർക്കാൻ ശ്രമിക്കുന്നുണ്ട്. ഇടതു മുന്നണിയിൽ തന്നെ നിർത്താൻ സിപിഎമ്മും ആഗ്രഹിക്കുന്നു. ഇതാണ് കേരള കോൺഗ്രസ് എമ്മിന്റെ പ്രസക്തിയെന്നും ജോസ് കെ മാണി പറഞ്ഞു.
advertisement
ഇതോടെ കേരളാ കോൺഗ്രസു(എം)മായി കൂട്ടു ചേരാൻ ബിജെപിയും നീക്കങ്ങൾ നടത്തുന്നു എന്ന് വ്യക്തമായി.
കോൺഗ്രസ് ഏതാണ്ട് ഒരു കൊല്ലമായി കേരളാ കോൺഗ്രസു(എം)മായി ചേരാൻനീക്കങ്ങൾ നടത്തുന്നു എന്നത് പരസ്യമായിരുന്നു. ഇപ്പോൾ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനു ശേഷമുള്ള സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം യു ഡിഎഫിന് അനുകൂലമാണെന്ന വിലയിരുത്തലിൽ കേരളാ കോൺഗ്രസിനെ നേരിട്ട് സ്വാധീനിക്കുന്ന പല ഘടകങ്ങളും മുന്നണി മാറാൻ അവരെ സമ്മർദം ചെലുത്തുന്നതായി സൂചനയുണ്ട്. മധ്യ കേരളത്തിൽ കേരളാ കോൺഗ്രസു(എം)മായി ചേരാതെ കോൺഗ്രസിന് മുന്നോട്ട് പോകാൻ കഴിയില്ല എന്നാണ് ഇവർ വിലയിരുത്തുന്നത്.
advertisement
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 5 ജില്ലകളിലെ 12 മണ്ഡലത്തിൽ മത്സരിച്ച് ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നായി നിലവിൽ 5 എം എൽ എ മാരുള്ള പാർട്ടിക്ക് എറണാകുളം, തൃശ്ശൂർ ജില്ലകളിലെ പല മണ്ഡലങ്ങളിലും സ്വാധീനമുണ്ട്. കോഴിക്കോട്,കണ്ണൂർ,വയനാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിലെ കുടിയേറ്റ മേഖലകളിലും സ്വാധീനമുണ്ടെന്ന് പാർട്ടി അവകാശപ്പെടുന്നുണ്ട്. നിലവിൽ 50 ലേറെ നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടിക്ക് സജീവമായ സംഘടനാ സംവിധാനമുണ്ട് എന്നാണ് എൽഡിഎഫ് വൃത്തങ്ങൾ നൽകുന്ന സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
July 08, 2025 12:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജോസ് കെ മാണി കടുത്തുരുത്തിയിലേക്ക് മാറുമെന്ന് സൂചന; 'കേരളാ കോൺഗ്രസ് എമ്മിനെ ഒപ്പമാക്കാൻ മൂന്ന് മുന്നണികളും മത്സരിക്കുന്നു'