പ്രളയ സെസ് വിലക്കയറ്റമുണ്ടാക്കുമോ?

Last Updated:

'വിലവർധിക്കുമെന്ന മാധ്യമവാർത്തകൾ തെറ്റ്'

തിരുവനന്തപുരം: ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തുന്നത് വഴി നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകൂടില്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. അരി, പഞ്ചസാര, പയറുവര്‍ഗങ്ങള്‍, പലവ്യഞ്ജനം, ഭക്ഷ്യ എണ്ണ എന്നിവയുടെയൊന്നും വില കൂടില്ല. കാരണം അവയില്‍ മഹാഭൂരിപക്ഷത്തിനും നികുതിയില്ല. അപൂര്‍വം ചിലവ അഞ്ചു ശതമാനം സ്ലാബിലാണ്. സെസ് ബാധകമാകുന്നത് 12, 18, 28 സ്ലാബില്‍ വരുന്ന ഉല്‍പന്നങ്ങള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ സ്ലാബില്‍ വരുന്ന ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് ഉണ്ട്. പക്ഷേ, ഉപഭോക്താവിന് ഇത് കാര്യമായ ബാധ്യതയുണ്ടാക്കില്ല. മറിച്ചുള്ള പ്രചാരണങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും തെറ്റാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്
വാറ്റ്, എക്‌സൈസ് തുടങ്ങിയ ഇനങ്ങളില്‍ പിരിച്ചിരുന്ന നികുതി ഏകീകരിച്ചാണ് ജിഎസ്ടി. അപ്പോള്‍ത്തന്നെ നികുതിയില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്. ഇപ്പോഴാകട്ടെ, ജിഎസ്ടിയില്‍ 28 ശതമാനം സ്ലാബ് തന്നെ ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞു. അവയുടെ നികുതി പതിനെട്ടും പന്ത്രണ്ടും ശതമാനമായി താഴുകയാണ്. കളര്‍ ടിവിയും പവര്‍ ബാങ്കും ഡിജിറ്റല്‍ കാമറയുമൊക്കെ ഈ പട്ടികയിലുണ്ട്. ഈ ഉല്‍പന്നങ്ങളുടെ ജിഎസ്ടിയില്‍ പത്തു ശതമാനത്തിന്റെ കുറവ്. അവിടെയാണ് ഒരു ശതമാനത്തിന്റെ പ്രളയസെസ് കടന്നു വരുന്നത്. അതായത് 100 രൂപയുടെ ഉത്പന്നം 28 ശതമാനം ജിഎസ്ടി അടക്കം 128 രൂപയായിരുന്നു. അതിപ്പോള് 18 ശതമാനം സ്ലാബിലേയ്ക്കു മാറി. പത്തു രൂപയുടെ കുറവ് വിലയില്‍ വരും. നമ്മുടെ ഒരു ശതമാനം പ്രളയസെസ് ചുമത്തുമ്പോള്‍ ഒമ്പതു രൂപയേ കുറയൂ. ഇതെങ്ങനെയാണ് വിലക്കയറ്റമാവുക. ഒരു ഉല്പന്നം നേരത്തെ വാങ്ങിയ വിലയില്‍ നിന്ന് പത്തു രൂപ കുറവു ലഭിക്കേണ്ട സ്ഥാനത്ത് ഒമ്പത് രൂപയുടെ കുറവേ വരൂ എന്നര്‍ത്ഥം. ആ പണം പ്രളയം തകര്‍ത്ത നാടിനെ പുനഃനിര്‍മ്മിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.
advertisement
വലിയ വിമര്‍ശനം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവൊക്കെ ഭരിച്ചപ്പോള്‍ എന്തായിരുന്നു സ്ഥിതി? 12.5 ശതമാനമായിരുന്ന വാറ്റ് നികുതി 14.5 ശതമാനമായി വര്‍ദ്ധിപ്പിച്ച ശേഷമാണ് അവര്‍ ഭരണമൊഴിഞ്ഞത്. ഇപ്പോഴെന്താണ് ഈ തീരുമാനത്തിനു പിന്നില്‍. ചരിത്രത്തിലെ ഏറ്റവും വലിയ കെടുതികളിലൊന്നില് നിന്ന് കരകയറണം. അതിനൊരു ഉപാധിയായി, രണ്ടു വര്‍ഷത്തേയ്ക്ക് ഒരു സെസ്. അതുപോലും ചെയ്യാന്‍ പാടില്ല എന്നു വിമര്‍ശിക്കുന്നവരുടെ ഉള്ളിലിരിപ്പ് ഈ കെടുതികളില്‍ നിന്ന് നാം കരകയറരുത് എന്നാണ്.
