തിരുവന്തപുരം: പൊതുമരാമത്ത് വകുപ്പ് ചീഫ് ആര്‍ക്കിടെക്ട് ഓഫിസില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. രാവിലെ 11 മണി കഴിഞ്ഞിട്ടും ജീവനക്കാരെത്താത്തതില്‍ മന്ത്രി ക്ഷോഭിച്ചു. തിരുവനന്തപുരം പബ്ലിക് ഓഫീസ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന പിഡബ്ല്യൂഡി ചീഫ് ആര്‍ക്കിടെക്ട് ഓഫീസിലെ ജീവനക്കാരുടെ അനാസ്ഥയിലാണ് മന്ത്രി പൊട്ടിത്തെറിച്ചത്.
മന്ത്രി ഓരോ ക്യാബിനിലും എത്തി പരിശോധിക്കുമ്പോഴും ഭൂരിഭാഗം സീറ്റുകളും കാലിയായ നിലയിലായിരുന്നു. ഇതോടെ മന്ത്രി പഞ്ചിംഗ് വിവരങ്ങള്‍ ചോദിച്ചു. ഇത് ലഭിക്കാന്‍ വൈകിയതോടെ മന്ത്രി ജീവനക്കാരെ പരസ്യമായി ശാസിച്ചു. ഓഫീസില്‍ ജീവനക്കാര്‍ കൃത്യമായി എത്തുന്നില്ലെന്ന പരാതിക്ക് പിന്നാലെയായിരുന്നു വകുപ്പ് സെക്രട്ടറിക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന.
ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തുന്നതില്‍ കൃത്യതയില്ലെന്നും പര്‍ച്ചേസ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തര വിജിലന്‍സിനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ഓഫീസിലെ പഞ്ചിംഗ് സ്റ്റേറ്റ്മെന്റ് പിഡബ്ല്യുഡി സെക്രട്ടറിയോട് വിശദമായി പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.