Local Body Elections | അമ്മയും മകനും നേർക്കുനേർ; കൊല്ലം അഞ്ചലിൽ തെരഞ്ഞെടുപ്പ് പോരാട്ടം കുടുംബ കാര്യമല്ല!
- Published by:Anuraj GR
- news18-malayalam
Last Updated:
അമ്മയും മകനും ഏറ്റുമുട്ടുമ്പോൾ ഇവിടുത്തെ തെരഞ്ഞെടുപ്പ് പോരാട്ടം വെറുമൊരു കുടുംബകാര്യമായി മാറില്ലെന്ന് ഉറപ്പ്.
കൊല്ലം: അഞ്ചലിനടുത്ത് ഇടമുളയ്ക്കൽ പഞ്ചായത്തിൽ ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് പോരാട്ടം കുടുംബ കാര്യമാണോയെന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ അവരെ കുറ്റം പറയാനാകില്ല. കാരണം അമ്മയും മകനും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഏഴാം വാർഡായ പനച്ചിവിളയിലാണ് അമ്മയും മകനും നേർക്കുനേർ ഏറ്റുമുട്ടുന്നത്. പനച്ചിവിള പുത്താറ്റ് ദിവ്യാലയത്തിൽ സുധർമ്മ ദേവരാജനും മകൻ ദിനുരാജുമാണ് സ്ഥാനാർഥികൾ.
സുധർമ്മ ദേവരാജൻ ബിജെപി സ്ഥാനാർഥിയായി എൻഡിഎയ്ക്കുവേണ്ടിയും ദിനുരാജ് സിപിഎം സ്ഥാനാർഥിയായി എൽഡിഎഫ് ബാനറിലുമാണ് മത്സരിക്കുന്നത്. യുഡിഎഫ് ഇതുവരെ ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാർഥി വന്നാൽ പോലും അത് സുധർമ്മയും മകൻ ദിനുരാജും തമ്മിലുള്ള പോരാട്ടത്തെ തെല്ലും ബാധിക്കില്ലെന്നാണ് ഇവിടുത്തെ നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ തവണയും ഇവിടെ സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു പോരാട്ടം. സുധർമ്മ തന്നെയായിരുന്നു അന്നും ബിജെപിക്കുവേണ്ടി മത്സരിച്ചത്. കടുത്ത പോരാട്ടം കാഴ്ചവെച്ച സുധർമ്മ നേരിയ വോട്ടുകൾക്കു മാത്രമാണ് പരാജയപ്പെട്ടത്. ഈ ആത്മവിശ്വാസം കൊണ്ടാണ് ഇത്തവണയും സുധർമ്മയെ തന്നെ ബിജെപി രംഗത്തിറക്കുന്നത്. സുധർമ്മയിലൂടെ വാർഡ് പിടിച്ചെടുക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
advertisement
അതേസമയം ചെറുപ്പക്കാരനായ ദിനുരാജിലൂടെ വാർഡ് വമ്പിച്ച ഭൂരിപക്ഷത്തിൽ വാർഡ് നിലനിർത്താമെന്നാണ് സിപിഎമ്മിന്‍റെ പ്രതീക്ഷ. ചെറുപ്പക്കാരനായ സ്ഥാനാർഥി വന്നതിന്‍റെ ആവേശത്തിലാണ് പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളും. ഏതായാലും അമ്മയും മകനും ഏറ്റുമുട്ടുമ്പോൾ ഇവിടുത്തെ തെരഞ്ഞെടുപ്പ് പോരാട്ടം വെറുമൊരു കുടുംബകാര്യമായി മാറില്ലെന്ന് ഉറപ്പ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 12, 2020 9:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections | അമ്മയും മകനും നേർക്കുനേർ; കൊല്ലം അഞ്ചലിൽ തെരഞ്ഞെടുപ്പ് പോരാട്ടം കുടുംബ കാര്യമല്ല!