ഗായിക മഞ്ജുഷയുടെ മരണം നമ്മെ ഓർമിപ്പിക്കുന്നത്- മുരളി തുമ്മാരുകുടിയുടെ കുറിപ്പ്
Last Updated:
റോഡപകടങ്ങളിൽ ഓരോ ദിവസവും 11 പേർ കേരളത്തിലെ റോഡിൽ മരിക്കുന്നുവെന്ന് മുരളി തുമ്മാരുകുടി. സ്വന്തം ചുറ്റുമുള്ള, അടുപ്പമുള്ള, ഒരാൾക്ക് അത് സംഭവിക്കുമ്പോൾ ആണ് അക്കത്തിനപ്പുറം അപകടം നമ്മളെ ബാധിക്കുന്നതെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. റോഡപകടത്തിൽ മരിച്ച ഗായിക മഞ്ജുഷ മോഹൻദാസിനെ കുറിച്ചുള്ള പോസ്റ്റിലാണ് ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി കേരളത്തിലെ റോഡപകടങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്.
'കേരളത്തിലെ റോഡുകളിൽ മരിക്കാനുള്ള സാധ്യത ഒരു കുറ്റകൃത്യത്തിൽ കൊല്ലപ്പെടാനുള്ളതിന്റെ പത്തിരട്ടിയാണ്. കാബൂളിലും സിറിയയിലും ബോംബാക്രമണത്തിൽ ഞാൻ കൊല്ലപ്പെടാനുള്ള സാധ്യത കേരളത്തിലെ റോഡുകളിൽ വണ്ടിയിടിച്ചു മരിക്കാനുള്ള സാധ്യതയേക്കാൾ കുറവാണെന്ന് ഞാൻ പറയുന്നത് വെറുതെയല്ല. ഇന്ന് നമുക്ക് ലഭ്യമായ സംവിധാനങ്ങൾ ഉപയോഗിച്ച് തന്നെ നമ്മുടെ മരണസംഖ്യ ഇപ്പോഴത്തേതിന്റെ പകുതിയിലും താഴെ ആക്കാവുന്നതാണ്. ഒരു വർഷത്തിൽ റോഡിൽ നടക്കുന്ന മരണങ്ങൾ നാലായിരത്തിൽ നിന്നും രണ്ടായിരത്തിൽ താഴെ ആക്കാം. ഒരു വർഷം രണ്ടായിരം മരണങ്ങൾ നമുക്ക് ഒഴിവാക്കാം, ആറു വർഷത്തിൽ കൊലപാതകത്തിൽ നഷ്ടപ്പെടുന്ന ജീവൻ ഒരു വർഷം കൊണ്ട് നമുക്ക് രക്ഷിച്ചെടുക്കാം'- മുരളി തുമ്മാരുകുടി പറയുന്നു.
advertisement
റോഡപകടങ്ങൾ കുറക്കാൻ പണം വേണം, നല്ല റോഡ് വേണം, ആംബുലൻസ് വേണം, നല്ല ആശുപത്രി വേണം എന്നൊക്ക ചിന്തിക്കുന്നവരാണ് അധികവും. ഇതല്ല യാഥാർഥ്യം. പണത്തിന് ക്ഷാമമില്ലത്തതും നല്ല റോഡുകൾ ഉള്ളതും ആയ ഗൾഫ് രാജ്യങ്ങളിൽ മരണനിരക്ക് നമ്മുടേതിലും കൂടുതലാണ്. റോഡ് സുരക്ഷ പണം കൊണ്ടല്ല നേടേണ്ടതെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എൻറെ നാട്ടുകാരിയും കലാപ്രതിഭയും ആയിരുന്ന മഞ്ജുഷ മോഹൻദാസ് കഴിഞ്ഞ ദിവസം അന്തരിച്ചു. ഒരാഴ്ച മുൻപ് കോളേജിലേക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ തെറ്റായി ഓവർടേക്ക് ചെയ്തു വന്ന ഒരു പിക്ക് അപ്പ് വാൻ ഇടിച്ചാണ് മരിച്ചതെന്നാണ് വായിച്ചത്. ഒരു കൊച്ചു കുഞ്ഞുണ്ട്. സ്വന്തം കലാപ്രതിഭയും കുഞ്ഞും അതിൻറെ സാധ്യമായ പൊട്ടൻഷ്യലിലേക്ക് വളരുന്നതിന് മുൻപാണ് അപകടം ആ ജീവനെ തട്ടിയെടുത്തത്. മഞ്ജുഷയെ കലയിലൂടെ മാത്രം അറിഞ്ഞ നാട്ടുകാർക്ക് പോലും സങ്കടം അടക്കാനാവുന്നില്ല, അപ്പോൾ വീട്ടുകാരുടെ കാര്യം പറയാനില്ലല്ലോ.
advertisement
റോഡപകടം കേരളത്തിൽ നിത്യ സംഭവമാണ്. ഓരോ ദിവസവും പതിനൊന്നു പേർ കേരളത്തിലെ റോഡിൽ മരിക്കുന്നു. എന്നാലും സ്വന്തം ചുറ്റുമുള്ള, അടുപ്പമുള്ള, ഒരാൾക്ക് അത് സംഭവിക്കുമ്പോൾ ആണ് അക്കത്തിനപ്പുറം അപകടം നമ്മളെ ബാധിക്കുന്നത്.
