ശസ്ത്രക്രിയക്ക് വിധേയനാക്കിയ രോഗി ഡിസ്ചാർജിന് പിന്നാലെ മരിച്ചു; കോട്ടയം മെഡിക്കല്‍ കോളേജിനെതിരെ ആരോപണവുമായി ബന്ധുക്കള്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഡിസ്ചാർജിന്റെ പേരിൽ ഒരു പകൽ മുഴുവൻ ചികിൽസ നിഷേധിക്കപ്പെട്ടതാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
കോട്ടയം: വൈക്കത്ത് വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയെ അപകട നില തരണം ചെയ്യുന്നതിന് മുമ്പ് ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് മരിച്ചത് ആശുപത്രി അധികൃതരുടെ നടപടി മൂലമാണെന്ന് ആരോപണവുമായി ബന്ധുക്കൾ. വൈക്കം വെച്ചൂർ ഇടയാഴം ചെമ്മരപ്പള്ളിൽ ഗോപിനാഥൻ നായരാ(63 )ണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ നിരുത്തരവാദപരമായ നടപടിയെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ അഞ്ചിന് രാത്രി ഒൻപതിന് വൈക്കം ഇടയാഴം പെട്രോൾ പമ്പിന് സമീപത്തുകൂടി നടന്നു പോകുമ്പോഴായിരുന്നു ഗോപിനാഥനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോപിനാഥനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി. 10ന് അപകട നില തരണം ചെയ്യുന്നതിന് മുമ്പേ ബെഡില്ലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതർ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദ്ദേശിച്ചു. ഗോപിനാഥന്റെ ആരോഗ്യനില മോശമായതിനാൽ മറ്റൊരു വാർഡിലേക്ക് മാറ്റാൻ ബന്ധുക്കൾ അപേക്ഷിച്ചതിനാൽ ഐ സി യുവിൽ രണ്ടു ദിവസം കൂടി നീട്ടി നൽകി.
advertisement
13 ന് രാവിലെ ഒൻപതിന് ഗോപിനാഥനെ ഡിസ്ചാർജ് ചെയ്യുകയാണെന്ന് പറഞ്ഞ് ഐ സി യുവിൽ നിന്ന് പുറത്തേക്ക് മാറ്റി. അന്ന് വൈകുന്നേരം അഞ്ചിന് ഡിസ്ചാർജ് ഷീറ്റ് നൽകുന്നവരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിക്ക് നൽകേണ്ട ജീവൻ രക്ഷാ മരുന്നുകളും മറ്റ് പരിചരണങ്ങളും നൽകിയില്ല. പിന്നീട് വൈകുന്നേരം ആറിന് വൈക്കം താലൂക്ക് ആശുപത്രിയിൽ ഗോപിനാഥനെ പ്രവേശിപ്പിച്ചെങ്കിലും രാത്രി 1.30 ഓടെ മരിച്ചു. മെഡിക്കൽ കോളേജിൽ ഏതെങ്കിലും വാർഡിലേക്ക് മാറ്റി തുടർ ചികിൽസ ലഭിച്ചിരുന്നെങ്കിൽ ഗോപിനാഥന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്ന് സഹോദരൻ ദിനേഷ് ആരോപിച്ചു.
advertisement
ഡിസ്ചാർജിന്റെ പേരിൽ ഒരു പകൽ മുഴുവൻ ചികിൽസ നിഷേധിക്കപ്പെട്ടതാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം രോഗി മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗോപിനാഥൻ നായരുടെ ബന്ധുക്കൾ എസ് പി . ആരോഗ്യ വകുപ്പ് മന്ത്രി, ഡിഎംഒ തുടങ്ങിയവർക്ക് പരാതി നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
June 14, 2023 4:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശസ്ത്രക്രിയക്ക് വിധേയനാക്കിയ രോഗി ഡിസ്ചാർജിന് പിന്നാലെ മരിച്ചു; കോട്ടയം മെഡിക്കല്‍ കോളേജിനെതിരെ ആരോപണവുമായി ബന്ധുക്കള്‍