• HOME
 • »
 • NEWS
 • »
 • kerala
 • »
 • രണ്ടര വര്‍ഷം; 118 അപകടം, 47 മരണം; അപകടമൊഴിയാതെ ഒരു റോഡ്

രണ്ടര വര്‍ഷം; 118 അപകടം, 47 മരണം; അപകടമൊഴിയാതെ ഒരു റോഡ്

 • Last Updated :
 • Share this:
  കോട്ടയം: ലോകനിലവാരത്തില്‍ നിര്‍മിച്ച പാല-പൊന്‍കുന്നം റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു. ഇന്ന് ഒന്നാം മൈലിന് സമീപം അട്ടിക്കലില്‍ ബൈക്കും മിനി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചിരുന്നു. ഇതുള്‍പ്പടെ രണ്ടര വര്‍ഷത്തിനിടയില്‍ ഈ റൂട്ടില്‍ 118 അപകടങ്ങളില്‍നിന്നായി 47 പേരാണ് മരിച്ചത്. ഇത്രയും കാലത്തിനിടയില്‍ 180ഓളം പേര്‍ക്കാണ് പാലാ-പൊന്‍കുന്നം റൂട്ടിലെ അപകടങ്ങളില്‍ പരിക്കേറ്റത്.

  ലോകനിലവാരത്തില്‍ റോഡ് പുനര്‍നിര്‍മിച്ചപ്പോള്‍ സുരക്ഷയ്ക്കായി വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിക്കാതിരുന്നതാണ് അപകടങ്ങള്‍ കൂടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് പേരിന് വേണ്ടി മാത്രമാണെന്നാണ് ആക്ഷേപം. സ്പീഡ് ബ്രേക്കറുകളില്‍പ്പോലും വേഗം കുറയ്ക്കാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം ഇളങ്ങുളം മിഥിലാപുരിയില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചിരുന്നു. മിഥിലാപുരി ഗുരുമന്ദിരത്തിന് സമീപത്തെ സ്പീഡ് ബ്രേക്കറിലൂടെ എതിര്‍ദിശയില്‍ വന്ന ബസും കാറും ഒരുപോലെ കടന്നുപോകാന്‍ ശ്രമിച്ചതാണ് കൂട്ടിയിടിക്ക് കാരണമായത്. മഴ പെയ്തതുകാരണം റോഡിലെ വഴുക്കലും കൂട്ടിയിടിക്ക് കാരണമായി.

  പൊൻകുന്നത്ത് വാഹനാപകടം; മൂ​ന്നു മരണം, ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രുക്ക്

  പാലാ-പൊൻകുന്നം റോഡിലെ അപകടങ്ങൾക്ക് കാരണം അമിതവേഗവും അശ്രദ്ധയുമാണെന്ന് സമീപവാസികൾ പറയുന്നു. കണ്ണാടിപോലെ തിളങ്ങുന്ന റോഡിൽ കാൽനടയാത്രക്കാർ മുറിച്ചുകടക്കുന്നതും അപകടകരമാകുന്നുണ്ട്. ദൂരെനിന്ന് വാഹനം വരുന്നതുകണ്ട് മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർ റോഡിന്‍റെ നടുക്ക് എത്തുമ്പോഴേക്കും വാഹനം തൊട്ടടുത്ത് എത്തിയിരിക്കും. പലപ്പോഴും ഇത് അപകടത്തിന് കാരണമാകുന്നുണ്ട്. ശബരിമല തീർഥാടകർ ഏറെ കടന്നുപോകുന്ന റൂട്ടാണിത്. കഴിഞ്ഞ മണ്ഡലകാലത്ത് പാലാ-പൊൻകുന്നം റൂട്ടിൽ പൊലീസ് പെട്രോളിങ് ഏർപ്പെടുത്തിയിരുന്നു. കൂടാതെ ഇന്‍റർസെപ്റ്റർ പെട്രോളിങ്, ഹൈവേ പൊലീസ് എന്നിവയുമുണ്ടായിരുന്നു. എന്നാൽ ഇത്തവണ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

  Dont Miss: പാലാ പൊന്‍കുന്നം റോഡില്‍ വീണ്ടും അപകടം; യുവാവ് മരിച്ചു

  റോഡ് ലോകനിലവാരത്തിൽ വികസിപ്പിച്ചത് ഇത്തരമൊരു പൊല്ലാപ്പായി മാറുമെന്ന് കരുതിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ നാറ്റ്പാക് അധികൃതർ പൊൻകുന്നം-പാല റൂട്ടിലെ അപകടസാധ്യതകളെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഈ പഠനറിപ്പോർട്ട് അടിസ്ഥാനമാക്കി മാർച്ചിൽ പൊലീസ് നൽകിയ സുരക്ഷ ക്രമീകരണ നിർദേശവും നടപ്പാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഈ ഫയൽ റോഡ് സേഫ്റ്റി അധികൃതരുടെ ഓഫീസിൽ പൊടിപിടിച്ചിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. രണ്ടാം മൈൽ മുതൽ മഞ്ചക്കുഴി വരെയുള്ള 6.45 കിലോമീറ്റർ ദൂരം അതീവ അപകട മേഖലയാണെന്ന് നാറ്റ്പാക് റിപ്പോർട്ടിൽ പറയുന്നുണ്ട്. നാറ്റ്പാക് റിപ്പോർട്ടിലെ ശുപാർശ പ്രകാരം പാലാ-പൊൻകുന്നം റൂട്ടിൽ ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടിയും എങ്ങുമെത്തിയിട്ടില്ല. 1.62 കോടിയുടെ പദ്ധതി പൊതുമരാമത്ത് വിഭാഗം പൊലീസിന് സമർപ്പിച്ചെങ്കിലും തുടർ നടപടികളായിട്ടില്ല.

  പൊൻകുന്നം-പാലാ റൂട്ടിൽ KSRTC ബസുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരുക്ക്

  കഴിഞ്ഞ ദിവസത്തെ അപകടത്തിന് കാരണം സ്പീഡ് ബ്രേക്കറാണെന്ന പരാതിയെ തുടർന്ന് പാല-പൊൻകുന്നം റൂട്ടിലെ സ്പീഡ് ബ്രേക്കറുകളെല്ലാം പൊലീസ് എടുത്ത് മാറ്റിയിട്ടുണ്ട്. ഇത് കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് ആശങ്കയിലാണ് നാട്ടുകാർ. അപകടങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ ഉടനടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനിടെ റോഡിൽ സുരക്ഷാ ക്രമീകരണം ഒരുക്കേണ്ടത് ആര് എന്നതിനെ ചൊല്ലി തർക്കം തുടരുന്നതായി റിപ്പോർട്ടുണ്ട്. റോഡ് നിർമിച്ച കെ.എസ്.ടി.പിയും വാഹനഗതാഗതവകുപ്പും പൊലീസും തമ്മിലാണ് തർക്കം നിലനിൽക്കുന്നത്. അധികൃതർ പരസ്പരം പഴിചാരിക്കൊണ്ടിരിക്കുമ്പോൾ പാലാ-പൊൻകുന്നം റൂട്ടിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുകയാണ്.
  First published: