HOME /NEWS /Kerala / ബെവ്കോ ലാഭവിഹിതം കുറച്ചു; ബാറുകളിൽ മദ്യ വിൽപന പുനരാരംഭിച്ചു

ബെവ്കോ ലാഭവിഹിതം കുറച്ചു; ബാറുകളിൽ മദ്യ വിൽപന പുനരാരംഭിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

13 ശതമാനം ലാഭവിഹിതം നൽകിയാൽ മതിയെന്നാണ് പുതിയ തീരുമാനം

 • Share this:

  തിരുവനന്തപുരം: ബാറുകൾക്കും കൺസ്യൂമർഫെഡുകൾക്കും വെയർഹൗസിൽനിന്ന് മദ്യം നൽകുമ്പോൾ ബെവ്കോ ഈടാക്കിയിരുന്ന ലാഭവിഹിതം കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതോടെ ബാറുകളിൽ വീണ്ടും മദ്യവിൽപന പുനരാരംഭിച്ചു. 13 ശതമാനം ലാഭവിഹിതം നൽകിയാൽ മതിയെന്നാണ് പുതിയ തീരുമാനം. രണ്ടാം ലോക്ഡൗണിനു ശേഷം മദ്യവിൽപന പുനഃരാരംഭിച്ചതോടെയാണ് ബവ്കോ ലാഭവിഹിതം ഉയർത്തിയിരുന്നത്. ബാറുകളിൽനിന്ന് 25 ശതമാനവും കൺസ്യൂമർഫെഡിൽനിന്ന് 20 ശതമാനവും ലാഭ വിഹിതം വാങ്ങാനായിരുന്നു തീരുമാനം. അതിനു മുൻപ് 8 ശതമാനമായിരുന്നു വിഹിതം.

  ലാഭ വിഹിതം പഴയതുപോലെ 8 ശതമാനമാക്കണമെന്നതായിരുന്നു ബാറുടമകളുടെ ആവശ്യം. എങ്കിലും സർക്കാരുമായി ഏറ്റുമുട്ടൽ വേണ്ടെന്നും ബാറുകൾ തുറക്കാമെന്നും ഓൺലൈനായി ചേർന്ന ബാറുടമകളുടെ യോഗം തീരുമാനിച്ചു. ഇതോടെ മദ്യവിൽപനകേന്ദ്രങ്ങളുടെ എണ്ണം 906 ആകും. നിലവിൽ ബെവ്കോ- കൺസ്യൂമർഫെഡ് എന്നിവയുടെ 302 കേന്ദ്രങ്ങളാണ് പ്രവർത്തിച്ചിരുന്നത്. മദ്യശാലകൾക്ക് മുൻപിലെ തിരക്കിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ബാറുകൾ കൂടി തുറക്കുന്നതോടെ നിലവിൽ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

  കോവിഡ് ഇളവുകളുടെ പശ്ചാത്തലത്തിൽ ബിവറേജസ് തുറന്നതിന് പിന്നാലെ മിക്ക ഇടങ്ങളിലും നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്. ഇതിനെ ഹൈക്കോടതി രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. വിവാഹത്തിന് 20 പേർ മതിയെന്ന് നിഷ്‌കർഷിക്കുന്ന സർക്കാർ ബിവറേജസിന് മുന്നിലെ നീണ്ട നിര ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കി 10 ദിവസത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാറുകളിലെ മദ്യവിൽപന പുനഃരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ബാറുകൾ വഴി മദ്യം പാഴ്‌സലായിട്ടാണ് നൽകുക.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  Also Read- കല്യാണവീട്ടില്‍ 20 പേർ മാത്രം; ബെവ്‌കോയില്‍ 500 പേർ; മദ്യവില്‍പനയില്‍ സര്‍ക്കാരിനെ വിമർശിച്ച് ഹൈക്കോടതി

  തൃശൂര്‍ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ടലെറ്റിലെ തിരക്ക് നിയന്ത്രിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്നാരോപിച്ച് ബിവറേജസ് ഔട്ട് ലെറ്റിനു സമീപം പ്രവർത്തിയ്ക്കുന്ന കടയുടെ ഉടമകൾ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. എക്‌സൈസ് കമ്മീഷണർ അനന്തകൃഷ്ണനും  ബിവറേജസ് കോര്‍പറേഷന്‍ എം ഡി യോഗേഷ് ഗുപ്തയും സ്ഥലം എസ്.ഐയും കോടതിയില്‍ ഹാജരായി. എക്സൈസ് ബിവറേജസ് ഉദ്യോഗസ്ഥരെ കോടതി രൂക്ഷമായി വിമര്‍ശിയ്ക്കുകയും ചെയ്തു.

  കോവിഡ് മാനദണ്ഡങ്ങള്‍ മൂലം സംസ്ഥാനത്ത് വിവാഹച്ചടങ്ങുകളില്‍ ഇരുപതു പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി ഉളപ്പോൾ ബിവറേജസ് ഔട്ടലെറ്റുകള്‍ക്കു മുന്നില്‍ അഞ്ഞൂറിലധികം പേര്‍ തടിച്ചുകൂടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വരാന്ത്യ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് മുന്നോടിയായുള്ള വെള്ളിയാഴ്ചകളില്‍ അനിയന്ത്രിതമായ തിരക്കാണ് രൂപപ്പെടുന്നത്. ആളുകള്‍ കൂട്ടയടി നടത്തുമ്പോള്‍ ഒരു മീറ്റര്‍ അകലമെന്ന് കോവിഡ് മാനദണ്ഡം ജലരേഖയായി മാറുകയാണ്. പരസ്പരമുള്ള സ്പര്‍ശനത്തിലൂടെയും അന്തരീക്ഷത്തിലൂടെയും കോവിഡ് പടര്‍ന്നു പിടിയ്ക്കാനുള്ള സാധ്യത ഏറുകയാണ്.

  രണ്ടാം തരംഗത്തിനുശേഷമുള്ള മൂന്നാം തരംഗം പ്രവചിക്കപ്പെടുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളായി മദ്യവില്‍പ്പനശാലകള്‍ മാറുകയാണ്. ആദ്യഘട്ട ലോക്ക് ഡൗണിനുശേഷം മദ്യവില്‍പ്പനശാലകള്‍ തുറന്നപ്പോഴുള്ള തിരക്ക് ബോധ്യപ്പെട്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് ക്യത്യമായ നടപടികള്‍ സ്വീകരിച്ചില്ല എന്നും കോടതി ചോദിച്ചു.

  മദ്യം വാങ്ങാനെത്തുന്നവരെ രണ്ടും മൂന്നും മണിക്കൂറുകള്‍ പൊരിവെയിലത്ത് നീണ്ട വരിയില്‍ നിര്‍ത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. മദ്യം വാങ്ങാനെത്തുന്നവരുടെയും വില്‍പ്പനശാലകള്‍ക്ക് സമീപത്തുകൂടെ കടന്നുപോകുന്ന ജനങ്ങളുടെയും അന്തസ് നിലനിര്‍ത്താന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

  മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് കുമാര്‍ ഗുപ്തയുടെ സാന്നിദ്ധ്യത്തില്‍ കോടതി ബിവറേജസ് കോര്‍പറേഷനെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ മദ്യവില്‍പ്പനയുടെ കുത്തക ബിവേറേജസ് കോര്‍പറേഷനു നല്‍കിയിരിക്കുന്നു. മത്സരമില്ലാത്തതുകൊണ്ടു തന്നെ എങ്ങനെയും മദ്യം വിറ്റ് പണമുണ്ടാക്കിയാല്‍ മതിയെന്ന് മാത്രമാണ് ബൈവ്‌കോയുടെ കരുതല്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മദ്യശാലകളിലെ തിരക്ക് കുറയ്ക്കാന്‍ കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

  First published:

  Tags: Bars in Kerala, Bevco, Bevco outlets, Beverages corporation outlets, Liquor sale in Kerala