നാട്ടിലെ വീട് പൂട്ടിയിട്ട പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇത് പോലെ 30 പേര് താമസിച്ചാൽ നിങ്ങൾ അറിയുമോ?
- Published by:ASHLI
- news18-malayalam
Last Updated:
അടച്ചിട്ട വീട്ടിൽ 5000 രൂപയുടെ വൈദ്യുതി ബിൽ വന്നപ്പോഴാണ് വലിയ അതിക്രമത്തിന്റെ കഥ പുറത്തെത്തിയത്
നാട്ടിൽ ബംഗ്ലാവ് പണിതിട്ട് വിദേശത്ത് പോയി താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ വീട്ടിൽ ആരും താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിക്കോളൂ. കൊച്ചിയിൽ പ്രവാസിയുടെ വീട്ടിൽ താമസിച്ചത് മുപ്പതോളം ആളുകൾ. സംഗതി പിടികിട്ടിയത് 5000 രൂപയുടെ വൈദ്യുതി ബില്ല് ലഭിച്ചപ്പോഴാണ്.യുഎസിൽ താമസിക്കുന്ന അജിത്ത് വാസുദേവന്റെ വൈറ്റില ജനത റോഡിലെ വീട്ടിലാണ് സംഭവം. അടച്ചിട്ട വീട്ടിൽ ഇത്രയും ബില്ല് വന്നത് എങ്ങനെയെന്ന് കെഎസ്ഇബിയിൽ അന്വേഷിച്ചപ്പോൾ അത് ഉപയോഗിച്ച കറണ്ടിന്റെ ബില്ല് ആണെന്നും തെറ്റ് പറ്റിയിട്ടില്ലെന്നും ആയിരുന്നു മറുപടി.
ഒടുവിൽ ആളെ വിട്ട് അന്വേഷണം നടത്തിയപ്പോഴാണ് വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന് താമസമാക്കിയ ഒരു കൂട്ടം ആളുകളെ കണ്ടെത്തിയത്. തന്റെ വീട്ടിൽ താൻ അറിയാതെ ചിലർ അതിക്രമിച്ചു കയറി താമസിക്കുന്നതായി കണ്ടെത്തിയതോടെ അദ്ദേഹം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. രണ്ടു നിലയുള്ള വീട്ടിൽ വിദ്യാർത്ഥികളും കുടുംബങ്ങളും ഉൾപ്പെടെ മുപ്പതോളം പേരാണ് ഇപ്പോൾ വീട്ടിൽ താമസിക്കുന്നത്. ഗേറ്റിന്റെയും വീടിന്റെയും പൂട്ട് തകർത്ത് ഉള്ളിൽ കടന്നതിനുശേഷം വീട് പെയിന്റ് ചെയ്യുകയും ഉള്ളിൽ ഭിത്തികെട്ടി തിരിച്ച് ശേഷം പലർക്കായി വാടകയ്ക്ക് നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി.
advertisement
അതിക്രമത്തിന് പിന്നിൽ അരൂർ സ്വദേശിയായ സുരേഷ് ബാബു എന്ന വ്യക്തി ആണെന്ന് സ്ഥലം കൗൺസിലർ ഉൾപ്പെടെയുള്ള നാട്ടുകാരുടെ അന്വേഷണത്തിലൂടെ കണ്ടെത്തി. പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വാടക ലഭിക്കുന്ന വിധത്തിലാണ് സുരേഷ് ബാബു വീട് പലർക്കായി വാടകയ്ക്ക് നൽകിയിരിക്കുന്നത് എന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്.
സുരേഷ് ബാബുവിനെ കണ്ടെത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ വീട് തന്നെ നോക്കാൻ ഏൽപ്പിച്ചതാണെന്നായിരുന്നു നൽകിയ മറുപടി. എന്നാൽ സുരേഷ് ബാബു പറയുന്നത് കള്ളമാണെന്ന് അജിത്ത് വാസുദേവൻ അറിയിച്ചു. താനോ ബന്ധുക്കളോ വീടിന്റെ ഒരു ചുമതലയും സുരേഷ് ബാബുവിനെ നൽകിയിട്ടില്ലെന്നും വ്യക്തമാക്കി.
advertisement
വീടിന്റെ ഗേറ്റിന്റെ താക്കോല് സമീപവാസിയുടെ കൈവശത്ത് ആയിരുന്നെങ്കിലും ഇത് ആർക്കും കൈമാറാൻ നിർദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞു. സംഭവത്തിൽ പ്രവാസിയുടെ വീട് അതിക്രമിച്ചു കയറി നാശനഷ്ടം ഉണ്ടാക്കുകയും അനധികൃതമായി വാടകയ്ക്ക് കൊടുക്കുകയും ചെയ്ത സുരേഷ് ബാബുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. വീട്ടിലെ അനധികൃതമായി താമസിക്കുന്നവരോട് വീട് ഉടനെ ഒഴിയാനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മരട് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 31, 2024 4:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാട്ടിലെ വീട് പൂട്ടിയിട്ട പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇത് പോലെ 30 പേര് താമസിച്ചാൽ നിങ്ങൾ അറിയുമോ?