കോട്ടയം: മതേതരത്വത്തിനുവേണ്ടി നിലകൊണ്ട നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. തങ്ങളുടെ വിയോഗത്തിൽ (Panakkad Sayed Hyderali Shihab Thangal) അനുസ്മരിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മതേതരത്വത്തിനും മതമൈത്രിക്ക് വേണ്ടിയും നിലകൊണ്ട നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃത്വവും സമൂഹത്തിന് നന്മ വരുത്തുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തങ്ങളുടെ വേര്‍പാട് ലീഗിന് മാത്രമല്ല ഐക്യജനാധിപത്യ മുന്നണിക്കും ജനാധിപത്യ, മതേതരത്വ കേരളത്തിനും വലിയ നഷ്ടമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും സയ്യിദത്ത് ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15 നാണ് ഹൈദരലി തങ്ങള്‍ ജനിച്ചത്. പാണക്കാട് ദേവധാര്‍ എല്‍.പി സ്കൂളില്‍ പ്രാഥമിക പഠനം.
പിന്നീട് കോഴിക്കോട് എം.എം ഹൈസ്കൂളില്‍ വെച്ച് 1959 ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് തിരുന്നാവായക്കടുത്ത കോന്നല്ലൂരില്‍ മൂന്ന് വര്‍ഷം ദര്‍സ് പഠനം നടത്തി. പിന്നീട് പൊന്നാനി മഊനത്തുല്‍ ഇസ്ലാം അറബി കോളജിലും അല്പകാലം പഠിച്ചു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളേജില്‍ ചേര്‍ന്ന തങ്ങള്‍ 1974 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കി. സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ കൈകളില്‍ നിന്നായിരുന്നു സനദ് ഏറ്റുവാങ്ങി.
മര്‍ഹൂം ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്, കെ.സി ജമാലുദ്ധീന് മുസ്ലിയാര്, തുടങ്ങിയ പ്രമുഖരാണ് ജാമിഅയിലെ ഉസ്താദുമാര്‍. 1973 ല്‍ സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചപ്പോള്‍ തങ്ങളായിരുന്നു പ്രഥമ പ്രസിഡന്റ്. തന്റെ സഹപാഠിയും ഇപ്പോള്‍ ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്സിറ്റി വി.സി.യുമായ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ജനറല്‍ സെക്രട്ടറിയുമായിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാസി സ്ഥാനം വഹിക്കുന്നതും ഹൈദരലി ശിഹാബ് തങ്ങള്‍ 1994ല്‍ നെടിയിരുപ്പ് പോത്ത് വെട്ടിപ്പാറ മഹല്ലിലാണ് ആദ്യമായി ഖാസിയായി ചുമതലയേല്‍ക്കുന്നത്. 1977 ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡന്റായി സ്ഥാപനങ്ങളുടെ കാര്‍മികത്വം വഹിച്ചു തുടങ്ങി. ചെമ്മാട് ദാറുല്‍ ഹുദ, പട്ടിക്കാട് ജാമിഅ, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസ്, കരുവാരക്കുണ്ട് ദാറുന്നജാത്ത് തുടങ്ങി കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവികള്‍ വഹിച്ചു. 1990 ല്‍ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലായിരുന്നു അത്. 18 വര്‍ഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്ന ഹൈദരലി തങ്ങള്‍ ശിഹാബ് തങ്ങളുടെ നിര്യാണ ശേഷം ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷ പദവിയിലെത്തി. മുസ്ലിംലീഗ് ഉന്നതാധികാര സമതി അംഗം, രാഷ്ട്രീയ കാര്യ സമിതി ചെയര്മാന് എന്നീ പദവികള്‍ വഹിക്കുന്നു. ഇതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ട്, തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു.
സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ്, സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍
വയനാട് ഖാസി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ്, എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ്, ജാമിഅ നൂരിയ്യ പ്രസിഡന്റ്
നന്തി ജാമിഅ ദാറുസ്സലാം പ്രസിഡന്റ്, കൊഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളെജസ്(വാഫി,വഫിയ്യ) റെക്ടര്‍, ദാറുല്‍ ഹുദാ ചാന്‍സിലര്‍, എം.ഇ.എ എഞ്ചിനീയറിംങ് കോളെജ് പ്രസിഡന്റ്, സുപ്രഭാതം മുഖ്യരക്ഷാധികാരി, സുന്നീ അഫ്കാര്‍ വാരിക മാനേജിംങ് ഡയറക്ടര്‍
കൊയിലാണ്ടിയിലെ അബ്ദുള്ള ബാഫഖിയുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്റയെയാണ് തങ്ങള്‍ വിവാഹം ചെയ്തത്.
മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കള്‍: സയ്യിദ് നിയാസ് അലി ജിഫ്രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂര്‍. സഹോദരങ്ങള്‍: പരേതനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് ഖദീജ കുഞ്ഞിബീവി, മുല്ല ബീവി എന്നിവരാണ് സഹോദരങ്ങള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Oommen Chandy, Panakkad Thangal