കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്നും എൻഐഎ കണ്ടെടുത്ത ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു ലഭിച്ച കോഴയെന്നു വെളിപ്പെടുത്തൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ശിവശങ്കർ കൈക്കൂലി വാങ്ങിയെന്ന വിവരം ആദ്യമായാണ് പുറത്തു വരുന്നത്.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഖാലിദ് സ്വപ്ന സുരേഷിനു കൈമാറിയതാണ് ഒരു കോടി രൂപ. ഇത് ശിവശങ്കറിനുള്ള വിഹിതമായിരുന്നെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ പറയുന്നു.
Also Read സ്വര്‍ണക്കടത്ത്: ‘ശിവശങ്കറിനും അദ്ദേഹത്തിന്റെ അടുപ്പക്കാർക്കും എല്ലാം അറിയാം’ സ്വപ്ന സുരേഷ്
വടക്കാഞ്ചേരിയിലെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ടെണ്ടർ തുക ഉൾപ്പെടെയുള്ള വിവരങ്ങൾ എം. ശിവശങ്കർ സ്വപ്ന സുരേഷിന് ചോർത്തി നൽകി. ലേല നടപടികൾ തുടങ്ങുന്നതിനു മുൻപാണ് ശിവശങ്കർ വിവരങ്ങൾ കൈമാറിയിരുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ലൈഫ് മിഷന്റെ 36 പ്രൊജക്ടുകളിൽ 26 എണ്ണവും രണ്ട് കമ്പനികൾക്കാണ് കരാർ ലഭിച്ചിരിക്കുന്നത്. ഇത് സ്വപ്നയുടെ ഇടപെടലിലൂടെയാണെന്നും എൻഫോഴ്സ്മെന്റ് പറയുന്നു.
യുണിടാക് എംഡി സന്തോഷ് ഈപ്പനെ കെഫോൺ, ലൈഫ് മിഷൻ പദ്ധതികളിൽ കൂടുതലായി ഉൾപ്പെടുത്താൻ ശിവശങ്കർ ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം വിദേശത്തു നിന്നുള്ള സാമ്പത്തിക സഹായം സംഘടിപ്പിച്ച് നൽകുന്ന ഇടനിലക്കാർക്ക് കമ്മിഷൻ ലഭിക്കുന്നതിൽ തെറ്റില്ലെന്ന നിയമോപദേശം തനിക്ക് ലഭിച്ചിരുന്നെന്നും കമ്മിഷൻ തുകയുടെ വിഹിതം താൻ കൈപ്പറ്റിയിട്ടില്ലെന്നുമാണ് ശിവശങ്കർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം സ്വപ്നയുടേതാണ്. ലോക്കർ തുറക്കാൻ സഹായിച്ച ചാർട്ടേഡ് അക്കൗണ്ടന്റ് തന്റെ പരിചയക്കാരനാണ്. സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ചാണ് ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതെന്നും ശിവശങ്കർ എൻ.ഐ.എയ്ക്കും ഇ.ഡിക്കും മൊഴി നൽകിയിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi, Enforcement Directorate, Kerala gold, Kerala Gold Smuggling, Life mission case, M sivasankar, Swapna suresh