VV Prakash| 'നഷ്ടമായത് സ്നേഹസമ്പന്നനായ സഹോദരനെ': ചെന്നിത്തല; 'പ്രതിസന്ധി ഘട്ടങ്ങളിൽ കരുത്ത് പകർന്ന സഹപ്രവർത്തകൻ': കുഞ്ഞാലിക്കുട്ടി; വിവി പ്രകാശിനെ അനുസ്മരിച്ച് നേതാക്കൾ
- Published by:Rajesh V
- news18-malayalam
Last Updated:
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും നിലമ്പൂരിലെ എതിർ സ്ഥാനാർഥിയായിരുന്ന പി വി അൻവറും അടക്കം നിരവധി നേതാക്കൾ വിവി പ്രകാശിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയാണ് കേരളം കേട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും നിലമ്പൂരിലെ എതിർ സ്ഥാനാർഥിയായിരുന്ന പി വി അൻവറും അടക്കം നിരവധി നേതാക്കൾ വിവി പ്രകാശിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ആദരണീനയനും കഠിനാധ്വാനിയുമായ കോൺഗ്രസ് നേതാവിനെയാണ് നഷ്ടമായതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു.
'നഷ്ടമായത് സ്നേഹ സമ്പന്നനായ സഹോദരനെ': രമേശ് ചെന്നിത്തല
മലപ്പുറം ഡിസിസി പ്രസിഡന്റും, നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി വി പ്രകാശിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നത്. നിലമ്പൂരിൽ യുഡിഎഫിന് വൻ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഖകരമാണ്. ഒരു സഹപ്രവർത്തകൻ എന്നതിനേക്കാൾ സ്നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് പ്രകാശിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
advertisement
രാഹുൽ ഗാന്ധി:
The untimely demise of Malappuram DCC President & UDF Nilambur candidate V V Prakash Ji is extremely tragic.
He will be remembered as an honest & hardworking member of the Congress, always ready to offer help to the people.
My heartfelt condolences to his family. pic.twitter.com/LugPBIROKP
— Rahul Gandhi (@RahulGandhi) April 29, 2021
advertisement
'പ്രതിസന്ധിഘട്ടങ്ങളിൽ കരുത്ത് പകർന്ന സഹപ്രവർത്തകൻ': പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം ഡി.സി.സി പ്രസിഡന്റും,നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വി.വി പ്രകാശ് വിടവാങ്ങിയെന്ന വാർത്തയുടെ ഞെട്ടലിലാണിപ്പോഴുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിലെ സൗമ്യ സാന്നിധ്യമായിരുന്നു പ്രകാശ്. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ കരുത്ത് പകർന്ന് കൂടെ നിന്ന സഹപ്രവർത്തകനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ.
'പ്രസ്ഥാനം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ 100 ശതമാനം ആത്മാർത്ഥയോടെ നിറവേറ്റി': ഉമ്മൻചാണ്ടി
പുലര്ച്ചെ ഞെട്ടലോടെയാണ് വി.വി പ്രകാശിന്റെ വിയോഗവാര്ത്ത അറിഞ്ഞത്. അര്പ്പണബോധത്തോടെ പ്രസ്ഥാനത്തിനുവേണ്ടി പൊതുപ്രവര്ത്തന രംഗത്ത് നിറഞ്ഞുനിന്ന ആത്മാര്ത്ഥതയുള്ള പൊതുപ്രവര്ത്തകനെയാണ് വി.വി പ്രകാശിന്റെ അകാല വിയോഗത്തിലൂടെ നഷ്ടമായത്. അദ്ദേഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ്. മലപ്പുറം ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷന് എന്ന നിലയില് അദ്ദേഹം നടത്തിയ പ്രവര്ത്തനം അഭിനന്ദനാര്ഹമായിരുന്നു.
advertisement
കെ.എസ്.യു-യൂത്ത് കോണ്ഗ്രസ് സംഘടനാരംഗത്തു നിന്ന് കടന്നുവന്ന അദ്ദേഹത്തെ എനിക്ക് അടുത്തുനിന്ന് കാണാനും മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്. അദ്ദേഹത്തെ പ്രസ്ഥാനം ഏല്പ്പിച്ച ഉത്തരവാദിത്വങ്ങളില് നൂറ് ശതമാനം ആത്മാര്ത്ഥമായി നിറവേറ്റി. സഹപ്രവര്ത്തകരോടും പൊതുജനങ്ങളോടും പ്രസ്ഥാനത്തോടും അദ്ദേഹം കാണിച്ച ആത്മാര്ത്ഥത മാതൃകാപരമാണ്.
