'എല്‍ഡിഎഫും യുഡിഎഫും ലയിക്കട്ടെ; കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് പേരിടാം': നരേന്ദ്ര മോദി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കേരളത്തിലെ ക്ഷേത്രങ്ങളെ സംരക്ഷിക്കുക എന്ന ചുമതലയുള്ള തിരുവനന്തപുരത്തുനിന്നുള്ള ഒരു മന്ത്രി, ശബരിമലയില്‍ അയ്യപ്പ വിശ്വാസികളെ ലാത്തികൊണ്ട് അടിക്കുന്നതിന് നേതൃത്വം നല്‍കിയ ബുദ്ധി കേന്ദ്രങ്ങളിലൊന്നായിരുന്നെന്നും പ്രധാനമന്ത്രി
തിരുവനന്തപുരം: കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ഇടത്- വലത് മുന്നണികളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്‍.ഡിഎഫും യു.ഡി.എഫും ഇരട്ടകളെപ്പോലെയാണ്. ദുര്‍ഭരണത്തിലും അഴിമതിയിലും അക്രമ രാഷ്ട്രീയത്തിലും ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ അവർ ഇരട്ട സഹോദരങ്ങളെ പോലെയാണ് പ്രവർത്തിക്കുന്നത്. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും അവർ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ഇങ്ങനെയുള്ള ഇവർ രണ്ടായി നില്‍ക്കേണ്ടവരല്ല. അവർ ലയിച്ചുണ്ടാകുന്ന പാർട്ടിക്ക് 'കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി' എന്ന് പേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്മനാഭസ്വാമി, ആറ്റുകാൽ, വെള്ളായണി, ആഴിമല അടക്കമുള്ള ക്ഷേത്രങ്ങളെക്കുറിച്ച് പരാമർശിച്ചും, അയ്യങ്കാളിയെയും ചട്ടമ്പിസ്വാമികളെയും രാജാ രവിവർമയെയും സ്വാതി തിരുനാളിനെയും മാർത്താണ്ഡവർമയെയും അനുസ്മരിച്ചുമാണ് മോദി പ്രസംഗം തുടങ്ങിയത്.
എന്‍റെ ഇന്നത്തെ ആദ്യറാലി മധുരയിലായിരുന്നു. പിന്നീട് അയ്യപ്പന്‍റെ നാട്ടിലെത്തി. അതിന് ശേഷം തമിഴ്നാട്ടിലെ കടലോര ഗ്രാമങ്ങളിലെത്തി. പിന്നീട് തിരുവനന്തപുരത്തും. തിരുവനന്തപുരത്തായിരുന്നു ബിജെപി ആദ്യമായി നിയമസഭയിൽ അക്കൗണ്ട് തുടങ്ങിയത്. കേരളത്തിലും തമിഴ്നാട്ടിലും വലിയ എൻഡിഎ അനുകൂലതരംഗമുണ്ടെന്ന് മോദി പറഞ്ഞു.
യു.ഡി.എഫിന് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള കഴിവോ, താല്പര്യമോ ഇല്ലെന്ന് ജനങ്ങള്‍ക്ക് അറിയാം. ഇക്കാര്യത്തിൽ എൻ.ഡി.എയ്ക്ക് ജനപിന്തുണയുണ്ട്. എൻഡിഎ പിന്തുണ കൂടുന്നത് യുവാക്കളിൽ നിന്നും സ്ത്രീകളിൽ നിന്നും പ്രൊഫഷണലുകളിൽ നിന്നുമാണ്. യുഡിഎഫും എൽഡിഎഫും നേതൃത്വം വളരെ മോശമാണ്. ഇവിടത്തെ എംഎൽഎയാണ് ശബരിമലയിൽ വിശ്വാസികളെ അടിച്ചമർത്താൻ മുന്നിൽ നിന്നത്.
