മട്ടന്നൂർ നഗരസഭ പൊതുതിരഞ്ഞെടുപ്പിൽ 84.61 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെ 38811 വോട്ടർമാരിൽ 32837 പേർ വോട്ട് ചെയ്തു . ഇതില്‍ 14931 പുരുഷൻമാരും 17906 സ്ത്രീകളുമാണ്. 2017ലെ പോളിംഗ് ശതമാനം 82.91 ആയിരുന്നു. ഇത്തവണ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം വാർഡ് 34 മേറ്റടിയിലാണ് 95.13 ശതമാനം. വാർഡ് 1 മണ്ണൂർ (91.1), വാർഡ് 2 പൊറോറ (91.71), വാർഡ് 13 പരിയാരം (91.27) എന്നീ വാർഡുകളിലും അടക്കം നാല് വാർഡുകളിൽ പോളിംഗ് 90 ശതമാനം കടന്നു. 31 വാർഡുകളിൽ പോളിംഗ് 80 ശതമാനം കടന്നു. ഏറ്റവും കുറവ് പോളിംഗ് വാർഡ് 28 മട്ടന്നൂരിലാണ് 72.35 ശതമാനം.
നാലാങ്കേരി, മിനി നഗർ തുടങ്ങിയ വാർഡുകളിൽ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ തോതിൽ വാക്കേറ്റം നടന്നു. പോലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു.
ഏഴാം വാർഡിലെ മട്ടന്നൂർ പോളിടെക്ക്നിക്ക് ബൂത്തിൽ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഇടവേലിക്കൽ വാർഡിൽ അയ്യലൂർ എൽ പി സ്കൂളിലെ 15 നമ്പർ ബൂത്തിൽ മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ എം എൽ എ വോട്ട് രേഖപ്പെടുത്തി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതു നിരീക്ഷക ആർ കീർത്തി വിവിധ ബൂത്തുകൾ സന്ദർശിച്ചു.
രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറ് മണിക്കാണ് അവസാനിച്ചത്. ഉച്ചക്ക് ഒരു മണിയോടെ തന്നെ 54.77 ശതമാനം പേർ വോട്ട് ചെയ്തിരുന്നു. രണ്ട് മണിക്ക് പോളിംഗ് 62.49 ശതമാനമായി. അഞ്ച് മണിക്ക് പോളിംഗ് ശതമാനം 80 കടന്നു -81.88.
35 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 18 വാർഡുകൾ സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 49 പുരുഷന്മാരും 62 സ്ത്രീകളും.
ഓരോ വാർഡിലും ഒന്ന് വീതം 35 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയിരുന്നു. മാതൃക ഹരിത ബൂത്തുകളും ഒരുക്കി.
എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടായിരുന്നു. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു.
വോട്ടെടുപ്പിന് ശേഷം സെക്ടറൽ ഓഫീസർമാർ വോട്ടിംഗ് മെഷീനുകൾ ബൂത്തുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച് രാത്രിയോടെ മട്ടന്നൂർ എച്ച് എച്ച് എസ് എസിലെ സ്ട്രോങ് റൂമിൽ എത്തിച്ചു. ഇവിടെ വോട്ടെണ്ണൽ 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കും.
വാർഡ്, പോളിംഗ് ശതമാനം എന്ന ക്രമത്തിൽ
1 മണ്ണൂർ 91.1 %
2 പൊറോറ 91.71 %
3 ഏളന്നൂർ 87.36 %
4 കീച്ചേരി 87.38 %
5 ആണിക്കരി 82.77 %
6 കല്ലൂർ 81.63 %
7 കളറോഡ് 83.56 %
8 മുണ്ടയോട് 82.42 %
9 പെരുവയൽക്കരി 84.19 %
10 ബേരം 89.75 %
11 കായലൂർ 82.18 %
12 കോളാരി 88.62 %
13 പരിയാരം 91.27 %
14 അയ്യല്ലൂർ 85.49 %
15 ഇടവേലിക്കൽ 82.8 %
16 പഴശ്ശി 80.68 %
17 ഉരുവച്ചാൽ 81.55 %
18 കരേറ്റ 84.97 %
19 കുഴിക്കൽ 88.03 %
20 കയനി 87 %
21 പെരിഞ്ചേരി 86.76 %
22 ദേവർകാട് 81.08 %
23 കാര 79.23 %
24 നെല്ലൂന്നി 83.24 %
25 ഇല്ലംഭാഗം 84.7 %
26 മലക്കുതാഴെ 80.32 %
27 എയർപോർട്ട് 86.46 %
28 മട്ടന്നൂർ 72.35 %
29 ടൗൺ 81.66%
30 പാലോട്ടുപള്ളി 74.86 %
31 മിനി നഗർ 79.64 %
32 ഉത്തിയൂർ 84.79 %
33 മരുതായി 85.31 %
34 മേറ്റടി 95.13 %
35 നാലാങ്കേരി 84.39 %
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.