• HOME
  • »
  • NEWS
  • »
  • kerala
  • »
  • പി ജെ ജോസഫിന് ഇന്ന് എൺപതാം പിറന്നാൾ; കേരളനിയമസഭയിലെ  പ്രായമേറിയ അംഗം

പി ജെ ജോസഫിന് ഇന്ന് എൺപതാം പിറന്നാൾ; കേരളനിയമസഭയിലെ  പ്രായമേറിയ അംഗം

മധ്യ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായകമായ കേരള കോൺഗ്രസിന്റെ അമരക്കാരൻ

പിജെ ജോസഫ്

പിജെ ജോസഫ്

  • Share this:
    പുറപ്പുഴ വയറ്റാട്ടില്‍ പാലത്തിനാല്‍ ജോസഫ് ജോസഫ് എന്ന പിജെ ജോസഫിന് ഇന്ന് 80-ആം പിറന്നാൾ. വയറ്റാട്ടിൽ ജോസഫിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച പിജെ ജോസഫ്  ഈ നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ ജനപ്രതിനിധി കൂടിയാണ്.  1941 ജൂണ്‍ 28-ന് ജനിച്ച പിജെ ജോസഫ് മധ്യ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായകമായ കേരള കോൺഗ്രസിന്റെ അമരക്കാരൻ കൂടിയാണ്. കേരള കോൺഗ്രസ് പാർട്ടികളിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും സീനിയറായ നേതാവ്.

    1970ൽ തൊടുപുഴയിൽ ഇടത് സ്ഥാനാർഥി യു.കെ. ചാക്കോയെ 1635 വോട്ടുകൾക്ക് തോൽപ്പിച്ചാണ് പിജെ ജോസഫിന്റെ തെരഞ്ഞെടുപ്പ് പടയോട്ടം തുടങ്ങിയത്. 2001 ൽ ഇടത് മുന്നണി സ്ഥാനാർഥി ആയിരിക്കെ പി ടി തോമസിനോട് 6125 വോട്ടുകൾക്ക് തോറ്റത് മാറ്റിനിർത്തിയാൽ 11ൽ പത്തു തവണയും വിജയിച്ച് തൊടുപുഴയുടെ നായകനായി. 2016 ൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായ 45823 ൽ ജോസഫ് വിജയിച്ചു. 2021 ൽ ഇടത് തരംഗത്തിലും തൊടുപുഴ പിജെ ജോസഫിനെ കൈവിട്ടില്ല.

    നിയമസഭ തെരഞ്ഞെടുപ്പിലെ തേരോട്ടം പോലെ ആയിരുന്നില്ല ലോകസഭ തെരഞ്ഞെടുപ്പ് മത്സരങ്ങളിൽ പിജെ ജോസഫിന്റെ പോരാട്ടങ്ങൾ. 1989ൽ അത് വരെ ഉണ്ടായിരുന്ന കോൺഗ്രസ്‌ ബന്ധം അവസാനിപ്പിച്ച് യുഡിഎഫിൽ നിന്ന് മാറി ജോസഫ് ഗ്രൂപ്പായി നിന്ന്  മൂവാറ്റുപുഴ ലോക്സഭാ സീറ്റിൽ നിന്ന് ജനവിധി തേടി. മൂന്നാം സ്ഥാനത്തായിരുന്നു പിജെ ജോസഫിന്റെ വോട്ട്. തൊട്ടുപിന്നാലെ  ഇടതുമുന്നണിയിൽ എത്തിയ പി ജെ ജോസഫ് 1991 ൽ ഇടുക്കി ലോക്‌സഭ സീറ്റിൽ മത്സരിച്ചെങ്കിലും അവിടെയും പരാജയം.