കേരളത്തിലെ റോഡുകളിൽ ഒരു ദിവസം ശരാശരി നൂറ് റോഡപകടങ്ങൾ പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു (റിപ്പോർട്ട് ചെയ്യാത്തത് അതിൻറെ പല മടങ്ങ് കാണും). അതിൽ വർഷത്തിൽ നാല്പത്തിനായിരത്തോളം ആളുകൾക്ക് പരിക്കേൽക്കുന്നു. അതായത് സ്ഥിരം കേരളത്തിൽ റോഡ് യാത്ര ചെയ്യുന്നവർക്ക് അപകടത്തിൽ പരിക്ക് പറ്റാനുള്ള സാധ്യത ആയിരത്തിൽ ഒന്നാണ്, മരിക്കാനുള്ള സാധ്യത പതിനായിരത്തിൽ ഒന്നും.
advertisement
ഇതൊരു ചെറിയ സംഖ്യയാണെന്ന് തോന്നാം. കേരളത്തിൽ ഒരു കുറ്റകൃത്യത്തിൽ നിങ്ങൾ മരിക്കാനുള്ള സാധ്യത ഒരുലക്ഷത്തിൽ ഒന്നിൽ താഴെയാണ് എന്നോർക്കണം. അതായത് കേരളത്തിലെ റോഡുകളിൽ നിങ്ങൾ മരിക്കാനുള്ള സാധ്യത ഒരു കുറ്റകൃത്യത്തിൽ കൊല്ലപ്പെടാനുള്ളതിന്റെ പത്തിരട്ടിയാണ്. കാബൂളിലും സിറിയയിലും ബോംബാക്രമണത്തിൽ ഞാൻ കൊല്ലപ്പെടാനുള്ള സാധ്യത കേരളത്തിലെ റോഡുകളിൽ വണ്ടിയിടിച്ചു മരിക്കാനുള്ള സാധ്യതയേക്കാൾ കുറവാണെന്ന് ഞാൻ പറയുന്നത് വെറുതെയല്ല.
കേരളത്തിൽ ഒരു കൊലപാതകം ഉണ്ടായാൽ എത്രമാത്രം ശ്രദ്ധയാണ് പോലീസും പൊതു സമൂഹവും അതിന് നൽകുന്നത്. റോഡപകടം ആണെങ്കിൽ യാതൊന്നുമില്ല. റോഡിൽ നിന്നും പെറുക്കിക്കൂട്ടി പൊതിഞ്ഞു പോസ്റ്റ്മോർട്ടം ചെയ്‌തു വീട്ടുകാർക്ക് കൊടുക്കും. അതോടെ സർക്കാരിന്റെ ഉത്തരവാദിത്തം തീർന്നു. ഇതിനെതിരെ നമുക്കൊന്നും ചെയ്യാനില്ല എന്നൊരു ബോധത്തിലേക്ക് ഒരു സമൂഹം എന്ന നിലയിൽ നാം വീണിരിക്കുന്നു.
advertisement
ഇതൊട്ടും ശരിയായ കാര്യമല്ല. ലോകത്തിലെവിടയും റോഡുകളിൽ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. പക്ഷെ കേരളത്തിൽ ഒരു ലക്ഷത്തിൽ പതിനൊന്നു പേർ ഒരു വർഷത്തിൽ റോഡിൽ മരിക്കുമ്പോൾ, ഒരു ലക്ഷത്തിൽ നാലുപേരിൽ കുറവ് ആളുകൾ മരിക്കുന്ന അനവധി നാടുകൾ ലോകത്തുണ്ട്. അതായത് ഇന്ന് നമുക്ക് ലഭ്യമായ സംവിധാനങ്ങൾ ഉപയോഗിച്ച് തന്നെ നമ്മുടെ മരണസംഖ്യ ഇപ്പോഴത്തേതിന്റെ പകുതിയിലും താഴെ ആക്കാം. ഒരു വർഷത്തിൽ റോഡിൽ നടക്കുന്ന മരണങ്ങൾ നാലായിരത്തിൽ നിന്നും രണ്ടായിരത്തിൽ താഴെ ആക്കാം. ഒരു വർഷം രണ്ടായിരം മരണങ്ങൾ നമുക്ക് ഒഴിവാക്കാം, ആറു വർഷത്തിൽ കൊലപാതകത്തിൽ നഷ്ടപ്പെടുന്ന ജീവൻ ഒരു വർഷം കൊണ്ട് നമുക്ക് രക്ഷിച്ചെടുക്കാം.
advertisement
ഇതിനൊക്ക പണം വേണം, നല്ല റോഡ് വേണം, ആംബുലൻസ് വേണം, നല്ല ആശുപത്രി വേണം എന്നൊക്ക ചിന്തിക്കുന്നവരാണ് അധികവും. ഇതല്ല യാഥാർഥ്യം. പണത്തിന് ക്ഷാമമില്ലത്തതും നല്ല റോഡുകൾ ഉള്ളതും ആയ ഗൾഫ് രാജ്യങ്ങളിൽ മരണനിരക്ക് നമ്മുടേതിലും കൂടുതലാണ്. റോഡ് സുരക്ഷ പണം കൊണ്ടല്ല നേടേണ്ടത്.
