'സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം': മമ്മൂട്ടി
- Published by:Anuraj GR
- news18-malayalam
Last Updated:
" ഞാനാ ഉമ്മൻചാണ്ടിയാ" എന്നു പറഞ്ഞു ഫോണിൽ വിളിക്കുന്ന വിളിപ്പാടകലെയുള്ള സഹൃദയൻ.. അതിശക്തനായ നേതാവ്
സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വമാണ് ഉമ്മൻചാണ്ടിയുടേതെന്ന് നടൻ മമ്മൂട്ടി. ഫേസ്ബുക്കിൽ എഴുതിയ അനുസ്മരണ കുറിപ്പിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ‘ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല.. ഒടുവിലൊരിക്കൽ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകൾ ഉണ്ടായിരുന്നു’- മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം.
ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല.. ഒടുവിലൊരിക്കൽ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകൾ ഉണ്ടായിരുന്നു.
ഞാൻ വിദ്യാർത്ഥി ആയിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിലുണ്ട്. ചെറുപ്പത്തിലേ ഉയരങ്ങളിൽ എത്തിയ ഒരാൾ.. എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ടു ഒപ്പം നടന്നു… ഞാൻ എന്ന വ്യക്തി ചുമക്കാൻ പാടുപെടുന്ന മമ്മൂട്ടി എന്ന നടന്റെ താരഭാരം അലിഞ്ഞില്ലാതായി. പള്ളിമുറ്റത്തു നാട്ടുകാർക്കിടയിൽ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്റെ വിശേഷണം…
advertisement
” ഞാനാ ഉമ്മൻചാണ്ടിയാ” എന്നു പറഞ്ഞു ഫോണിൽ വിളിക്കുന്ന വിളിപ്പാടകലെയുള്ള സഹൃദയൻ.. അതിശക്തനായ നേതാവ്.
ഒരിക്കൽ ഞങ്ങളുടെ ‘കെയർ ആൻഡ് ഷെയർ’ പദ്ധതി 600 കുട്ടികളുടെ ചികിത്സാചിലവുകൾ കണ്ടെത്താൻ പാടുപെടുകയായിരുന്നു. അപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി 100 കുട്ടികളുടെ ശസ്ത്രക്രിയക്കുള്ള ചിലവ് CSR ഫണ്ട് ഉപയോഗിച്ച് സ്പോൺസർ ചെയ്യാമെന്നേറ്റു . നൂറാമത്തെ കുട്ടി സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോൾ മുഖ്യമന്ത്രി ആയ ഉമ്മൻ ചാണ്ടി കാണാൻ വരികയും ചെയ്തു.
advertisement
സത്യ പ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ കൊച്ചിയിലെ എന്റെ വീട്ടിലേക്കു അപ്രതീക്ഷിതമായി ഊണിനെത്തി. അന്ന് എനിക്കദ്ദേഹത്തോടുള്ള ഒരേ ഒരു വിയോജിപ്പ് ഞാൻ രേഖപെടുത്തി. ” സ്വന്തം ആരോഗ്യം നോക്കാതെയുള്ള ഈ അലച്ചിൽ നിയന്ത്രിക്കണം ”
ഒരു ചിരി മാത്രമായിരുന്നു മറുപടി.
‘പ്രാഞ്ചിയേട്ടൻ’ എന്ന ചിത്രത്തിൽ എന്റെ കഥാപാത്രം പോലും പറയുന്നുണ്ട്
advertisement
‘ഉമ്മൻ ചാണ്ടി ഒന്നേ ഉള്ളു ‘ എന്ന്…
ഒരുമിച്ചൊരുപാട് ഓർമ്മകൾ.. ആയിരം അനുഭവങ്ങൾ..
ഒരുപാടെഴുതുന്നില്ല..
എഴുതേണ്ടിവന്ന ഒരനുഭവം കൂടി
അദേഹത്തിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതുവാനുള്ള നിയോഗം എനിക്കായിരുന്നു
അതിലെഴുതാൻ കുറിച്ച വരികൾ ഇവിടെ കുറിക്കട്ടെ…
“ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല നൽകുകയാണെങ്കിൽ അത് മനുഷ്യ സ്നേഹത്തിനുള്ളതാകും….
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 18, 2023 5:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം': മമ്മൂട്ടി