    ആഭ്യന്തരം മുതൽ നിർണായക വകുപ്പുകൾ, വിവാദങ്ങളിൽ രാജിയും

    അധികം ആർക്കും ലഭിക്കാത്ത പ്രധാനപ്പെട്ട വകുപ്പുകൾ ചെറുപ്രായത്തിൽ തന്നെ കൈകാര്യം ചെയ്യാൻ ആയി എന്നതാണ് പിജെ ജോസഫിന്റെ രാഷ്ട്രീയ കരിയറിലെ ഒരു പ്രത്യേകത.1978 ജനുവരിയിൽ ആണ് ജോസഫിനെ തേടി ആ ഭാഗ്യം വന്നത്. ജനുവരി 14-ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ.എം.മാണിയും വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയയും തെരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ ആഭ്യന്തര മന്ത്രിയാകാൻ നിയോഗിക്കപ്പെട്ടത് പി.ജെ.ജോസഫ്. ചുരുങ്ങിയ കാലത്തേക്ക് ആണെകിലും സർക്കാറിലെ പ്രധാനപെട്ട വകുപ്പിൽ ജോസഫ് തിളങ്ങി.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ  ആഭ്യന്തര മന്ത്രിയായിരുന്നു അന്ന് പിജെ ജോസഫ്. 1978 സെപ്റ്റംബറില്‍ കെ.എം. മാണിയേയും സി.എച്ച്.മുഹമ്മദ് കോയയേയും  കോടതി കുറ്റവിമുക്തരാക്കിയപ്പോൾ പി.ജെ.ജോസഫ് മന്ത്രിസ്ഥാനം ഒഴിഞ്ഞു.

    1980 -ല്‍ കെ.കരുണാകരൻ  മന്ത്രിസഭയില്‍ ഗ്ലാമർ വകുപ്പ് ആയ റവന്യു-വിദ്യാഭ്യാസ-എക്‌സൈസ് വകുപ്പു മന്ത്രിയായി. 1982-87 -ല്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രിയായി. ഇക്കാലയളവില്‍ തലചായ്ക്കാനിടമില്ലാത്ത നാലു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടുനിര്‍മ്മിച്ചു നല്‍കിയത് ചരിത്രം.  പിന്നീട് കണ്ടത് മറ്റൊരു പിജെ ജോസഫിനെ ആണ്. വലതു മുന്നണി രാഷ്ട്രീയം ജോസഫ് അവസാനിപ്പിച്ച് 1991 ൽ ഇടത് മുന്നണിയിൽ എത്തി. ജോസഫ് 1996 -ല്‍ നായനാർ സർക്കാരിൽ വിദ്യാഭ്യാസ - പൊതുമരാമത്ത് - രജിസ്‌ട്രേഷന്‍ - ഭവന നിര്‍മ്മാണ വകുപ്പു മന്ത്രിയായി. കോളേജുകളിൽ നിന്ന് പ്രീഡിഗ്രി മാറ്റി സ്കൂളുകളിൽ പ്ലസ്ടു കോഴ്സ് തുടങ്ങിയത് പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്.

    You may also like:പീഡനക്കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്ഐ നേതാവിനെയും പിടികൂടാനാകാതെ പൊലീസ്; വിമർശിച്ച് കെ.കെ.രമ

    2006 -ല്‍  കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പു മന്ത്രിയായിരിക്കെ നടന്ന വിമാനയാത്രാ വിവാദം ആണ് ജോസഫിനെ പ്രതിസന്ധിയിലാക്കിയത്. മന്ത്രിസഭയിൽ തുടരാൻ ആകാതെ പ്രതിഷേധങ്ങളിൽ പെട്ട് സെപ്റ്റംബര്‍ 4-നു വിമാനയാത്രയിൽ  രാജിവച്ചു. കേസിൽ കുറ്റവിമുക്തനായതോടെ പി ജോസഫ് വീണ്ടും ഉയർത്തെഴുന്നേറ്റു. 2009 ഓഗസ്റ്റ് 17-ന് വീണ്ടും മന്ത്രിസ്ഥാനമേറ്റു. പിന്നെ നടന്നത് രാഷ്ട്രീയ കളികളുടെ കാലം. ഐക്യ കേരള കോൺഗ്രസ് സ്ഥാപിക്കുന്നതിനായി 2010 മാര്‍ച്ചില്‍ മന്ത്രിസ്ഥാനം രാജിവച്ച് എല്‍.ഡി.എഫ്. വിട്ടു.

    കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ നിലപാടുകളിലെ കണിശക്കാരൻ

    കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ എം മാണിക്ക് ഒപ്പം ശക്തനായ നേതാവായിരുന്നു പിജെ ജോസഫ്. 1989 ന് ശേഷം യുഡിഎഫിൽ കെഎം മാണിയും എൽഡിഎഫിൽ പിജെ ജോസഫും കരുത്തരായി നിന്നു. ഇരുപക്ഷത്ത് നിൽക്കാതെ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന ചർച്ചകൾ എല്ലാ കാലത്തും കേരള കോൺഗ്രസിൽ ഉണ്ടായിരുന്നു. അങ്ങനെ ഒരു ചർച്ചയിൽ ആണ് 2010 ലെ ജോസഫ്-മാണി ലയനം സംഭവിച്ചത്. 23 വർഷത്തിനുശേഷം ആണ് കെഎം മാണിക്കൊപ്പം ജോസഫ് എത്തിയത്.

    ലയനത്തിൽ ഏറെ നഷ്ടം സഹിച്ചത് ജോസഫ് ഗ്രൂപ്പ് ആയിരുന്നു. നിയമസഭാ സീറ്റുകൾ ഉൾപ്പെടെ ചുരുങ്ങി. ലയിച്ച് കേരള കോൺഗ്രസ് എമ്മിൽ എത്തിയ പി ജെ ജോസഫ് പലപ്പോഴും തന്റെ അതൃപ്തി പരസ്യമാക്കി. കെഎം മാണിയെ മറയാക്കി അധികാരം പിടിക്കാനുള്ള ജോസ് കെ മാണിയുടെ നീക്കങ്ങളായിരുന്നു ജോസഫിനെ രോഷാകുലനാനാക്കിയത്. 2019ൽ കോട്ടയം ലോക്സഭാ സീറ്റ് ചോദിച്ചതും,  പിന്നീട് രാജ്യസഭാ സീറ്റിനായി നീക്കം നടത്തിയതും എല്ലാം  വലിയ വാർത്തകളായി.

    മാണി മരിച്ചതോടെ പാലായിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോസ് ഭാഗം തോൽക്കുന്നതിന് ജോസഫിന്റെ നിലപാടുകൾ നിർണായകമായിരുന്നു. ഒടുവിൽ വീണ്ടും ഒരു പിളർപ്പ്. തുടക്കം മുതൽ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായക നീക്കം നടത്തിയ പി ജെ ജോസഫിന് അവസാനം രണ്ടില ചിഹ്നത്തിനും പാർട്ടിയുടെ പേരിനും ആയി നടത്തിയ നീക്കം പരാജയപ്പെട്ടു. മുൻപ് കുതിര ചിഹ്നത്തിനായി നടത്തിയ നീക്കം വിജയിച്ചത് പോലെ ആയിരുന്നില്ല ഇത്തവണ. തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ജോസ് കെ മാണിക്ക് ഒപ്പംനിന്നു. ഒടുവിൽ ജോസ് കെ മാണി ഇടതുമുന്നണിക്കൊപ്പം ചേർന്നപ്പോൾ യുഡിഎഫിൽ നിന്ന ജോസഫിന് ഇത്തവണ രണ്ടു സീറ്റിൽ മാത്രമേ വിജയിക്കാൻ ആയുള്ളൂ.

    എൺപതാം വയസ്സിലും രാഷ്ട്രീയക്കാരന് അപ്പുറം ലക്ഷണമൊത്ത കർഷകൻ കൂടിയാണ് പിജെ ജോസഫ്. പുറപ്പുഴയിലെ വിശാലമായ പറമ്പിൽ വിവിധയിനം പശുക്കളും കൃഷികളും ഒക്കെയായി കോവിഡ് കാലത്തെ അതിജീവിച്ച് രാഷ്ട്രീയ പ്രവർത്തനത്തിനായി കാത്തിരിക്കുകയാണ് പിജെ ജോസഫ്. ആരോഗ്യവകുപ്പ്  അഡീഷണൽ ഡയറക്ടറായി വിരമിച്ച ഡോക്ടർ ശാന്തയാണ് ഭാര്യ.

    തന്റെ പിൻഗാമിയായി മകൻ അപു ജോസിഫിനെ പിജെ ജോസഫ്  രംഗത്ത് ഇറക്കിക്കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അപു മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മത്സരത്തിൽ നിന്ന് വിട്ടു നിന്ന അപുവിന് പാർട്ടി ഉന്നതാധികാര സമിതി അംഗത്വം നൽകി ആണ് ജോസഫ് പിൻഗാമി ആക്കിയത്. യമുന, ആന്റണി, പരേതനായ ജോ എന്നിവരും മക്കളാണ്.
    Published by:Naseeba TC
    First published: