തിരുവനന്തപുരം: ഒരു മഹാമാരിയുടെ കാലഘട്ടത്തിൽ സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏറെ പുതുമകളോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പ്. പ്രചാരണം മുതൽ പോളിംഗ് ബൂത്ത് വരെ എല്ലാം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എന്നത് തന്നെയാണ് ഏറ്റവും വലിയ പുതുമ. കോവിഡ് പശ്ചാത്തലത്തിൽ
മൂന്ന് ഘട്ടങ്ങളായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടിയിട്ടുമുണ്ട്. ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കി.
ഡിസംബർ എട്ട് ചൊവ്വാഴ്ച നടക്കുന്ന ആദ്യഘട്ടത്തിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വോട്ടർമാരാണ് വിധിയെഴുതുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൊട്ടിക്കലാശം ഡിസംബർ ആറാം തീയതി വൈകിട്ട് ആറുമണിയോടെ അവസാനിക്കും. പിന്നീട് ഒരുദിവസത്തെ ഇടവേളയ്ക്ക് ശേഷം പോളിംഗ് ബൂത്തിലേക്ക്.
പ്രത്യേക വോട്ടർമാർ:കോവിഡ് രോഗികൾക്കും ക്വറന്‍റീനിൽ കഴിയുന്നവർക്കും വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവരെയാണ് പ്രത്യേക വോട്ടർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തപാൽ വോട്ടിനുള്ള സൗകര്യമാണ് ഇവർക്കൊരുക്കിയിരിക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പ്രത്യേക വോട്ടർമാരുടെ ആദ്യ പട്ടികയിൽ കാൽലക്ഷത്തോളം പേരാണുള്ളത്. കോവിഡ് പോസിറ്റീവായ 8568 പേരും ക്വറന്‍റീനിൽ കഴിയുന്ന 15,053 പേരും ഉൾപ്പെടെ 24,621 പ്രത്യേക വോട്ടർമാരാണുള്ളത്. പ്രത്യേക വോട്ടർമാരുടെ പട്ടിക ഡിസംബർ 7ന് വൈകിട്ട് 3 മണി വരെ പുതുക്കും.
വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ വോട്ടെടുപ്പ് ദിവസത്തിന്റെ തലേന്ന് വൈകിട്ട് മൂന്നു മണിവരെ സ്‌പെഷൽ തപാല്‍ വോട്ടിനായി അപേക്ഷിക്കാം. ഇവരുടെ പ്രത്യേക പട്ടിക തയാറാക്കും. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തപാല്‍ വോട്ടിന് മാത്രമാകും അര്‍ഹത. സ്പെഷല്‍ തപാല്‍ വോട്ടിന് അര്‍ഹരാകുന്നവര്‍ക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല.
വോട്ടെടുപ്പിന് തലേദിവസം മൂന്നു മണിക്കു ശേഷം അപേക്ഷിക്കുന്നവര്‍ക്കാണ് ബൂത്തുകളില്‍ നേരിട്ടത്തി വോട്ട് ചെയ്യാനാനുള്ള അനുമതി. വോട്ടെടുപ്പ് സമയത്തിന്റെ അവസാന ഒരു മണിക്കൂര്‍ ഇവര്‍ക്കായി മാറ്റിവയ്ക്കും. ഓരോ ജില്ലയിലും പ്രത്യേക ചുമതല നല്‍കുന്ന ഹെല്‍ത്ത് ഓഫീസര്‍ക്കായിരിക്കും ഈ വോട്ടര്‍മാരുടെ പട്ടിക തയാറാക്കാനുള്ള അധികാരം.
സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് കൈപ്പറ്റിയ വോട്ടര്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പിക്കേണ്ട ഉത്തരവാദിത്വം റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കായിരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യാനും തിരികെ വാങ്ങാനുമായി പ്രത്യേക പോളിംഗ് ഓഫീസര്‍മാരെയും നിയമിക്കും. ഇവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാക്കും. സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ പ്രത്യേക ഫോമും തയാറാക്കിയിട്ടുണ്ട്.
വോട്ട് ചെയ്ത പോസ്റ്റല്‍ ബാലറ്റ് സ്‌പെഷല്‍ ഓഫീസര്‍ക്ക് നേരിട്ടു നല്‍കുകയോ രജിസ്‌റ്റേര്‍ഡ് പോസ്റ്റായി അയക്കുകയോ ചെയ്യാം. വോട്ടെടുപ്പ് ദിവസത്തിനു മുന്നേ പോസ്റ്റല്‍ വോട്ടുകളുടെ വിതരണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.
വോട്ടെടുപ്പിന് തലേദിവസം മൂന്നു മണിക്കു ശേഷം പട്ടികയില്‍ ഉള്‍പ്പെടുന്ന വോട്ടര്‍മാര്‍ക്ക് പോളിംഗ് ഉദ്യോഗസ്ഥര്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റുമായി വേണം വോട്ടെടുപ്പ് ദിവസം ബൂത്തിലെത്താന്‍. ബൂത്തില്‍ ക്യൂവിലുള്ള വോട്ടര്‍മാര്‍ മുഴുവന്‍ വോട്ട് ചെയ്ത ശേഷമേ
കോവിഡ് രോഗിക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ.
പോളിംഗ് ബൂത്തുകൾ:കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചാകും ബൂത്തുകൾ ഒരുക്കുക, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മാസ്ക്, കയ്യുറ, സാനിറ്റൈസർ, ഫെയ്സ് ഷീൽഡ് എന്നിവ നൽകും. കോവിഡ് രോഗികൾ വോട്ട് ചെയ്യാനെത്തുന്ന അവസാന മണിക്കൂറിൽ ബൂത്തുകളിലെ ഏജന്‍റുമാരും ഉദ്യോഗസ്ഥരും പിപിഇ കിറ്റ് ധരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.