വനിതാ മതിൽ വർഗീയ മതിലെന്ന് മാവോയിസ്റ്റുകൾ
Last Updated:
കണ്ണൂർ: വനിതാ മതിലിന് എതിരെ വിമർശനവുമായി മാവോയിസ്റ്റ് ലഘുലേഖ. വനിതാ മതിൽ എന്ന പേരിൽ സി പി എം പുതിയ പ്രഹസനത്തിന് ഒരുങ്ങുകയാണെന്നും വനിതാ മതിൽ നവോത്ഥാന മതിലല്ല മറിച്ച് വർഗ്ഗീയ മതലാണെന്നും ലഘുലേഖയിൽ പറയുന്നു. ജനകീയ വിമോചന ഗറില്ലാ സേന കബനി ദളത്തിന്റെ വാർത്താ ബുള്ളറ്റിനിലാണ് പരാമർശം. ഈ ലഘുലേഖകൾ ഇന്നലെ കൊട്ടിയൂരിൽ വിതരണം ചെയ്തിരുന്നു.
ലഘുലേഖയിലെ പരാമർശം ഇങ്ങനെ
വനിതാ മതിൽ എന്ന പേരിൽ സിപിഎം പുതിയ പ്രഹസനത്തിന് ഒരുങ്ങുകയാണ്. വ്യത്യസ്ത ഹിന്ദു സാമുദായിക സംഘടനകളെ അണിനിരത്തി ഇവർ സൃഷ്ടിക്കുന്ന മതിൽ നവോത്ഥാന മതിലല്ല, വർഗീയ മതിൽ തന്നെയാണ്. ശബരിമല വിഷയത്തിൽ അക്രമാസക്തമായ ആൾക്കൂട്ടത്തെ ഇളക്കിവിട്ട് സാമുദായിക ഐക്യം സൃഷ്ടിച്ച് ഹിന്ദുത്വവൽക്കരണം ശക്തിപ്പെടുത്താൻ ബിജെപി നീക്കം നടത്തുന്നു. മറുവശത്ത് കോൺഗ്രസ്, നായന്മാർ അടക്കമുള്ള ഹിന്ദുത്വവാദികളെ ഒന്നിപ്പിച്ച് അവരുടെ ബ്രാഹ്മണ്യദാസ്യം ഒരു മറയും ഇല്ലാതെ പ്രദർശിപ്പിക്കുന്നു. അണ്ണാൻ കുഞ്ഞിനും തന്നാൽ ആയത് എന്ന രീതിയിൽ സിപിഎമ്മും എസ്എൻഡിപിയും ചേർന്നുനടത്തുന്ന വനിത മതിൽ വർഗീയ മതിലല്ലാതെ മറ്റൊന്നുമല്ല. ബ്രാഹ്മണ്യ ഹിന്ദുത്വത്തോടുള്ള സിപിഎമ്മിന്റെ അവസരസേവ പുതിയ കാര്യമല്ല. കേരളം മുഴുവൻ മതിൽ കെട്ടാൻ സംഘടനാ ശേഷി ഉണ്ടായിട്ടും സർക്കാർ സംവിധാനവും കോടതിവിധിയും ഉണ്ടായിട്ടും അവിടെയെത്തിയ സ്ത്രീകൾക്ക് സംഘപരിവാരങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ കഴിയാത്തത് എന്തുകൊണ്ട്? കാലങ്ങളായി ഇവർ തുരുന്ന ഹിന്ദുത്വ സേവയാണ് ഇത് വ്യക്തമാക്കുന്നത്. ഇത് കേരളത്തിലെ പുരോഗമന ജനത തിരിച്ചറിയണം. അവരുടെയെല്ലാം വർഗ-ജാതി താൽപര്യങ്ങൾ എന്തു മുഖംമൂടി ധരിച്ച് മറച്ചുവച്ചാലും ജനങ്ങൾ തിരിച്ചറിയും.
advertisement
കഴിഞ്ഞ ദിവസം രാത്രിയോടെ കണ്ണൂർ അമ്പായത്തോടിൽ തോക്കേന്തിയ മാവോയിസ്റ്റ് സംഘമെത്തിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഒരു സ്ത്രീയടങ്ങുന്ന നാലംഗസംഘമാണ് എത്തിയത്. ഇവർ സിപിഐ മാവോയിസ്റ്റ് പാർട്ടിയുടെ പേരിൽ പോസ്റ്ററൊട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ‘ഫാസിസത്തെ നശിപ്പിക്കാൻ അടിമുടി സായുധരാവുക’ എന്നെഴുതിയ പോസ്റ്ററാണ് ഇവർ ഒട്ടിച്ചത്. ഇതിനു ശേഷം നാട്ടുകാർക്ക് ഇർ ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. വയനാട്, കണ്ണൂർ അതിർത്തിയിലെ കൊട്ടിയൂർ വനത്തിലേക്ക് ഇവർ കടന്നതായാണ് നാട്ടുകാർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 30, 2018 1:47 PM IST