advertisement
കഠിനാധ്വാനിയായ ഏത് വ്യക്തിയേയും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ ബലിയാടാക്കാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം ആരോപിച്ചു. എ -ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നമ്പി നാരായണല്‍ എന്ന ശാസ്ത്രജ്ഞന്റെ ശാസ്ത്ര ജിവിതം അവസാനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഭരണത്തിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നം എല്‍ഡിഎഫ് സര്‍ക്കാര്‍ വികസനത്തിന്റെ പുതിയ മാതൃക കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രനെയും പ്രധാനമന്ത്രി വിമർശിച്ചു. കേരളത്തിലെ ക്ഷേത്രങ്ങളെ സംരക്ഷിക്കുക എന്ന ചുമതലയുള്ള തിരുവനന്തപുരത്തുനിന്നുള്ള ഒരു മന്ത്രി, ശബരിമലയില്‍ അയ്യപ്പ വിശ്വാസികളെ ലാത്തികൊണ്ട് അടിക്കുന്നതിന് നേതൃത്വം നല്‍കിയ ബുദ്ധി കേന്ദ്രങ്ങളിലൊന്നായിരുന്നെന്നും പ്രധാനമന്ത്രി ആരോപിച്ചു.
advertisement
ശരണം വിളിച്ച് നരേന്ദ്ര മോദി; വിശ്വാസി സമൂഹത്തെ ലാത്തികൊണ്ട് നേരിട്ടത് വിശ്വസിക്കാനാകുന്നില്ലെന്ന് പ്രധാനമന്ത്രി
പത്തനംതിട്ട: എൽഡിഎഫ്- യുഡിഎഫ് മുന്നണികള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുര്‍ഭരണത്തിന് എതിരായും അടിച്ചമര്‍ത്തലുകള്‍ക്ക് എതിരായും ജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈകള്‍ മുകളിലേക്കുയര്‍ത്തി സ്വാമിയേ ശരമണയ്യപ്പ എന്ന് ശരണം വിളിച്ചായിരുന്നു മോദി പ്രസംഗത്തിന് തുടക്കമിട്ടത്. സാഹോദര്യത്തിന്റേയും ആത്മീയതയുടേയും മണ്ണില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ യേശുവിന്റെ പീഡാനുഭവങ്ങളേയും മോദി പ്രസംഗത്തില്‍ പരാമർശിച്ചു. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകള്‍ എടുത്ത് പറഞ്ഞ മോദി, കവി പന്തളം കേരള വര്‍മയേയും അനുസ്മരിച്ചു.
ദുര്‍ഭരണത്തിന് എതിരായി, അടിച്ചമര്‍ത്തലുകള്‍ക്ക് എതിരായിട്ട് ജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. അടിയന്തരവാസ്ഥ കാലത്ത് വിവിധ ആശയത്തിലുള്ളവര്‍ ഒന്നിച്ചു. വിദ്യാസമ്പന്നരായിട്ടുള്ള ആളുകള്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് നടന്നുകൊണ്ടിരിക്കുകയാണ്. മെട്രോമാനെ പോലുള്ള ആളുകളുടെ ബിജെപിയിലേക്കുള്ള കടന്നുവരവ് രാഷ്ട്രീയ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചു.
advertisement
എല്‍ഡിഎഫും യുഡിഎഫും അവരുടേതായ ഏഴ് പാപങ്ങളാണ് കഴിഞ്ഞ കാലങ്ങളായി നടത്തിയിട്ടുള്ളത്. ദുരഭിമാനവും അഹങ്കാരവും മുഖമുദ്രയാക്കി പ്രവര്‍ത്തിച്ചുവെന്നതാണ് ഒന്നാമത്തേത്. എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്ന അഹങ്കാരമാണ് രണ്ടു മുന്നണികള്‍ക്കും. പണത്തോടുള്ള അത്യാര്‍ത്തിയാണ് രണ്ടാമത്തേത്. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിട്ടുള്ള ഡോളര്‍, സോളാര്‍ തുടങ്ങിയ തട്ടിപ്പുകളും അഴിമതികളും നാം കണ്ടു. ഈ നാട്ടിലെ ജനങ്ങളോടുള്ള ഒടുങ്ങാത്ത പകയാണ് മൂന്നാമത്തേത്. സ്വന്തം നാട്ടിലെ വിശ്വാസി സമൂഹത്തെ ഇങ്ങനെ ലാത്തി കൊണ്ട് നേരിടുന്ന ഒരു സര്‍ക്കാരുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 02, 2021 8:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എല്‍ഡിഎഫും യുഡിഎഫും ലയിക്കട്ടെ; കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് പേരിടാം': നരേന്ദ്ര മോദി


