കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷൻ വാങ്ങിയതുമായി ബന്ധപ്പെട്ട് പദ്ധതി സി.ഇ.ഒ യു.വി ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ലൈഫ് പദ്ധതി പ്രകാരം വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിന് കരാർ നൽകിയതു മുതൽ എല്ലാ ഇടപാടുകളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ. പദ്ധതി നടത്തിപ്പുകാരായ യൂണിടാക് ഉടമകളുടെ മൊഴിയിലും ക്രമക്കേടുകളും അനധികൃത ഇടപാടുകളും നടന്നിട്ടുണ്ടെന്നു വ്യക്തമാകുന്നുണ്ട്. സ്വപ്നയ്ക്കുള്ള പ്രതിഫലത്തിൻ്റെ ഒരു പങ്ക് സന്ദീപിൻ്റെ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതിൻ്റെ രേഖകളും ഇവർ ഇ.ഡിക്ക് നൽകിയിട്ടുണ്ട്. യു. എ. ഇ കോൺസലേറ്റിലെ ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരന് പണം നൽകിയതിൻ്റെ വിശദാംശങ്ങളുംഇക്കൂട്ടത്തിലുണ്ട്.
യു.എ.ഇയിലെ സന്നദ്ധ സംഘടനയായ റെഡ്ക്രസൻ്റുമായി ലൈഫ്മിഷൻ സി.ഇ.ഒ. യു.വി.ജോസ് കരാർ ഒപ്പുവച്ചത് മറ്റാരുടെയോ നിർദ്ദേശപ്രകാരമാണെന്നാണ് ഇ.ഡി കരുതുന്നത്. ജോസിനെ ചോദ്യം ചെയ്താൽ മാത്രമേ ഇതിൻ്റെ വിശദാംശങ്ങൾ ലഭ്യമാകൂ. ഇത് സംബന്ധിച്ച എല്ലാ ഫയലുകളും ഹാജരാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
യു.ഡി.എഫ്. ഭരണകാലത്ത് പദ്ധതി ഏല്പിച്ച കോസ്റ്റ് ഫോർഡിനെ ഒഴിവാക്കി യൂണിടാക്കിനെ ഏല്പിച്ചത് എന്തിനെന്ന ചോദ്യത്തിനും യു.വി.ജോസ് ഉത്തരം നൽകേണ്ടി വരും. അല്ലെങ്കിൽ ഇതിന് നിർദ്ദേശം നൽകിയത് ആരാണെന്ന് വ്യക്തമാക്കണം. റെഡ് ക്രസൻ്റിനും ലൈഫ് മിഷനും ആശയ വിനിമയത്തിന് കോർഡിനേറ്ററെ നിയമിക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത് ആരുടെ നിർദ്ദേശപ്രകാരമെന്നും അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ യു.എ.ഇ. കോൺസുലേറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വർഷമായി നടത്തിയ എല്ലാ കത്തിടപാടുകളും ഹാജരാക്കാൻ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് എൻ.ഐ.എ.നിർദ്ദേശം നൽകി. രണ്ടു ദിസത്തിനകം രേഖകളുമായി നേരിട്ട് എത്താനാണ് പ്രോട്ടോകോൾ ഓഫിസറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.