'രാഷ്ട്രീയ കൊലപാതകങ്ങളിൽ കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്'; കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കെ.എം. ഷാജി
- Published by:Rajesh V
- news18-malayalam
Last Updated:
'കുറച്ചാളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊന്നുകഴിഞ്ഞ് വരും. കുറച്ചുകഴിഞ്ഞ് ഇവരില്‍നിന്ന് രഹസ്യം ചോര്‍ന്നേക്കുമെന്ന ഭയംവരുമ്പോള്‍ കൊന്നവരെ കൊല്ലും'
മലപ്പുറം: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരൻ കൊലപാതകക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ടി പി കൊലപാതകക്കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണിയായിരുന്നു കുഞ്ഞനന്തനെന്നും കുഞ്ഞനന്തന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണെന്നും കെ എം ഷാജി പറഞ്ഞു. മലപ്പുറം കൊണ്ടോട്ടി മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി നടത്തിയ പഞ്ചദിന ജനകീയ പ്രതികരണയാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി.
'കണ്ണൂരിലെ എല്ലാ രാഷ്ട്രീയക്കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിനെ കൊന്ന മൂന്നുപേര്‍ മൃഗീയമായി കൊല്ലപ്പെട്ടതാണ്. കുറച്ചാളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊന്നുകഴിഞ്ഞ് വരും. കുറച്ചുകഴിഞ്ഞ് ഇവരില്‍നിന്ന് രഹസ്യം ചോര്‍ന്നേക്കുമെന്ന ഭയംവരുമ്പോള്‍ കൊന്നവരെ കൊല്ലും'- ഷാജി ആരോപിച്ചു. ഫസല്‍ കൊലപാതകക്കേസിലെ മൂന്നുപേരെ കൊന്നത് സിപിഎമ്മാണ്. ഷുക്കൂറിന്റെ കൊലപാതകക്കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നുവെന്നും ഷാജി പറഞ്ഞു.
ടി പി ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ 13ാം പ്രതിയായിരുന്ന പി കെ കുഞ്ഞനന്തന്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ഒരുവര്‍ഷത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയറ്റിലെ അണുബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മരിച്ചത്. എന്നാൽ, ടി പി വധത്തില്‍ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
Feb 22, 2024 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാഷ്ട്രീയ കൊലപാതകങ്ങളിൽ കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്'; കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കെ.എം. ഷാജി







