'ബസ് തടയുന്നത് നാലാം തവണ;എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത്?' MVDയെ കൂകി വിളിച്ച് റോബിൻ യാത്രക്കാർ
- Published by:Arun krishna
- news18-malayalam
Last Updated:
തുടര്‍ച്ചയായ നാലാം തവണയും ബസ് തടഞ്ഞതോടെ യാത്രക്കാര്‍ എംവിഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ കൂകിവിളിച്ചു.
മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടി അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന റോബിന്‍ ബസിനെ നാലാം തവണയും എംവിഡി തടഞ്ഞു. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് രാവിലെ കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് തൃശൂര്‍ ജില്ലയിലെ പുതുക്കാട് വെച്ചാണ് അവസാനമായി പരിശോധനക്കെന്ന പേരില്‍ തടഞ്ഞത്. തുടര്‍ച്ചയായ നാലാം തവണയും ബസ് തടഞ്ഞതോടെ യാത്രക്കാര്‍ എംവിഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ കൂകിവിളിച്ചു.
പത്തംതിട്ടയില്‍ തടഞ്ഞതിന് പിന്നാലെ പാലായിലും അങ്കമാലിയിലും ബസ് തടഞ്ഞിരുന്നു.പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്നു യാത്ര തുടങ്ങിയ ബസ് 100 മീറ്റർ പിന്നിട്ടപ്പോളാണ് പരിശോധനയുമായി എത്തിയ എംവിഡി പെർമിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയിട്ടത്. നാട്ടുകാരുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉണ്ടായതിനെ തുടർന്നാണ് പാലാ ഇടപ്പാടിയില്‍വെച്ച് ബസ് വിട്ടയച്ചത്. എംവിഡി പിഴ ഇട്ടതിന് ശേഷം റോബിന്‍ ബസിന് വിവിധ ഇടങ്ങളിലായി നാട്ടുകാര്‍ സ്വീകരണവും നല്‍കി.
advertisement
ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇപ്പോഴും മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തിയ ശേഷവും യാത്ര തുടരുന്ന ബസിനെ വഴിയില്‍ ഇനിയും എംവിഡി സംഘങ്ങള്‍ തടഞ്ഞേക്കുമെന്നാണ് സൂചന. സാധുതയുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനുള്ള പിഴയായാണ് 7500 രൂപ ചുമത്തുന്നതെന്ന് എംവിഡി നല്‍കിയ ചെലാനില്‍ പറയുന്നുണ്ട്.
advertisement
കഴിഞ്ഞ ഓഗസ്റ്റ് 30നാണ് റോബിൻ ബസ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരേക്ക് സർവീസ് ആരംഭിച്ചത്. സെപ്റ്റംബർ ഒന്നിന് രാവിലെ റാന്നിയിൽ വച്ച് മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. തുടർന്ന് 45 ദിവസങ്ങൾക്ക് ശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായി ബസ് ഒക്ടോബർ 16ന് വീണ്ടും സർവീസ് തുടങ്ങി. റാന്നിയിൽ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. പിന്നാലെ കോടതി ഉത്തരവിനെ തുടർന്നാണ് ബസ് ഉടമയ്ക്ക് വിട്ടുനൽകിയത്. പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ സീറ്റ് ബുക്കിങും ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച യാത്ര തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
November 18, 2023 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബസ് തടയുന്നത് നാലാം തവണ;എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത്?' MVDയെ കൂകി വിളിച്ച് റോബിൻ യാത്രക്കാർ