'സി.പി.എമ്മിന് വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ച ചരിത്രം'; ഉദാഹരണങ്ങൾ നിരത്തി ഉമ്മന്‍ ചാണ്ടി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ജനോപകരപ്രദമായ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്തത് സിപിഎമ്മാണ്. അഴിമതിയില്‍ മുങ്ങിയ ആഴക്കടല്‍ മത്സ്യബന്ധനം പോലുള്ള പദ്ധതികളെയാണ് യുഡിഎഫ് എതിര്‍ത്തത്. അത് സിപിഎമ്മിനും സര്‍ക്കാരിനും അംഗീകരിക്കേണ്ടി വന്നെന്നും ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ യുഡിഎഫ് എതിര്‍ക്കുകയാണെന്നു വിലപിക്കുന്ന മുഖ്യമന്ത്രി എല്‍ഡിഎഫിന്റെ ചരിത്രം മറക്കുകയും മറയ്ക്കുകയും ചെയ്യരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനോപകരപ്രദമായ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്തത് സിപിഎമ്മാണ്. അഴിമതിയില്‍ മുങ്ങിയ ആഴക്കടല്‍ മത്സ്യബന്ധനം പോലുള്ള പദ്ധതികളെയാണ് യുഡിഎഫ് എതിര്‍ത്തത്. അത് സിപിഎമ്മിനും സര്‍ക്കാരിനും അംഗീകരിക്കേണ്ടി വന്നെന്നും ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
എല്‍ഡിഎഫ് എതിര്‍ത്ത ചില പദ്ധതികള്‍ ഇപ്രകാരം.
വിഴിഞ്ഞം പദ്ധതി- സംസ്ഥാന സര്‍ക്കാരിന് 3500 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയില്‍ 6000 കോടിയുടെ അഴിമതിയാണ് പിണറായി വിജയന്‍ ആരോപിച്ചത്. ഇതേക്കുറിച്ച് ഈ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ വച്ച് അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിനു വിട്ടിരിക്കുകയാണ്.
Also Read റാങ്ക് പട്ടികയുടെ കാലാവധി നീട്ടണം; ഉദ്യോഗാർത്ഥികളുടെ സമരം തീർക്കാൻ ഫോര്‍മുലയുമായി ഉമ്മൻചാണ്ടി
കണ്ണൂര്‍ വിമാനത്താവളം- റണ്‍വെയുടെ നീളം കൂട്ടണം, കൂടുതല്‍ സ്ഥലം എടുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്ണൂര്‍ വിമാനത്താവള പദ്ധതിയെ എതിര്‍ത്തത്. എന്നാല്‍ 5 വര്‍ഷം കിട്ടിയിട്ടും ചെറുവിരല്‍ അനക്കിയില്ല. തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയപ്പോള്‍ 5000 ഏക്കര്‍ സ്ഥലം എടുക്കാന്‍ 12,000 കോടി മാറ്റിവയ്ക്കും എന്നൊരു പ്രഖ്യാപനം നടത്തി.
advertisement
Also Read ഉമ്മൻ ചാണ്ടിയുടെ കാലിൽ വീണ് ഉദ്യോഗാർഥികൾ; ആ കണ്ണീർ വീണെന്റെ കാല് പൊള്ളിയെന്ന് മുൻ മുഖ്യമന്ത്രി
ലൈറ്റ് മെട്രോ- തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോപദ്ധതി ഇ ശ്രീധരനെയും ഡല്‍ഹി മെട്രോയെയും ഒഴിവാക്കിയാണ് അട്ടിമറിച്ചത്.
ഗെയില്‍ പദ്ധതി- സിപിഎം ചില സംഘടനകളുമായി ചേര്‍ന്ന് പദ്ധതി പ്രദേശത്ത് വന്‍ സമരം അഴിച്ചുവിട്ടു. ഭൂമിക്കടിയിലെ ബോംബ് എന്നായിരുന്നു വിശേഷണം.
ദേശീയപാത- ദേശീയപാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കലിനെതിരേയും സിപിഎം സമരം നടത്തി. സര്‍വെക്കല്ലുപോലും ഇടാന്‍ സമ്മതിച്ചില്ല.
advertisement
സ്മാര്‍ട്ട് സിറ്റി- കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കെതിരേ കോടയില്‍ കേസുവരെ ഫയല്‍ ചെയ്ത് പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചു.
സ്വാശ്രയ കോളജ്- സ്വാശ്രയ കോളജിനെതിരേ അഴിച്ചുവിട്ട വന്‍പ്രക്ഷോഭത്തിലാണ് കൂത്തുപറമ്പ് വെടിവയ്പ്പ് ഉണ്ടായത്. പിന്നീട് എംവി രാഘവനെ സിപിഎം കൊണ്ടുനടക്കുന്നതും പാര്‍ട്ടി തന്നെ സ്വാശ്രയ കോളജ് തുടങ്ങുന്നതും നേതാക്കളുടെ മക്കള്‍ സ്വാശ്രയ കോളജുകളില്‍ പഠിക്കുന്നതും കേരളം കണ്ടു.
ഓട്ടോണമസ് കോളജ് - 2011ല്‍ രാജ്യത്ത് 506 ഓട്ടോണമസ് കോളജ് ഉണ്ടായിരുന്നപ്പോഴാണ് കേരളത്തില്‍ ഓട്ടോണമസ് കോളജ് നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരേ ശക്തമായി രംഗത്തുവന്ന സിപിഎം ഗ്ലോബല്‍ വിദ്യാഭ്യാസ മീറ്റില്‍ വച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടിപി ശ്രീനിവാസനെ മര്‍ദിച്ചാണ് പക തീര്‍ത്തത്.
advertisement
മെഡിക്കല്‍ കോളജുകള്‍- യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ട 16 മെഡിക്കല്‍ കോളജുകളില്‍ 6 എണ്ണത്തെ ഇടതുപക്ഷം ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഫലമായി 2500 സര്‍ക്കാര്‍ എംബിബിഎസ് സീറ്റുകള്‍ നഷ്ടപ്പെട്ടു. പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സൗകര്യം നിഷേധിച്ചു. തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജ്, ഇടുക്കി, കോന്നി, കാസര്‍കോഡ്, വയനാട്, ഹരിപ്പാട് എന്നിവയ്‌ക്കെതിരേയാണ് ഇടതുപക്ഷം നിഷേധാത്മക നിലപാട് സ്വീകരിച്ചത്.
കാരുണ്യ- ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് 2 ലക്ഷം രൂപവരെ അനായാസം ചികിത്സാ സഹായം കിട്ടുന്ന കാരുണ്യ പദ്ധതി ഇല്ലാതാക്കി. കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ പദ്ധതിയുടെ നടത്തിപ്പിന് ഫണ്ട് ഇല്ലാതായി.
advertisement
പങ്കാളിത്ത പെന്‍ഷന്‍- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിനെതിരേ ഇടതുപക്ഷം രംഗത്തുവന്നു. അധികാരത്തില്‍ വന്നാല്‍ ഈ പദ്ധതി റദ്ദാക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇടതുസര്‍ക്കാര്‍ കമ്മിറ്റിയെവച്ച് ജീവനക്കാരുടെ കണ്ണില്‍ പൊടിയിടുക മാത്രമാണ് ചെയ്തത്.
ജനസമ്പര്‍ക്ക പരിപാടി- ഇതിനെതിരേ എല്ലാ ജില്ലകളിലും വന്‍ പ്രക്ഷോഭം അഴിച്ചുവിടുകയും വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലിയാണെന്നു പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തവര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മന്ത്രിമാരെ വച്ച് ഇതേ പരിപാടി നടത്തി.
നെടുമ്പാശേരി വിമാനത്താവളം, കംപ്യൂട്ടര്‍വത്കരണം, ട്രാക്ടര്‍, പ്ലസ് ടു തുടങ്ങിയവയ്‌ക്കെതിരേയും സിപിഎം രംഗത്തുവന്നിരുന്നു. എല്ലാ പുരോഗമന, വികസന, ക്ഷേമ നടപടികളെയും എതിര്‍ത്ത ചരിത്രം മാത്രമേ സിപിഎമ്മിനുള്ളുവെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 27, 2021 6:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സി.പി.എമ്മിന് വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ച ചരിത്രം'; ഉദാഹരണങ്ങൾ നിരത്തി ഉമ്മന്‍ ചാണ്ടി