കൽപറ്റയിൽ പണിയ വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ ചെയർമാൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ചെയർമാൻ സ്ഥാനം പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിരുന്ന ഈ തിരഞ്ഞെടുപ്പിൽ, 17 വോട്ടുകൾ നേടിയാണ് വിശ്വനാഥൻ വിജയിച്ചത്.
എൽഡിഎഫിന്റെ പി. വിശ്വനാഥൻ കൽപറ്റ നഗരസഭയുടെ ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പണിയ വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ അധ്യക്ഷൻ എന്ന ചരിത്രനേട്ടവും ഇതോടെ ഇദ്ദേഹം സ്വന്തമാക്കി. ചെയർമാൻ സ്ഥാനം പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിരുന്ന ഈ തിരഞ്ഞെടുപ്പിൽ, 17 വോട്ടുകൾ നേടിയാണ് വിശ്വനാഥൻ വിജയിച്ചത്. വിശ്വനാഥന്റെ രാഷ്ട്രീയ പ്രവർത്തന പരിചയവും സീനിയോറിറ്റിയും മുൻനിർത്തിയാണ് എൽഡിഎഫ് അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
എടഗുനി ഡിവിഷനിൽനിന്നു രണ്ടാം തവണയാണ് അദ്ദേഹം കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുന്നത്. നിലവിൽ സി.പി.എം കൽപറ്റ ഏരിയ കമ്മിറ്റി അംഗമായ വിശ്വനാഥൻ, ആദിവാസി ക്ഷേമ സമിതി (എ.കെ.എസ്) ജില്ല പ്രസിഡന്റ് കൂടിയാണ്. കരിന്തണ്ടൻ നാടൻ പാട്ട് കലാ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്.
ആകെ 30 ഡിവിഷനുകളുള്ള കൽപറ്റ നഗരസഭയിൽ 17 സീറ്റുകൾ നേടിയാണ് ഇത്തവണ എൽഡിഎഫ് അധികാരം പിടിച്ചെടുത്തത്. ഇതോടെ ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന യുഡിഎഫ് ഭരണത്തിന് അന്ത്യമായി. കഴിഞ്ഞ തവണ 15 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിന് ഇക്കുറി 11 സീറ്റുകൾ മാത്രമാണ് നേടാനായത്. അതേസമയം, എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായിരുന്ന പുളിയാർമല, കൈനാട്ടി ഡിവിഷനുകളിൽ വിജയിച്ച് എൻഡിഎയും കരുത്തുതെളിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Dec 26, 2025 8:12 PM IST










