'മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ തക്ക പൊക്കം സതീശനില്ല, തരത്തിൽ കളിക്കണം': മന്ത്രി ശിവൻകുട്ടി
- Published by:Rajesh V
- news18-malayalam
Last Updated:
'ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനും വി ഡി സതീശൻ നേതൃത്വം വഹിച്ച ഒരു പോരാട്ടം എടുത്തു പറയാൻ ആകുമോ?'
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സതീശൻ തരത്തിൽ കളിക്കണമെന്ന് ശിവൻകുട്ടി പറഞ്ഞു.
‘മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ തക്ക പൊക്കമൊന്നും സതീശനില്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ഉയർന്നുവന്ന നേതാവാണ് മുഖ്യമന്ത്രി. ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനും വി ഡി സതീശൻ നേതൃത്വം വഹിച്ച ഒരു പോരാട്ടം എടുത്തു പറയാൻ ആകുമോ?'-ചിറയിൻകീഴ് മണ്ഡലത്തിൽ നവകേരള സദസിൽ സംസാരിക്കവേ ശിവൻകുട്ടി ചോദിച്ചു.
ഇനിയും വെല്ലുവിളിക്കാൻ ആണ് സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും. കേരളത്തെ കലാപഭൂമിയാക്കാൻ സതീശൻ ഗൂഢാലോചന നടത്തുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോൺഗ്രസ് ഗുണ്ടകൾ അഴിഞ്ഞാടിയത് സതീശന്റെ ഒത്താശയോടെയാണ്. പൊതുഖജനാവിനുണ്ടായ നഷ്ടങ്ങളുടെ ഉത്തരവാദി സതീശൻ ആണ്.
advertisement
കേരളത്തിലെ പ്രതിപക്ഷത്തിന്റേത് നിഷേധാത്മക സമീപനമാണ്. എല്ലാ വികസന പദ്ധതികൾക്കും എതിരാണ് അവർ. കേരളത്തിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞ കേരളീയം പരിപാടിയും കേരളത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങൾ അടക്കം ചർച്ച ചെയ്യുന്ന നവകേരള സദസും പ്രതിപക്ഷം ബഹിഷ്കരിച്ചു.
ഐക്യ ജനാധിപത്യ മുന്നണി എന്നതിന് പകരം ബഹിഷ്കരണ മുന്നണി എന്നതാണ് നല്ലത്. നവകേരള സദസിന്റെ വിജയം കോൺഗ്രസ് നേതാക്കളുടെ മനോനില തെറ്റിച്ചിരിക്കുന്നു -മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 21, 2023 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ തക്ക പൊക്കം സതീശനില്ല, തരത്തിൽ കളിക്കണം': മന്ത്രി ശിവൻകുട്ടി