MVD| മോട്ടോർ വാഹനവകുപ്പിന്റെ പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
- Published by:Rajesh V
- news18-malayalam
Last Updated:
ഉദ്ഘാടന പ്രഭാഷണത്തിനായി എഴുന്നേറ്റശേഷം മന്ത്രി ക്ഷോഭിക്കുകയും പരിപാടി റദ്ദാക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പോകുകയുമായിരുന്നു
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്. കമ്മീഷണറേറ്റിലെ അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ജോയിക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
മോട്ടോർ വാഹനവകുപ്പ് പുതുതായി നിരത്തിലിറക്കുന്ന 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കനകക്കുന്നിൽ തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. പരിപാടിക്ക് മന്ത്രി കെ ബി ഗണേഷ്കുമാർ എത്തിയതോടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. മന്ത്രിയും സ്ഥലം എൽഎൽഎ വി കെ പ്രശാന്തും കൃത്യസമയത്ത് തന്നെ വേദിയിലെത്തിയെങ്കിലും ചടങ്ങിന്റെ സ്ഥിതി മന്ത്രിയെ തുടക്കം മുതൽ തന്നെ അസ്വസ്ഥനാക്കി.
52 വാഹനങ്ങളും വേദിക്ക് തൊട്ടടുത്തായി നിർത്തിയിടണമെന്ന മന്ത്രിയുടെ നിർദേശത്തിന് വിരുദ്ധമായാണ് വാഹനങ്ങൾ ക്രമീകരിച്ചത്. വേദിയിലാകട്ടെ ആളുകൾ വളരെ കുറവും. സ്വാഗത പ്രസംഗം നടക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് അതൃപ്തി അറിയിക്കുന്നതും നിർദേശങ്ങൾ നൽകുന്നതും കാണാമായിരുന്നു. പിന്നാലെ, മറ്റിടങ്ങളിൽ നിർത്തിയിട്ട ഏതാനും വാഹനങ്ങൾ വേദിക്കരികിലേക്ക് മാറ്റിയിട്ടു. തുടർന്ന് ഉദ്ഘാടന പ്രഭാഷണത്തിനായി എഴുന്നേറ്റശേഷം മന്ത്രി ക്ഷോഭിക്കുകയും പരിപാടി റദ്ദാക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പോകുകയുമായിരുന്നു.
advertisement
‘എല്ലാവരും ക്ഷമിക്കണം. ബഹുമാനപ്പെട്ട എംഎൽഎയും ക്ഷമിക്കണം. ഈ പരിപാടി റദ്ദാക്കിയിരിക്കുന്നു. കാരണം, ഈ പരിപാടി സംഘടിപ്പിച്ച മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് വലിയ അപാകത സംഭവിച്ചിരിക്കുന്നു. കേരള സർക്കാരിന്‍റെ ഖജനാവിൽനിന്ന് പണം ചെലവഴിച്ച് 52 വാഹനങ്ങൾ വാങ്ങുകയും അവ കനകക്കുന്ന് കൊട്ടാരത്തിന്‍റെ മുറ്റത്ത് നിരത്തിയിട്ട് മനോഹരമായി പരിപാടി നടത്തണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥൻ യാതൊരു ഉത്തരവാദിത്തവും കാണിച്ചില്ല. ചടങ്ങിലേക്ക് വന്നിരിക്കുന്നത് എന്‍റെ പാർട്ടിക്കാരും എന്‍റെ പേഴ്സണൽ സ്റ്റാഫും കെഎസ്ആർടിസിയിലെ ജീവനക്കാരും മാത്രമാണ്. ഒരാളെ പുറത്തുനിന്ന് വിളിക്കുകയോ ഈ പരിപാടിക്കുവേണ്ടി ഒന്നും തന്നെ ചെയ്യുകയോ ഉണ്ടായില്ല. അതിനാൽ ഉദ്യോഗസ്ഥന്‍റെ പേരിൽ നടപടിയെടുക്കും. ദയവ് ചെയ്ത് ക്ഷമിക്കണം, ഈ പരിപാടി ഇവിടെ റദ്ദാക്കുകയാണ്. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ പോലും വിളിച്ചുകൊണ്ടുവരാൻ ഈ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല...’ -എന്നാണ് മന്ത്രി ഇന്നലെ പറഞ്ഞിരുന്നത്.
advertisement
കനകക്കുന്നിലെ വേദിക്ക് അരികിലേക്ക് വണ്ടി കയറ്റിയാൽ ടൈൽ പൊട്ടുമെന്ന് ഏതോ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി അറിഞ്ഞു. കാറ് കയറ്റിയാൽ ടൈൽ പൊട്ടുമെങ്കിൽ അതറിയാൻ ബന്ധപ്പെട്ട മന്ത്രിക്ക് കത്ത് കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ ക്ഷമചോദിച്ച മന്ത്രി പരിപാടി മറ്റൊരു ദിവസം നടക്കുമെന്ന് അറിയിച്ച് വേദി വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 30, 2025 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
MVD| മോട്ടോർ വാഹനവകുപ്പിന്റെ പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്