കേന്ദ്ര മന്ത്രിമാർ ഫോട്ടോ എടുത്ത് പോയാൽ പോരാ; റോഡിലെ കുഴിയും എണ്ണണമെന്ന് മുഹമ്മദ് റിയാസ്
- Published by:user_57
- news18-malayalam
Last Updated:
ദേശീയപാത വികസനം യാഥാർഥ്യമെന്ന് പ്രതിപക്ഷ നേതാവ്. മന്ത്രി പ്രകോപനപരമായി സംസാരിക്കരുതെന്നും വി.ഡി. സതീശൻ
തിരുവനന്തപുരം: ഉദ്ഘാടനം ഉറപ്പായ പദ്ധതികൾക്ക് അടുത്ത് നിന്ന് ഫോട്ടോ എടുത്താൽ മാത്രം പോരാ, കേന്ദ്ര മന്ത്രിമാർ ദേശീയ പാതയിലെ കുഴികളും എണ്ണണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച് നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മുഹമ്മദ് റിയാസ് (P.A. Mohammed Riyas) കേന്ദ്ര മന്ത്രിമാരെ വിമർശിച്ചത്.
ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള റോഡുകളുടെ പരിപാലനം അവർക്കുതന്നെയാണ്. കുറെക്കൂടി ജാഗ്രതയോടെ അവർ ഇടപെടണം. കേന്ദ്രമന്ത്രിമാരോടു ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ദേശീയ പാതാ അതോറിറ്റിക്കു കീഴിലുള്ള റോഡുകളിൽ ഒരുപാട് കുഴികളുണ്ട്. നമ്മുടെ സംസ്ഥാനത്ത് ജനിച്ച്, കളിച്ചുവളർന്ന്, മറ്റൊരു സംസ്ഥാനത്തു നിന്ന് രാജ്യസഭാ അംംഗമായ ഒരു കേന്ദ്രമന്ത്രിയുണ്ട്. ഒട്ടുമിക്ക ദിവസങ്ങളിലും അദ്ദേഹം പത്രസമ്മേളനങ്ങളിലുണ്ട്. അദ്ദേഹം നടത്തുന്ന പത്രസമ്മേളനത്തെെക്കാൾ കുഴി കേരളത്തിലുണ്ട്. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അദ്ദേഹം പരിഹരിക്കാൻ ഇടപെട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ പരോക്ഷമായി വിമർശിച്ച് മുഹമ്മദ് റിയാസ് പറഞ്ഞു.
advertisement
ദേശീയ പാത സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തിയ വിദേശകാര്യ മന്ത്രി ജയശങ്കറെയും റിയാസ് വിമർശിച്ചു. ഒരുപാട് കേന്ദ്രമന്ത്രിമാർ സംസ്ഥാനത്ത് വരുന്നുണ്ട്. അവർ ഉദ്ഘാടനം ഉറപ്പായ പദ്ധതികൾ ഫോട്ടോ എടുത്തു പോകുന്നുമുണ്ട്. അത്തരം കേന്ദ്രമന്തിമാരും ദേശീയപാതാ അതോറിറ്റിക്കു കീഴിലെ റോഡുകളുടെ കുഴി എണ്ണാനും കുഴി അടയ്ക്കാനും ഇതുപോലെ ശ്രദ്ധിക്കണമെന്ന് റിയാസ് കൂട്ടിച്ചേർത്തു.
റിയാസിൻ്റെ വിമർശനങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. പ്രകോപിപ്പിക്കുന്ന രീതിയിൽ മന്ത്രി പറഞ്ഞത് ശരിയായില്ല. ദേശീയ പാതാ വികസനത്തിന് പ്രതിപക്ഷം പൂർണമായി സഹകരിക്കുന്നു. സമയബന്ധിതമായി വികസനം പൂർത്തിയാക്കാനുള്ള ഏകോപനവും സംവിധാനവും വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
advertisement
1990കളുടെ തുടക്കത്തിലാണ് ദേശീയ പാതാ വികസന ചർച്ചകൾ കേരളത്തിൽ തുടങ്ങിയത്. മാറി മാറി വന്ന സർക്കാരുകൾക്കു അതിനു കഴിഞ്ഞില്ല. ഇപ്പോൾ വികസനം ഉണ്ടായി എന്നത് യാഥാർഥ്യമാണ്. ഭൂമി ഏറ്റെടുക്കൽ വെല്ലുവിളിയായത് കൊണ്ടാണ് വികസനം തടസ്സപ്പെട്ടത്. തുച്ഛമായ വിലയായിരുന്നു നഷ്ടപരിഹാരമായി ലഭിച്ചിരുന്നത്.
2013ൽ യുപിഎ സർക്കാർ റൈറ്റ് ടു ഫെയർ കോംപൻസേഷൻ ആക്ട് യാഥാർഥ്യമാക്കിയതോടെയാണ് ന്യായമായ നഷ്ടപരിഹാരം കൊടുക്കാൻ കഴിഞ്ഞത്. 2015ലാണ് അതിന്റെ ചട്ടങ്ങൾ നിലവിൽവന്നത്. ഹൈവേയ്ക്ക് എതിരേ സിപിഎമ്മും കോൺഗ്രസും ഒരുമിച്ച് സമരം ചെയ്തിരുന്നെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
advertisement
കേന്ദ്രസർക്കാരിനെ നയിക്കുന്ന രാഷ്ട്രീയ പാർട്ടിക്കതെിരേ എന്നു തോന്നുന്ന നിലപാട് സ്വീകരിക്കുമ്പോൾ അതിൽ പ്രകോപനം ഉണ്ടായാൽ തനിക്കൊന്നും പറയാനില്ല എന്നായിരുന്നു മുഹമ്മദ് റിയാസിൻ്റെ മറുപടി.
താൻ പ്രകോപനം ഉണ്ടാക്കിയില്ല. പ്രകോപനം ഉണ്ടാകേണ്ടിയിരുന്നത് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികൾ സഭയിൽ ഉണ്ടായിരുന്നെങ്കിൽ അവർക്കായിരുന്നു. അവർ സഭയിൽ ഇല്ല. പക്ഷേ മറ്റു ചിലർക്ക് അതിൽ എങ്ങനെ പ്രകോപനം വന്നു എന്നറിയില്ല.
ഞാൻ ചൂണ്ടിക്കാട്ടിയത് കേന്ദ്ര സർക്കാരിന് എതിരേയാണ്. എല്ലാരേയും ഉൾപ്പെടുത്തി തന്നെയാണ് വികസന രംഗത്ത് മുന്നോട്ടു പോകുന്നത്. അല്ലാതെ വികസനത്തിന്റെ എവർ റോളിംഗ് ട്രോഫി നേടാനല്ല ശ്രമം. കേരളത്തിലെ ദേശീയ പാതാ വികസനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാരിന് അതിൽ താത്പര്യമില്ലെന്നും ദേശീയ പാതാ അതോറിറ്റി ചെയർമാൻ കേരളത്തിന് അയച്ച കത്തിൽ പറഞ്ഞിരുന്നു. അന്ന് കേരളം ഭരിച്ചിരുന്നത് യുഡിഎഫാണെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 13, 2022 12:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്ര മന്ത്രിമാർ ഫോട്ടോ എടുത്ത് പോയാൽ പോരാ; റോഡിലെ കുഴിയും എണ്ണണമെന്ന് മുഹമ്മദ് റിയാസ്