advertisement
കുടുംബത്തിന്റെ അഗാധമായ ദുഃഖത്തില് പങ്കുചേരുന്നു. വി.വി പ്രകാശിന്റെ ജ്വലിക്കുന്ന ഓര്മ്മകള്ക്ക് മുന്നില് ആദരാഞ്ജലികള്...
advertisement
'കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടം':മുല്ലപ്പള്ളി രാമചന്ദ്രന്‍
അങ്ങേയറ്റം ഞെട്ടലോടെയാണ് പ്രകാശിന്റെ മരണവാര്‍ത്ത കേട്ടതെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇന്നലെ രാവിലെ പ്രകാശുമായി രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അതോടൊപ്പം കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഒരു കണ്‍ട്രോള്‍ റൂം മലപ്പുറത്ത് തുടങ്ങുന്നതിനെ കുറിച്ചും അത് മുന്‍പോട്ടു കൊണ്ടുപോകുന്നതിനെ കുറിച്ചും ഒക്കെ സംസാരിച്ചിരുന്നു. പ്രിയപ്പെട്ട ഒരു സ്‌നേഹിതന്റെ വേര്‍പാട് ഞങ്ങളെയൊക്കെ ഉലച്ചിരിക്കുന്നതാണ്. മലപ്പുറത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാത്ത നഷ്ടമാണ് പ്രകാശിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
advertisement
'കണ്ണീരിൽകുതിർന്ന ആദരാഞ്ജലികൾ': കെ സുധാകരൻ
മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന പ്രിയപ്പെട്ട വി വി പ്രകാശ് നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. പ്രിയങ്കരനായ വി.വി പ്രകാശിന് കണ്ണീരിൽകുതിർന്ന ആദരാഞ്ജലികൾ....
'പരിശുദ്ധിയുടെ പ്രതീകം': ഇ ടി മുഹമ്മദ് ബഷീർ
രാഷ്ട്രീയത്തിൽ പരിശുദ്ധിയുടെ പ്രതീകമായിരുന്നു ഇന്ന് നമ്മോട് വിട പറഞ്ഞ മലപ്പുറം ഡി. സി. സി പ്രസിഡന്റ് വി.വി പ്രകാശ്. വിദ്യാർത്ഥി സംഘടനാ നേതാവായി തുടങ്ങി യുവജന രാഷ്ട്രീയത്തിലും ഡി.സി.സി യിലും കെ.പി.സി.സി യിലുമൊക്കെ വിവിധ പദവികൾ വഹിച്ചു. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് ജീവിതാനുഭവങ്ങൾ കണ്ടായാളാണ്. തന്റെ സഹയാത്രികരും മുതിർന്നവരും താഴെ പ്രായമുള്ളവരുമെല്ലാം രാഷ്ട്രീയത്തിൽ തന്റെ ചുമലിൽ ചവിട്ടി മുകളിൽ കയറി പോയപ്പോഴും അവരെ ആശീർവദിച്ചയച്ച നിർമല ഹൃദയനായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ്, കോൺഗ്രസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടു പറയുമ്പോൾ നീതിമാനായ ഒരു കോ ഓർഡിനേറ്റർ ആയിരുന്നു അദ്ദേഹം. സ്വഭാവികമായും കക്ഷികൾക്കിടയിൽ ഉണ്ടാവുന്ന വഴക്കിൽ പ്രകാശ് ഇടപ്പെട്ടാൽ സത്യത്തിന്റെ ഭാഗത്തേ അദ്ദേഹം നിൽക്കൂവെന്നു എല്ലാവർക്കും ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് പല പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാനായത്. മലപ്പുറം ജില്ലയിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാത്രമല്ല രാഷ്ട്രീയത്തിൽ മൂല്യച്യുതി നടക്കുന്ന കാലഘട്ടത്തിൽ ആദർശവാനായ ഈ നേതാവിന്റെ മരണത്തിന്റെ വിടവ് കൂടുതൽ അനുഭവപ്പെടും.
അദ്ദേഹത്തിന്റെ പാവന സ്മരണക്കു മുൻപിൽ ആദരാജ്ഞലി അർപ്പിക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു.
'മരണവാര്‍ത്ത ഞെട്ടിച്ചു': ആര്യാടന്‍ ഷൗക്കത്ത്
വി.വി. പ്രകാശിന്റെ മരണം ഞെട്ടലോടെയാണ് കേട്ടതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നഷ്ടപ്പെട്ട നിലമ്പൂര്‍ തിരിച്ചു പിടിക്കാന്‍ വലിയ പ്രയത്‌നം എല്ലാ യു.ഡി.എഫ്. പ്രവര്‍ത്തകരും ഒരുമിച്ച് നടത്തി. നല്ല ഒരു ജനവിധിയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ വിധി കാണാനുള്ള ഭാഗ്യം പ്രകാശിനുണ്ടായില്ല. പ്രകാശിന്റെ മരണം കോണ്‍ഗ്രസിനും യു.ഡി.എഫിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
'മികച്ച സംഘാടകൻ': വി എം സുധീരൻ
മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി.വി.പ്രകാശിൻ്റെ വേർപാട് ഹൃദയഭേദകവും സഹിക്കാനാവാത്തതുമാണ്.
രാഷ്ട്രീയ പ്രവർത്തകർക്കൊരു മാതൃകയാണ് പ്രകാശ്. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് ആകസ്മിക അന്ത്യം സംഭവിച്ചത്.
പ്രകാശുമായി സംവത്സരങ്ങളുടെ ഹൃദയബന്ധമാണ് എനിക്കുള്ളത്. അങ്ങേയറ്റം സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തിയ പ്രകാശിൻ്റെ ആ സവിശേഷ സ്വഭാവമാണ് അദ്ദേഹവുമായി എന്നെ ഏറെ അടുപ്പിച്ചത്. ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും ഫലപ്രദമായി നിറവേറ്റിയ പ്രകാശ് മികച്ച സംഘാടകനുമായിരുന്നു.
ജനങ്ങൾക്കുവേണ്ടി എക്കാലവും നിലകൊണ്ട പ്രകാശിൻ്റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണ് വരുത്തിയത്. വ്യക്തിപരമായി എനിക്കും.
സഹോദരനിർവിശേഷമായ സ്നേഹത്തോടെ എന്നും എന്നോട് ഇടപഴകിയ പ്രിയപ്പെട്ട അനുജനായ പ്രകാശിന് അതീവ ദുഃഖത്തോടെ സ്നേഹാഞ്ജലികൾ അർപ്പിക്കുന്നു.
'നാട്യങ്ങളില്ലാത്ത, തനിമയുള്ള മനുഷ്യൻ': അബ്ദു സമദ് സമദാനി
ദുഃഖമേ ദുഃഖം!
പൊടുന്നനെ വരുന്ന കദനത്തിൻ്റെ ഇത്തരം ആഘാതങ്ങൾ അത്യന്തം സങ്കടകരം തന്നെ. പ്രിയസുഹൃത്ത് പ്രകാശിൻ്റെ വ്യക്തിത്വം സവിശേഷം തന്നെയായിരുന്നു. അദ്ദേഹത്തിൻ്റെ ശുദ്ധമായ മനസ്സും സൗമ്യമായ പെരുമാറ്റവും ചുറ്റുവട്ടത്ത് പ്രകാശം പരത്താൻ പര്യാപ്തമായിരുന്നു. ഒട്ടും നാട്യങ്ങളില്ലാത്ത, തനിമയുള്ള മനുഷ്യൻ.
സ്വന്തം ജില്ലയുടെയും കേരള സംസ്ഥാനത്തിൻ്റെ തന്നെയും സാമൂഹിക, രാഷ്ട്രീയ മേഖലകളിലേക്ക് ഉദിച്ചുയരുകയായിരുന്നു പ്രകാശവത്തായ അദ്ദേഹത്തിലെ പൊതുപ്രവർത്തകൻ. എന്നാൽ ഇപ്പോൾ ആകസ്മികമായി ആ താരകം പൊലിഞ്ഞുവെന്നത് നമ്മുടെ നാടിനും നാട്ടുകാർക്കും വലിയ നഷ്ടം തന്നെ.
നല്ല സുഹൃത്തായിരുന്നു പ്രകാശ്. ഒട്ടേറെ സ്നേഹനിർഭരമായ സന്ദർഭങ്ങൾ സമ്മാനിച്ച് നെഞ്ചോട് ചേർന്ന് നിന്ന പ്രിയ മിത്രം. സദാ പൂത്തു നിന്ന ആ പുഞ്ചിരിയും 'സമദാനി സാഹിബെ' എന്ന ആ സ്നേഹനാദവും ഒരിക്കലും മനസ്സിൽ നിന്ന് മായില്ല.