നമുക്ക് വേണ്ടത് ആദ്യമായി നമ്മുടെ റോഡുകൾ കൊലക്കളങ്ങൾ ആയി എന്നംഗീകരിക്കുകയാണ്. രണ്ടാമത് അതിനെതിരെ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന് വിശ്വസിക്കുകയാണ്. അടുത്ത അഞ്ചു വർഷത്തിനകം മരണ നിരക്ക് ഇപ്പോഴത്തേതിന്റെ പകുതിയാക്കും എന്ന് സർക്കാർ ശക്തമായ തീരുമാനം എടുക്കുകയാണ്. അതിന് വേണ്ടി ഒരു കർമ്മ പദ്ധതി ഉണ്ടാക്കുകയാണ്. ആ കർമ പദ്ധതി സാക്ഷരതാ പദ്ധതി പോലെ ജന പങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ്.
advertisement
എന്തൊക്കെ നടപടികളാണ് വേണ്ടതെന്ന് ഞാൻ പലവട്ടം എഴുതിയിട്ടുള്ളതിനാൽ വീണ്ടും എഴുതുന്നില്ല. ഇക്കാര്യത്തിൽ കേരളത്തിലെ ഒരു ഔദ്യോഗിക സംവിധാനാവും ഒരിക്കലും എൻറെ അഭിപ്രായം തേടിയിട്ടുമില്ല. തൽക്കാലം കേരളത്തിലെ റോഡുകൾ മരണക്കെണിയിൽ നിന്നും രക്ഷപെടും എന്നൊരു വിശ്വാസം എനിക്കില്ല. ഈ പോസ്റ്റ് കഴിഞ്ഞു ഞാൻ അടുത്ത പോസ്റ്റ് ഇടുമ്പോഴേക്കും പത്തു പേർ നമ്മുടെ റോഡിൽ മരിച്ചിട്ടുണ്ടാകും. അത് എൻറെ ബന്ധുക്കളോ ഞാൻ അറിയുന്നവരോ ആകല്ലേ എന്ന ആഗ്രഹം മാത്രമുണ്ട്.
എനിക്ക് ഇപ്പോൾ അറുപത്തി എട്ടായിരം ഫോളോവേഴ്സും അയ്യായിരം ഫേസ്ബുക്ക് സുഹൃത്തുക്കളുമായി എഴുപത്തിനായിരത്തിന് മുകളിൽ ആളുകൾ സാമൂഹ്യ സൗഹൃദ ശൃംഖലയിൽ ഉണ്ട്. കേരളത്തിലെ ശരാശരി വച്ച് നോക്കിയാൽ ഒരു വർഷം ഏഴുപേരെങ്കിലും അതിൽ നിന്നും മരണപ്പെടാം.
പക്ഷേ, എനിക്ക് പ്രതീക്ഷ ഉണ്ട്. ഈ കുരുതിക്കളത്തിന് നടുവിലും നമ്മുടെ വ്യക്തി സുരക്ഷ ഉറപ്പാക്കാൻ ചിലതൊക്ക നമുക്ക് ചെയ്യാൻ പറ്റും. എൻറെ 'സുരക്ഷയുടെ പാഠങ്ങൾ' എന്ന പുസ്തകത്തിൽ (മാതൃഭൂമി പുറത്തിറക്കിയത്) 'Surviving in the Roads of Kerala' എന്നൊരു ലേഖനമുണ്ട്. ഒന്ന് വായിക്കണം. അതിലെ പാഠങ്ങൾ അനുസരിച്ചു ജീവിച്ചു തുടങ്ങിയാൽ നിങ്ങളുടെ അപകട സാധ്യത ഏറെ കുറയും എന്നതിൽ എനിക്ക് ഒരു സംശയവുമില്ല. അതൊക്കെ എന്നാണോ നമ്മുടെ സ്‌കൂളുകളിൽ പഠിപ്പിച്ചു തുടങ്ങുന്നത് ?
മുരളി തുമ്മാരുകുടി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 03, 2018 11:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗായിക മഞ്ജുഷയുടെ മരണം നമ്മെ ഓർമിപ്പിക്കുന്നത്- മുരളി തുമ്മാരുകുടിയുടെ കുറിപ്പ്