തിരുവനന്തപുരം: പട്ടികജാതി-പട്ടിക വർഗങ്ങൾക്കുള്ള ഫണ്ട് തട്ടിപ്പ് പിടികൂടിയതോടെ തനിക്ക് നേരെയും ഭീഷണിയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ്റെ വെളിപ്പെടുത്തൽ. കാച്ചാണി അജിത് എന്നയാളാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസിൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇടനിലക്കാരനായി നിന്ന് ഇയാൾ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണം. ഇയാൾക്കെതിരേ പൊലീസിൽ പരാതി നൽകിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പിന്നോക്കക്കാരുടെ സഹായങ്ങളിൽ കൈയിട്ടു വാരുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാവപ്പെട്ടവരെ വഞ്ചിക്കുന്നവരോട് ഒരു പരിഗണനയും ഉണ്ടാകില്ല. മാന്യമായി പ്രവർത്തിക്കുന്നവരെ സർക്കാർ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി വികസന ഡയറക്ടറേറ്റിലെഇ- ഓഫിസ് സംവിധാനം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രിയുടെ മുന്നറിയിപ്പ്. പട്ടികജാതി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ പശ്ചാത്തലത്തിൽ മോശം കാര്യങ്ങൾ ചെയ്യുന്നതു തടയാൻ തുടങ്ങിയതോടെ എതിർപ്പുകളും ശക്തമാകുകയാണ് . അതുകൊണ്ടൊന്നും പിന്തിരിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം തട്ടിപ്പിലെ മുഖ്യപ്രതി രാഹുലുമായി അന്വേഷകസംഘം ഇന്ന് ഡൽഹിയിലേക്ക് പോകും. രാഹുലിന്റെ ലാപ് ടോപ്, ഐ ഫോൺ എന്നിവ കണ്ടെത്താനും തെളിവെടുപ്പ് നടത്താനുമാണ് നീക്കം. ലാപ് ടോപ്പിൽ സാമ്പത്തിക ഇടപാടുകളുടെ നിർണായക വിവരങ്ങളുണ്ടെന്നാണ് നിഗമനം. ഫോൺ കണ്ടെത്തിയാൽ മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും. ഒളിവിൽ തുടരാൻ പണം കണ്ടെത്താനാണ് ഇവ വിറ്റതെന്നാണ് മൊഴി. ഇത് പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
എസ് ഐ ഷാനവാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലേക്ക് പോകുന്നത്. രാഹുലിൻ്റെ നേതൃത്വത്തിൽ 75 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പൊലീസ് അന്വേഷണത്തിലും 95 ലക്ഷം നഷ്ടമായതായി പട്ടികജാതി വകുപ്പിന്റെ ഓഡിറ്റിലും കണ്ടെത്തിയിട്ടുണ്ട്.
എസ് സി - എസ് ടി വിഭാഗങ്ങളിലെ കുട്ടികൾക്ക് പഠനമുറി നിർമ്മാണത്തിന് രണ്ട് ലക്ഷം രൂപയും വിവാഹ സഹായത്തിന് 75,000 രൂപയും നൽകുന്ന പദ്ധതിയിലാണ് രാഹുലിൻ്റെ നേതൃത്വത്തിൽ തട്ടിപ്പ് നടത്തിയത്. രണ്ട് എസ് സി പ്രമോട്ടർമാരുടെ നേതൃത്വത്തിൽ ബിനാമി അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുകയായിരുന്നു. നാലു മാസം മുൻപ് രാഹുൽ സ്ഥലം മാറി പുതിയ ക്ലർക്ക് വന്നപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. ഇതോടെ കഴിഞ്ഞ ഏപ്രിൽ ഒന്നിന് വകുപ്പ് ഓഡിറ്റ് തുടങ്ങി. ഏപ്രിൽ എട്ടാം തിയതി മ്യൂസിയം പൊലീസ് കേസെടുത്തു. ഇതോടെ രാഹുൽ ഒളിവിൽ പോവുകയായിരുന്നു.
തട്ടിപ്പിൽ ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗത്തിന് പങ്കുണ്ടെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ നേതാവിൻ്റെ അമ്മയുടേയും അച്ഛൻ്റെയും അക്കൗണ്ടിലേക്ക് ട്രഷറി വഴി പണം എത്തിയെന്ന് എസ്സി പ്രമോട്ടർ പരാതി നൽകിയിട്ടും സർക്കാർ അവഗണിച്ചു. പാവപ്പെട്ട പട്ടികജാതിക്കാർക്ക് കിട്ടേണ്ട പണം അക്കൗണ്ട് നമ്പർ മാറ്റി സിപിഎമ്മുകാർ തട്ടിയെടുക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.