റോബിൻ ബസ് വിട്ടുനൽകി; 26 മുതൽ വീണ്ടും സർവീസ് തുടങ്ങുമെന്ന് ഉടമ ഗിരീഷ്

Last Updated:

പെർമിറ്റ് ലംഘനത്തിന് ചുമത്തിയ 82,000 രൂപ അടച്ചതിനു പിന്നാലെ ബസ് വിട്ടു നൽകാൻ കോടതി ഉത്തരവ് വന്നിരുന്നു

പത്തനംതിട്ട: പെർമിറ്റ് ലംഘനം ആരോപിച്ച് മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ്, ഉടമ ഗിരീഷിന് വിട്ടു നൽകി. പെർമിറ്റ് ലംഘനത്തിന് ചുമത്തിയ 82,000 രൂപ അടച്ചതിനു പിന്നാലെ ബസ് വിട്ടു നൽകാൻ കോടതി ഉത്തരവ് വന്നിരുന്നു. തുടർന്നാണ് പിടിച്ചെടുത്ത് ഒരു മാസത്തിനു ശേഷം ബസ് വിട്ടു നൽകുന്നത്. 26ന് രാവിലെ മുതൽ ബസ് ഓടിത്തുടങ്ങുമെന്ന് ഉടമ ഗീരീഷ് അറിയിച്ചു.
പിഴയൊടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റു ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പിഴത്തുക അടച്ചശേഷം ബസ് വിട്ടുനൽകാൻ അധികൃതർ തയാറാകുന്നില്ലെന്നു കാട്ടിയാണ് ഗിരീഷ് കോടതിയെ സമീപിച്ചത്.
നവംബർ‌ 23നു പുലർച്ചെ കോയമ്പത്തൂരിൽനിന്നു പത്തനംതിട്ടയിലേക്കു മടങ്ങിയെത്തിയപ്പോഴാണ് വൻ പൊലീസ് സന്നാഹത്തോടെ മോട്ടർ വാഹന വകുപ്പ് അധികൃതർ ബസ് പിടിച്ചെടുത്തത്. തുടരെയുള്ള നിയമലംഘനങ്ങളുണ്ടായാല്‍ വാഹനം പിടിച്ചെടുക്കാനുള്ള വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എംവിഡി ഉദ്യോഗസ്ഥര്‍ ബ്‌സ് പിടിച്ചെടുത്തത്. തുടർന്നു ബസ് പത്തനംതിട്ട പൊലീസ് ക്യാംപിലേക്ക് മാറ്റി.
advertisement
മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബന്‍ ബസിന് ലഭിച്ചിട്ടുള്ളതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍, ഏത് പോയിന്റില്‍ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം നടത്തുന്നുണ്ടെന്നായിരുന്നു വിശദീകരണം.
ബസ് പിടിച്ചെടുക്കാന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടെന്നും ഇതിന്റെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ നടത്തിയതെന്നുമായിരുന്നു റോബിന്‍ ബസ് ഉടമയുടെ വാദം. ബസിലെ നിയമലംഘനം ചൂണ്ടിക്കാട്ടി ബസിന്റെ ഉടമസ്ഥനെതിരേ മോട്ടോര്‍വാഹന വകുപ്പ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് എംവിഡി കടന്നിരുന്നെങ്കിലും ഈ നീക്കം ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു.
advertisement
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജായി ഓടിക്കാനാവില്ലെന്ന് ഹൈക്കോടതി മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. കൊല്ലം സ്വദേശികളായ ബസുടമകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. കൊല്ലത്തുനിന്നും കോട്ടയത്തുനിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ ബസ്സുടമകളാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴയീടാക്കിയതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ചട്ടങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന് പിഴയീടാക്കാമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞത്. ജനുവരി അഞ്ചിന് ബസ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോബിൻ ബസ് വിട്ടുനൽകി; 26 മുതൽ വീണ്ടും സർവീസ് തുടങ്ങുമെന്ന് ഉടമ ഗിരീഷ്
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement