'ആരാധനാലയങ്ങൾ തുറക്കണം'; സർക്കാരിനോട് ഓർത്തഡോക്സ് സഭ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ടി പി ആർ അടിസ്ഥാനത്തിൽ മേഖലകൾ തിരിച്ച് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് സഭ ആവശ്യപ്പെട്ടു
കോട്ടയം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യവുമായി ഓർത്തഡോക്സ് സഭ. സഭ സെക്രട്ടറി ബിജു ഉമ്മനാണ് വാർത്താസമ്മേളനം നടത്തി സഭയുടെ ആവശ്യം മുന്നോട്ട് വെച്ചത്. ടി പി ആർ അടിസ്ഥാനത്തിൽ മേഖലകൾ തിരിച്ച് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് ബിജു ഉമ്മൻ ആവശ്യപ്പെട്ടു.
മഹാമാരിയുടെ പശ്ചാത്തലത്തിൽ ആകുലതയിൽ കഴിയുന്ന വിശ്വാസികൾക്ക് പ്രത്യാശ നൽകുന്ന ആരാധനാലയങ്ങൾ തുറക്കേണ്ടത് ഏറെ പരിഗണന അർഹിക്കുന്ന വിഷയമായി സർക്കാർ കാണണം. മതപരമായ ചടങ്ങുകൾക്കും ആചാരാനുഷ്ഠാനങ്ങൾക്കുമൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും രോഗപ്രതിരോധ പ്രവർത്തനങ്ങളും ആരാധനാലയങ്ങളുടെ ചുമതലയിൽ ഏറെ പ്രശംസനീയമായി നടന്നു വരുന്നുണ്ടെന്നും ബിജു ഉമ്മൻ ചൂണ്ടിക്കാട്ടി. വ്യാപാര വിനോദ സ്ഥാപനങ്ങൾ പോലും പ്രവർത്തിക്കാൻ അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിന് അടിയന്തര പരിഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ എൻഎസ്എസും വിവിധ മുസ്ലിം സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഓർത്തഡോക്സ് സഭയും ഇതേ ആവശ്യവുമായി രംഗത്തെത്തിയത്.
Also Read കോവിഡ് പ്രതിരോധം; മുഖ്യമന്ത്രി അഭിനന്ദിച്ച 'ചെല്ലാനം മോഡൽ' കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും
സർക്കാർ തീരുമാനം വിശ്വാസികളുടെ അവകാശത്തെ പൂർണമായും ഹനിക്കുന്നതാണെന്നായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തിയത്. ആരാധനാലയങ്ങളിൽ യഥാവിധി നടക്കേണ്ട ദൈനംദിന ചടങ്ങുകൾക്കൊപ്പം നിയന്ത്രിതമായ രീതിയിൽ വിശ്വാസികൾക്ക് ദർശനം നടത്തുന്നതിന് അനുമതി നൽകാൻ സർക്കാർ തയ്യാറാകണം എന്നും ജി സുകുമാരൻ നായർ ആവശ്യപ്പെട്ടിരുന്നു. മദ്യശാലകൾ അടക്കം തുറന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ ഓട് കടുത്ത വിവേചനമാണ് സർക്കാർ കാട്ടുന്നതെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ മുസ്ലിം സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. മുസ്ലിം സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്.
advertisement
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്കിൽ അടിസ്ഥാനത്തിൽ നാലു മേഖലകൾ തിരിച്ചിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് എട്ടിൽ താഴെയുള്ളതാണ് എ വിഭാഗം. എട്ടിനും 20 നും ഇടയിലുള്ളത് ബി വിഭാഗം. ഇരുപതിന് മുകളിൽ സി വിഭാഗം. 30 ന് മുകളിൽ ഡി വിഭാഗം. എ വിഭാഗത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെ എല്ലാ കടകളും തുറക്കാൻ അനുമതിയുണ്ട്. ബി വിഭാഗത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കാം. സി വിഭാഗത്തിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും തുറക്കാൻ അനുമതി ഉള്ളപ്പോൾ ചെരുപ്പ് സ്റ്റേഷനറി തുണിത്തരങ്ങൾ എന്നിവ വിൽക്കുന്ന കടകൾ വെള്ളിയാഴ്ച ദിവസം തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. അങ്ങനെ ഇരിക്കെയാണ് ആരാധനാലയങ്ങളോട് മാത്രം വിവേചനമെന്ന് സാമുദായിക സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. മത- സാമുദായിക സംഘടനകളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങുമോയെന്നാണ് ഇനി അറിയാനുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 17, 2021 2:43 PM IST