100 ഗ്രാം പേസ്റ്റിന് 50 രൂപയാണെന്നിരിക്കട്ടെ. ഒരു ശതമാനം സെസ് പ്രാബല്യത്തില്‍ വരുമ്പോള്‍ ഉപഭോക്താവ് 50 പൈസ കൊടുക്കേണ്ടി വരും. ഒരു ചന്ദ്രിക സോപ്പിന് വില 26 രൂപ. അതിന് 26 പൈസ സെസ് കൊടുക്കേണ്ടി വരികയേ ഉള്ളുവെന്നും മന്ത്രി വ്യക്തമാക്കി.
advertisement
സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദനികുതി ചുമത്താനുള്ള അവകാശം പഞ്ചായത്തുകള്‍ക്കു നല്‍കിയതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളും വെറും ബഹളം വെപ്പാണ്. വരുന്ന ഏപ്രില് ഒന്നുവരെ 100 രൂപയ്ക്കു മുകളിലുള്ള സിനിമാ ടിക്കറ്റിന് 28 ശതമാനമാണ് ജിഎസ്ടി. അത് ഏപ്രില് മുതല് 18 ശതമാനമായി താഴും. കുറയുന്ന പത്തു ശതമാനം പഞ്ചായത്തുകള്‍ വിനോദ നികുതി ഇനത്തില് ഈടാക്കും. അപ്പോഴെങ്ങനെയാണ് ടിക്കറ്റ് വില വര്‍ദ്ധിക്കുക. ഉപഭോക്താവ് മുടക്കുന്ന തുകയില്‍ ഒരു വ്യത്യാസവുമില്ലല്ലോ. നേരത്തെ ജിഎസ്ടി ആയി നല്‍കിയത് പഞ്ചായത്തിനു നല്‍കേണ്ടി വരും. ഉപഭോക്താവു മുടക്കുന്ന തുകയില്‍ ഒരു വ്യത്യാസവും വരുന്നില്ല. അപ്പോഴെങ്ങനെയാണ് സിനിമാ വ്യവസായം പ്രതിസന്ധിയിലാവുക. കാര്യമറിയാതെയാണ് ഇക്കാര്യത്തിലെ വിമർശനങ്ങള്‍.
advertisement
മദ്യത്തിനു വില കൂടുന്നേ എന്ന നിലവിളിയും കേട്ടു. മദ്യത്തിന് രണ്ടു ശതമാനമാണ് നികുതി. 100 രൂപ ഉണ്ടായിരുന്ന ബിയറിന് 102 രൂപയാകും. 100 രൂപയ്ക്ക് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ കിട്ടുന്ന ഒരു ബിയര്‍, ബാറില്‍ എത്ര രൂപയ്ക്കാണ് വാങ്ങുന്നത്? 160-170 രൂപയാവും. അതായത് നിലവില്‍ 100 രൂപയ്ക്ക് സര്‍ക്കാര്‍ വില്‍ക്കുന്ന ഒരു ഉല്‍പന്നം 60 ശതമാനം വില അധികം നല്‍കി ഉപയോഗിക്കാന്‍ തയ്യാറുളളവര്‍ക്ക്, ഈ സെസ് യഥാര്‍ത്ഥത്തില്‍ ഒരു പ്രശ്‌നമാണോ?
സിമെന്റിന് പാക്കയ്‌റ്റൊന്നിന് 30 മുതല്‍ 50 രൂപ വരെ ഹോള്‍സെയില്‍ വില ഉയരുകയാണ്. റീട്ടെയില്‍ വില 15 രൂപ കൂടി കൂടും. തിരഞ്ഞെടുപ്പ് പ്രമാണിച്ച് അമിത് ഷാ വിളിച്ച സിമെന്റ് കമ്പനി ഉടമകളുടെ യോഗത്തിനു ശേഷമാണ് വില വര്‍ദ്ധനയെന്നാണ് വിവരം. കമ്പനികള്‍ സ്വന്തം നിലയില്‍ 65 രൂപ വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല. പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പാക്കറ്റൊന്നിന് 3 രൂപയോളം സെസ് സര്‍ക്കാര്‍ ഈടാക്കുന്നതാണ് പ്രശ്‌നമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രളയ സെസ് വിലക്കയറ്റമുണ്ടാക്കുമോ?
Next Article
advertisement
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
  • വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് വിശേഷിപ്പിച്ചു, പൊട്ടാസ്യം സയനൈഡ് ആണെന്ന് പറഞ്ഞു.

  • ഗണേഷ് കുമാർ തറ മന്ത്രിയാണെന്നും കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

  • മുസ്‌ലിം ലീഗ് ഭരിച്ചാൽ നാടുവിടേണ്ടി വരുമെന്നും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശൻ.

View All
advertisement