കോട്ടയം: കൊറോണ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ ഒന്‍പതു പേര്‍ ആശുപത്രി നിരീക്ഷണത്തില്‍. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ ഗൃഹനാഥന്‍റെ മാതാപിതാക്കളെ ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ബന്ധുകുടുംബത്തിലെ മൂന്നുപേരും മറ്റു രണ്ടുപേരും ഉള്‍പ്പെടെ ആകെ ഏഴുപേരാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉള്ളത്.
ഒരാള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ് ഐസൊലേഷനില്‍ കഴിയുന്നത്.
സൗദിയിൽ നിന്നെത്തിയ സ്ത്രീയുടെ അമ്മയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അതേ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലാക്കിയത്. ഒമാനിൽ നിന്നെത്തിയ മധ്യവയസ്കയെയും ശ്വാസതടസം അനുഭവപ്പെട്ട സാഹചര്യത്തിലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്.
മാര്‍ച്ച് എട്ടുമുതല്‍ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മധ്യവയസ്കനെ സാമ്പിള്‍ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷനിൽ നിന്ന് ഒഴിവാക്കി.
വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ എട്ടുപേര്‍ക്കു കൂടി ആരോഗ്യവകുപ്പ് ഇന്നലെ ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ഇതോടെ ജില്ലയില്‍ വീടുകളില്‍ ജനസമ്പര്‍ക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 91 ആയി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ബന്ധുക്കളെയും അയല്‍വാസികളെയും ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി വരികയാണ്.
You may also like:നടിയെ ആക്രമിച്ച കേസിൽ നടി ബിന്ദു പണിക്കരും മൊഴി മാറ്റി [NEWS]പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന യുവാവ് അറസ്റ്റിൽ; നിഷ്ഠൂര ക്രൂരകൃത്യമെന്ന് പൊലീസ് [NEWS]കൊറോണ മറച്ച സൂര്യോദയം ആസ്വദിക്കുന്ന മുത്തച്ഛൻ; ഹൃദയത്തിൽ തൊടുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ [NEWS]യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍, സാംക്രമിക രോഗ ചകിത്സാവിഭാഗം മേധാവി ഡോ. സജിത്കുമാര്‍, കമ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ. ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.
🔹ജനങ്ങള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണം
പൊതുചടങ്ങുകള്‍, ആരാധനാലയങ്ങള്‍, സിനിമ തിയേറ്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തു ചേരുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
അവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ട്രെയിനുകള്‍, ബസുകള്‍ തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്.
🔹ബന്ധപ്പെടേണ്ട നമ്പരുകള്‍
വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സംശയ നിവാരണത്തിനുമായി 0481 2304800, 1077 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.
🔹ഭീതിവേണ്ട; ജാഗ്രത ഉറപ്പാക്കണം
വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യജ പ്രചാരണങ്ങളില്‍ ജനം പരിഭ്രാന്തരാകേണ്ടതില്ലെന്നും രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വ്യക്തിശുചിത്വം ഉറപ്പാക്കണം. കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുകയും വേണം. പൊതുസ്ഥലത്ത് തുപ്പുന്നത് കര്‍ശനമായി ഒഴിവാക്കണം.
🔹മാസ്കിന് പകരം തൂവാല
വൈറസ് പ്രതിരോധത്തിന് മാസ്ക് ലഭ്യമാകാതിരുന്നാല്‍ പകരം തൂവാല ഉപയോഗിച്ചാലും മതിയാകും. ത്രികോണാകൃതിയില്‍ മടക്കിയ തൂവാല മൂക്കും വായയും മൂടുന്ന രീതിയില്‍ തലയ്ക്കു ചുറ്റും കെട്ടുക. ഇങ്ങനെ ഉപയോഗിക്കുന്ന തൂവാല ശുചിയായി സൂക്ഷിക്കുക.
🔹വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ജില്ലയിലെ അങ്കണവാടികള്‍, പോളിടെക്നിക് കോളേജുകള്‍,
പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്-അണ്‍ എയ്ഡഡ്
സ്കൂളുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും
മാര്‍ച് 10 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയ്ക്കും നേരത്തെ നിശ്ചയിച്ചിട്ടുള്ള ബോര്‍ഡ്, യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
വിദ്യാര്‍ഥികള്‍ ജനങ്ങള്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ പോകുന്നതും യാത്രകള്‍ നടത്തുന്നതും ഒഴിവാക്കി വീട്ടില്‍തന്നെ കഴിയണം.
🔹വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവര്‍
പൊതുസമ്പര്‍ക്കം ഒഴിവാക്കണം
വിദേശത്തു നിന്ന് പ്രത്യേകിച്ച് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്ന് എത്തുന്നവര്‍ ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യുകയും പൊതു സമ്പര്‍ക്കം ഒഴിവാക്കി വീട്ടില്‍ കഴിയുകയും വേണം.
🔹മാസ്കിനും സാനിറ്റൈസറിനും അധിക വില;
വ്യപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
കൊറോണ വൈറസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്കിനും സാനിറ്റൈസറിനും അമിതവില ഈടാക്കുന്നതായുള്ള പരാതി വ്യാപകമായതിനെ തുടര്‍ന്ന് കോട്ടയം നഗരത്തിലും മെഡിക്കല്‍ കോളേജ് പരിസരത്തും ചങ്ങനാശേരിയിലും വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. അഡീണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മന്‍റെയും കോട്ടയം തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബുവിന്‍റെയും നേതൃത്വത്തില്‍ രണ്ടു സംഘങ്ങളായാണ് പരിശോധന നടത്തിയത്.
വില്‍പ്പന നികുതി ഇന്‍റലിജന്‍സ് വിഭാഗം, ആരോഗ്യ വകുപ്പ്, ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫീസ്, പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. കടകളിലെ സ്റ്റോക്കിലും ഇവ വില്‍ക്കുന്ന വിലയിലും അപാകത കണ്ടെത്തിയിട്ടുണ്ട്. വില്‍പ്പന നികുതി വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്നും എ.ഡി.എം അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.