News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 5, 2020, 2:43 PM IST
സ്വപ്നയും ശിവശങ്കറും
കൊച്ചി: സ്വർണക്കടത്തിലെ പ്രതികളുടെ കള്ളപ്പണം വെളുപ്പിച്ചതിന് പുറമെ ഗുരുതര ആരോപണങ്ങളാണ് എൻഫോഴ്സ്മെൻറ് എം.ശിവശങ്കറിനെതിരെ ഉയർത്തുന്നത്. കെ ഫോൺ, ലൈഫ് മിഷൻ പദ്ധതിയുടെ രഹസ്യ വിവരങ്ങൾ ശിവശങ്കർ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വാട്സ് ആപ് വഴി കൈമാറിയെന്ന് എൻഫോഴ്സ്മെൻറ് കോടതിയിൽഅറിയിച്ചു. യൂണിടാകുമായി പങ്കുവയ്ക്കാനാണ് വിവരങ്ങൾ കൈമാറിയത് .
ശിവശങ്കർ ദുരൂഹ ഇടപാടിൻ്റെ ഭാഗമാണെന്നാണ് ഇത് നൽകുന്ന സൂചന . അന്വേഷണം വഴി തെറ്റിക്കാൻ ശിവശങ്കർ ശ്രമിക്കുന്നുവെന്നും 7 ദിവസം കൂടി കസ്റ്റഡി ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ ഇ.ഡി ആരോപിച്ചു . കോൺസുലേറ്റിലെ ഫിനാൻസ് മേധാവി ഖാലിദുമായി അടുപ്പമുണ്ടെന്ന കാര്യം ആദ്യം ശിവശങ്കർ നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.
യൂണിടാകിൽ നിന്ന് പണം കൈപ്പറ്റിയ ഖാലിദുമായി ശിവശങ്കറിൻ്റെ ബന്ധം അന്വേഷിക്കണമെന്നും എൻഫോഴ്സ്മെൻറ് വ്യക്തമാക്കി.
എന്നാൽ ലൈഫ് മിഷൻ ഇടപാടുകൾ എങ്ങനെ ഇ.ഡിയ്ക്ക് അന്വേഷിക്കാനാവുമെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. സ്വർണക്കടത്തും ഈ കേസുകളുമായി ബന്ധമുണ്ടെന്നായിരുന്നു എൻഫോഴ്സ്മെൻ്റിൻ്റെ മറുപടി. കെ ഫോൺ , സ്മാർട്സ് സിറ്റി , ലൈഫ് മിഷൻ പദ്ധതികളിൽ സ്വപ്ന സുരേഷ് ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരുന്നുവെന്നും ഇക്കാര്യങ്ങളും അന്വേഷിക്കണമെന്നും എൻഫോഴ്സ്മെൻ്റ് വ്യക്തമാക്കി .
എം ശിവശങ്കറിനെ കൂടുതൽ ചോദ്യം ചെയ്യാൻ 6 ദിവസം കൂടി കസ്റ്റഡിയിൽ വിട്ടു . അടുത്ത ബുധനാഴ്ച വീണ്ടും ഹാജരാക്കണം. ജാമ്യാപേക്ഷ അന്ന് പരിഗണിക്കും.
ശിവശങ്കർ മുൻകൈ എടുത്ത് ഐടി വകുപ്പിൽ നടപ്പാക്കുന്ന പദ്ധതികളും ഇ .ഡി.യുടെ നിരീക്ഷണത്തിലാണ്.
കെ- ഫോൺ, ഇ- മൊബിലിറ്റി , ടെക്നോപാർക്കിലെ ടോറസ് ഡൗൺടൗൺ, സ്മാർട് സിറ്റി പദ്ധതികളെക്കുറിച്ചാണ് അന്വേഷണം. ഇതിൽ സ്മാർട് സിറ്റി ഒഴിയെയുള്ളതെല്ലാം ഈ സർക്കാറിൻ്റെ മാത്രം പദ്ധതികളാണ്. പദ്ധതികൾക്ക് പിന്നിൽ സ്ഥാപിത താൽപര്യങ്ങളുണ്ടെന്ന് ഇ.ഡി.യുടെ നിഗമനം. 1500 കോടി മുതൽ 4500 കോടി വരെ ചെലവാകുന്ന പദ്ധതികളാണ് ഇവയെല്ലാം.
ഇതിന് ആരാണ് കരാർ ഏറ്റെടുത്തത്, ടെണ്ടർ വ്യവസ്ഥകൾ എന്തൊക്കെ, ടൈണ്ടർ വിശദാംശങ്ങൾ, ഭൂമി ഏറ്റെടുക്കൽ വിശദാംശങ്ങളും തുകയും, കൺസൾട്ടൻസി -നിർമ്മാണ കരാർ നൽകിയത് ആർക്ക്, അതിൻ്റെ വിശദാംശങ്ങൾ എന്നിവയെല്ലാം നൽകണമെന്ന് ഇ.ഡി. ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനകം വിശദാംശങ്ങൾ സമർപ്പിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Published by:
Asha Sulfiker
First published:
November 5, 2020, 2:43 PM IST