നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി, ദേവസ്വം മന്ത്രി ഉടവാൾ കൈമാറി
Last Updated:
കന്യാകുമാരി: നവരാത്രി ആഘോഷങ്ങൾക്കും പൂജകൾക്കും മുന്നോടിയായി നവരാത്രിവിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. ഞായറാഴ്ച രാവിലെ ഏഴരയ്ക്ക് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയിൽ ഘോഷയാത്രയോടനുബന്ധിച്ച സുപ്രധാന ചടങ്ങായ ഉടവാൾ കൈമാറ്റം നടന്നു. പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആചാരപ്രകാരം ഉടവാൾ കൈമാറി. അദ്ദേഹം ഉടവാൾ ശുചീന്ദ്രം ദേവസ്വം ജോയിന്‍റ് കമീഷണർ എം അൻപുമണിക്ക് നൽകി.
സി കെ ഹരീന്ദ്രൻ എം എൽ എ, നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യു ആർ ഹീബ, പുരാവസ്തു വകുപ്പ് ഡയറക്ടർ ജെ റെജികുമാർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് കൊട്ടാരമുറ്റത്ത് നടന്ന പൂജാ ചടങ്ങിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, എം വിൻസെന്‍റ് എം എൽ എ എന്നിവർ സന്നിഹിതരായിരുന്നു.
പത്മനാഭപുരം തേവാരക്കെട്ടിൽ നിന്ന് സരസ്വതിദേവി, വേളിമലയിൽ നിന്ന് കുമാരസ്വാമി, ശുചീന്ദ്രത്തു നിന്ന് മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് ഘോഷയാത്രയുടെ അകമ്പടിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. വിഗ്രഹങ്ങൾ കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ വൈകുന്നേരം ഇറക്കിപ്പൂജ നടത്തും. തിങ്കളാഴ്ച രാവിലെ കുഴിത്തുറയിൽനിന്ന് പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് കളിയിക്കാവിളയിലെ തിരുവനന്തപുരം ജില്ലാതിർത്തിയിൽ കേരള പൊലീസ്, ദേവസ്വം, റവന്യൂവകുപ്പുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
advertisement
വൈകുന്നേരം നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഗ്രഹങ്ങൾ ഇറക്കിപ്പൂജ നടത്തും. ഒമ്പതിന് രാവിലെ നെയ്യാറ്റിൻകരയിൽനിന്ന് പുറപ്പെടുന്ന ഘോഷയാത്ര വൈകുന്നേരം കിഴക്കേകോട്ടയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലുള്ള നവരാത്രിമണ്ഡപത്തിൽ എത്തും.
ആചാരപ്രകാരമുള്ള വരവേൽപ്പിനെ തുടർന്ന് ഉടവാളിനൊപ്പം സരസ്വതീവിഗ്രഹത്തെ പത്മതീർഥക്കരയിലെ നവരാത്രി മണ്ഡപത്തിലും വേളിമല കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലും പൂജയ്ക്കിരുത്തും.
പത്തിന് ആരംഭിക്കുന്ന നവരാത്രിപൂജ വിജയദശമി ദിനമായ 19ന് സമാപിക്കും. പൂജയെടുപ്പിന് മറുനാൾ ഒരു ദിവസത്തെ നല്ലിരിപ്പിനു ശേഷം 21ന് രാവിലെ മാതൃക്ഷേത്രങ്ങളിലേക്ക് വിഗ്രഹങ്ങളുടെ മടക്കിയെഴുന്നള്ളത്ത് ആരംഭിക്കും. ആദ്യദിനം നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും രണ്ടാംദിനം കുഴിത്തുറ മഹാദേവക്ഷേത്രത്തിലും ഇറക്കി പൂജ നടത്തിയ ശേഷം 23ന് വൈകുന്നേരം പത്മനാഭപുരം കൊട്ടാരത്തിൽ എത്തും. സരസ്വതി ദേവിയെ ആനപ്പുറത്തും മറ്റു വിഗ്രഹങ്ങളെ പല്ലക്കിലുമാണ് എഴുന്നള്ളിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2018 12:12 PM IST