നാർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പൻ എംഎൽഎ; വിവാദത്തിന് പിന്നിൽ നാർക്കോട്ടിക് ലോബിയെന്ന് ആരോപണം

Last Updated:

ബിഷപ്പിന്റെ പ്രസ്താവന വിവാദമാകുന്നതിനുപിന്നിൽ മയക്കുമരുന്ന് ലോബി ആണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അതിനെ കുറ്റം പറയാനാകില്ല എന്നാണ് മണി സി കാപ്പൻ

മാണി സി. കാപ്പൻ
മാണി സി. കാപ്പൻ
കോട്ടയം: പാലാ ബിഷപ്പിനെതിരെ കടുത്ത വിമർശനമാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കളും ഉന്നയിച്ചത്. ലൗ ജിഹാദ് നാർക്കോട്ടിക് ജിഹാദ് എന്നീ പരാമർശങ്ങളാണ് വിവാദത്തിലായത്. കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് പി ടി തോമസും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ബിജെപി മാത്രമാണ് ഇതുവരെ ബിഷപ്പിനെ ന്യായീകരിച്ചു രംഗത്തെത്തിയ രാഷ്ട്രീയ പാർട്ടി. പി സി ജോർജ് ബിഷപ്പിനെ ന്യായീകരിച്ചിരുന്നു. എന്നാൽ വിവാദം ആളിക്കത്തുന്നതിനിടെയാണ് പാലായിൽനിന്നുള്ള യുഡിഎഫ് എംഎൽഎ മാണി സി കാപ്പൻ ബിഷപ്പിനെ ന്യായീകരിച്ച് വാർത്താക്കുറിപ്പ് ഇറക്കിയത്.  ബിഷപ്പിന്റെ പ്രസ്താവന വിവാദമാകുന്നതിനുപിന്നിൽ മയക്കുമരുന്ന് ലോബി ആണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അതിനെ കുറ്റം പറയാനാകില്ല എന്നാണ് മണി സി കാപ്പൻ ഉന്നയിക്കുന്ന പ്രധാന വാദം.
മാണി സി കാപ്പൻ പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെ....
എട്ടു നോമ്പ് ആചരിക്കുന്നതിൽ പ്രമുഖമായ കേരളത്തിലെ കത്തോലിക്കാപളളികളിൽ ഒന്നാണ് കുറവിലങ്ങാട് മർത്താ മറിയംപള്ളി. സെപ്തംബർ ഒന്നുമുതൽ എട്ടുവരെയുള്ള  എട്ടു നോമ്പ് ആചരണത്തിൻ്റെ ഭാഗമായുള്ള പെരുന്നാൾ കുർബാനയോടനുബന്ധിച്ച് തൻ്റെ രൂപതാംഗങ്ങളോട് രൂപതാദ്ധ്യക്ഷൻ എന്ന നിലയിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നടത്തിയ പ്രസംഗം വിവാദമാക്കാനാണ്  ഇപ്പോൾ നടക്കുന്ന ശ്രമം. ഇത് അതിൻ്റെ പാവനതയെയും ഉദ്ദേശ ശുദ്ധിയെയും വളച്ചൊടിക്കുന്നതിൽ തല്പരരായിട്ടുള്ളവരുടെ കടന്നുകയറ്റമാണ്. സഭാ മക്കളും പ്രത്യേകിച്ച് കുട്ടികൾ മയക്കുമരുന്ന് ബന്ധങ്ങളിൽപ്പെടെരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നൽകിയത്. നാർക്കോട്ടിക്സ് ലോബിയുടെ അതിശക്തമായ പ്രേരണയാകും ഇതൊരു വിവാദ വിഷയമാക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. നാർക്കോട്ടിക് വസ്തുക്കളുടെ ഉപയോഗം കുട്ടികളെയും മുതിർന്നവരെയും സംബന്ധിച്ചടത്തോളം ലോകം ഒട്ടാകെ നിരോധിച്ചിരിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമാണ്. ഇക്കാര്യം കല്ലറങ്ങാട്ട് പിതാവ് മാത്രം പറയാൻ പാടില്ല എന്നു പറയുന്നതിൻ്റെ സാംഗത്യം മനസിലാകുന്നില്ല.
advertisement
വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ പുകയില വസ്തുക്കൾ വിതരണം ചെയ്യുന്ന കടകൾക്കുപോലും ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട്.പാലാ ബിഷപ്പ് പറഞ്ഞിട്ടുള്ളത് ഏതെങ്കിലും സമുദായത്തിന് എതിരെയല്ല. ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ല.  സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെയാണ് ബിഷപ്പിൻ്റെ അഭിപ്രായം.
advertisement
സർക്കാരും വിവിധ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും മുതിർന്നവരും ഒറ്റക്കെട്ടായി മയക്കുമരുന്നിനെതിരെയുള്ള ശബ്ദത്തെ പിന്തുണയ്ക്കേണ്ടതാണ്. ഇതോടൊപ്പം പാലാ ബിഷപ്പ് പറഞ്ഞത് ഏതെങ്കിലും മതത്തിനെതിരെയാണെന്ന വ്യാഖ്യാനം നൽകി മുതലെടുപ്പ് നടത്തുവാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണം. കുർബാന മധ്യേ വിശ്വാസികളോടായി ബിഷപ്പ് പറഞ്ഞതിനെ അഭിപ്രായ സ്വാതന്ത്ര്യമായി കണ്ടാൽ മതിയാകും. ബിഷപ്പിൻ്റെ ആശയത്തോട്  വിയോജിപ്പുള്ളവർക്കു  ആശയസംവാദത്തിനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതിനെ തെരുവിലേയ്ക്കു വലിച്ചിഴക്കുന്ന നിലപാട് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണം. സാമുദായിക ഐക്യവും മതസൗഹാർദ്ദവുമാണ് നാടിൻ്റെ കരുത്ത്. അത് നിലനിർത്താൻ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണം എന്നു പറഞ്ഞ് മാണി സി കാപ്പൻ പ്രസ്താവന അവസാനിപ്പിക്കുന്നു. ഏതായാലും പ്രതിപക്ഷ നേതാവ് ഉൾപ്പടെ തള്ളിപ്പറഞ്ഞിട്ടും പാലാ എംഎൽഎ മാണി സി കാപ്പൻ ബിഷപ്പിന് അനുകൂലമായി രംഗത്തുവന്നത് ശ്രദ്ധേയമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പൻ എംഎൽഎ; വിവാദത്തിന് പിന്നിൽ നാർക്കോട്ടിക് ലോബിയെന്ന് ആരോപണം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement