കോട്ടയം: തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ട്(Popular Front) നടത്തിയ മാര്‍ച്ചിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ച് കേരള ജനപക്ഷം ചെയര്മാന് പി സി ജോര്‍ജ്(PC George). പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചും അതിന് നേരെയുണ്ടായ പോലീസ് നടപടിയും സംഘര്‍ഷങ്ങളും പിണറായി വിജയനും പോപ്പുലര്‍ ഫ്രണ്ടും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ നാടകമാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു.
തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ സിപിഎം നേതൃത്വം തിരിച്ചടിയുടെ അടിസ്ഥാനം ഭരണവിരുദ്ധ വികാരങ്ങളേക്കാള്‍ പിണറായിയുടെ തീവ്രവാദ പ്രീണന നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധം ആണെന്ന് വിലയിരുത്തി. ഇതിനെ തുടര്‍ന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള രാഷ്ട്രീയ നാടകം മാത്രമാണ് ഇന്ന് തിരുവന്തപുരത്ത് നടന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.
പിണറായിയുടെ തീവ്രവാദ പ്രീണന നയങ്ങള്‍ക്കെതിരെയുള്ള വലിയ ജനവികാരമാണ് യുഡിഎഫിന് ലഭിച്ച വലിയ ഭൂരിപക്ഷം. യുഡിഎഫ് ഇലക്ഷന് കമ്മിറ്റി പോലും പതിനായിരത്തില്‍ താഴെ ഭൂരിപക്ഷം കണക്ക് കൂട്ടിയപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം ഇരുപത്തി അയ്യായിരം കടന്നതിന് അടിസ്ഥാനവും അതായിരുന്നെന്ന് പിസി ജോര്‍ജ് പറഞ്ഞു.
തൃക്കാക്കര ബിജെപി ശാക്തിക മേഖല അല്ലെന്നിരിക്കെ പിണറായിക്കെതിരെയുള്ള ജനരോഷം ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ യുഡിഎഫിന് അനുകൂലമായി മാറുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീവ്രവാദ പ്രീണന നയങ്ങള്‍ക്കെതിരെയുള്ള ഇതര സമൂഹങ്ങളുടെ ഏകീകരണം കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയായി മാറിയതിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയന് ഇന്നത്തെ തെരുവ് നാടകം സംവിധാനം ചെയ്തതെന്നും പി സി ജോര്‍ജ് പറഞ്ഞു.
പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ച്.ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ ബാരിക്കേഡ് വച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമം നടന്നതോടെയാണ് പോലീസ് ജലരീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.