അഭിവന്ദ്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കും പ്രിയങ്കരനായ വി വി പ്രകാശിനുമൊപ്പമാണ് തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകിയത്.
അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച. അനന്തരം പ്രകാശും സ്ഥാനാർത്ഥിയായി. പിന്നീട് ഞങ്ങൾ പലതവണ ഫോണിൽ സംസാരിച്ചു. യാത്രക്കിടയിൽ ചേർത്ത് പിടിച്ച കൈ വിടർത്തിക്കൊണ്ട് പിരിഞ്ഞു പോയ പ്രിയസ്നേഹിതാ വിട!
'വേദനാജനകം': സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ
ഏറെ വേദനാജനകമായ വാർത്തയാണ് അതിരാവിലെ തന്നെ കേൾക്കാൻ സാധിച്ചത്. മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂർ മണ്ഡലം യുഡിെഫ് സ്ഥാനാർത്ഥിയുമായ വി.വി.പ്രകാശ് ഹൃദയാഘാതത്തെ തുടർന്നു മരണപ്പെട്ടു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.
'എക്കാലത്തെയും ശക്തനും സൗമ്യനും മാന്യനുമായ എൻ്റെ എതിർ സ്ഥാനാർത്ഥി': കെ ടി ജലീൽ
വി.വി പ്രകാശിൻ്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. സൗമ്യതയുടെയും മാന്യതയുടെയും ആൾരൂപമായിരുന്ന പൊതുപ്രവർത്തകൻ എന്ന വിശേഷണത്തിന് എല്ലാംകൊണ്ടും അർഹനായിരുന്നു വി.വി പ്രകാശ്. പകിട്ടും പത്രാസുമില്ലാതിരുന്നിട്ടും മലപ്പുറം ജില്ലയിലെ കോൺഗ്രസ് പാർട്ടിയിൽ ആത്മാർത്ഥതയുള്ള ഒരുപാട് അനുയായികളെ ഉണ്ടാക്കിയെടുക്കാൻ കഴിയുമാറ് ആകർഷണീയമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത്. ജേഷ്ഠ തുല്യമായ സ്നേഹാദരങ്ങളോടെയാണ് ഞാനെന്നും പ്രകാശിനെ കണ്ടിട്ടുള്ളത്. മണ്ഡല പുനക്രമീകരണത്തിന് ശേഷം നടന്ന പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പിൽ (2011) തവനൂരിൽ UDF സ്ഥാനാർത്ഥിയായി എനിക്കെതിരെ മൽസരിച്ചത് വി.വി പ്രകാശായിരുന്നു. എക്കാലത്തെയും ശക്തനും സൗമ്യനും മാന്യനുമായ എൻ്റെ എതിർ സ്ഥാനാർത്ഥി ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ അതിനുള്ളൂ, വി.വി പ്രകാശ്. കലുഷിതമായ രാഷ്ട്രീയ അരങ്ങത്തു നിന്ന് ഒട്ടും നിനക്കാത്ത നേരത്ത് ആരോടും ചൊല്ലാതെ കാലയവനികക്കുള്ളിൽ പൊയ്മറഞ്ഞ സുഹൃത്തേ, അങ്ങയുടെ ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.
'ഏറെ അടുപ്പം പുലർത്തിയ സഹപ്രവർത്തകൻ': ജോസഫ് വാഴക്കൻ
മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യൂഡിഎഫ് സ്ഥാനാർഥിയുമായ പ്രിയപ്പെട്ട വിവി പ്രകാശ് വിട പറഞ്ഞു എന്ന വാർത്ത ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഞെട്ടലോടെയാണ് വാർത്ത കേട്ടത്. ഇന്നലെ രാത്രി കൂടി മുൻ ഡിസിസി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയോട് നിലമ്പൂരിൽ പ്രകാശ് നേടാൻ പോകുന്ന വിജയത്തെ കുറിച്ച് സംസാരിച്ചതേയുള്ളു. പക്ഷെ ജനവിധിക്ക് മുൻപേ ദൈവം പ്രകാശിനെ വിളിച്ചു എന്നത് വേദനയുളവാക്കുന്നു. പ്രകാശിന്റെ പൊതുപ്രവർത്തന ജീവിതത്തിനു ലഭിക്കുന്ന അർഹിച്ച അംഗീകാരമായിട്ടാണ് രണ്ടാം തിയതിയിലെ ജനവിധിയെ ഞങ്ങൾ കാത്തിരുന്നത്. വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടം മുതൽ ഏറെ അടുപ്പം പുലർത്തിയ സഹപ്രവർത്തകനായിരുന്നു പ്രകാശ്. സൗമ്യമായ പെരുമാറ്റവും ജനകീയമായ ഇടപെടലുമാണ് പ്രകാശിലെ പൊതുപ്രവർത്തകന്റെ മേന്മ. ആ മേന്മ ഒരു നാട് അനുഭവിച്ചു അറിയേണ്ട കാലത്താണ് വിട പറയുന്നത്. വാക്കുകളില്ല, വിശ്വസിക്കാൻ കഴിയുന്നില്ല. പ്രിയ സ്നേഹിതന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
'പൊതുപ്രവർത്തനത്തിലും എളിമ മാത്രം കൈമുതലാക്കിയ നിലപാടുള്ള രാഷ്ട്രീയക്കാരൻ': ഷാനിമോൾ ഉസ്മാൻ
പ്രിയ പ്രകാശ് വിട... വിട... വിട...
എന്റെ ഏറ്റവും അടുത്ത രാഷ്ട്രീയ രംഗത്തെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു വി വി പ്രകാശ്.
തിരഞ്ഞെടുപ്പിന് ശേഷം നിരവധി തവണ വിജയ പ്രതീക്ഷ പങ്കുവെച്ചിരുന്നു. മിനിഞ്ഞാന്ന് പ്രകാശ് എന്നെ ഫോൺ വിളിച്ചിരുന്നു, എന്നാൽ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖം,, പ്രതിഷേധമോ പരിഭവമോ ആവശ്യങ്ങളോ ആരോടും പറയാത്ത തികഞ്ഞ ഗാന്ധിയൻ. കുടുംബ ജീവിതത്തിലും പൊതുപ്രവർത്തനത്തിലും എളിമ മാത്രം കൈമുതലാക്കിയ നിലപാടുള്ള രാഷ്ട്രീയക്കാരൻ.
പ്രകാശിന്റെ ഭാര്യ സ്മിതയും രണ്ട് പെൺകുഞ്ഞുങ്ങളും എനിക്ക് വളരെ അടുപ്പമുള്ളവരാണ്.
എന്റെ കാലിനു പ്ലാസ്റ്റർ ഇട്ടു എം എൽ എ ഹോസ്റ്റലിൽ കഴിഞ്ഞപ്പോൾ പ്രകാശ് എന്നെ കാണാൻ വന്നിരുന്നു മൂത്ത മകളെ LLB പഠിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച. തന്റെ അസാന്യധത്തിൽ കുടുംബം മാനേജ് ചെയ്ത ഭാര്യ സ്മിതയെ കുറിച്ച് അഭിമാനത്തോടെ പറയാൻ പ്രകാശ് മടിച്ചിരുന്നില്ല. പ്രകാശിന്റെ പല സുഹൃത്തുക്കളും എന്റെയും സുഹൃത്തുക്കൾ ആയിരുന്നു.
പ്രകാശിന്റെ ആകസ്മിക വേർപാടിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെയും ദുഃഖത്തിൽ ഞാനും കുടുംബവും പങ്കു ചേരുന്നു.
പ്രകാശിന്റെ സഹോദരൻ ഏഷ്യാനെറ്റ് റിപ്പോർട്ടർ പ്രശാന്ത് നിലമ്പൂർ.. അങ്ങനെ വേണ്ടപ്പെട്ട ഒരുപാട് പേരെ കണ്ണീരിലാഴ്ത്തി.....
ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു വി വി പ്രകാശ് അന്തരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 29, 2021 7:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
VV Prakash| 'നഷ്ടമായത് സ്നേഹസമ്പന്നനായ സഹോദരനെ': ചെന്നിത്തല; 'പ്രതിസന്ധി ഘട്ടങ്ങളിൽ കരുത്ത് പകർന്ന സഹപ്രവർത്തകൻ': കുഞ്ഞാലിക്കുട്ടി; വിവി പ്രകാശിനെ അനുസ്മരിച്ച് നേതാക്കൾ






